പെരുമ്പാവൂര്‍: യുഡിഎഫ് ഭരണം നടത്തിവരുന്ന വെങ്ങോല ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാര്‍ അംഗീകരിച്ച നാല് കോടിയുടെ ഭവന പദ്ധതി അട്ടിമറിക്കപ്പെട്ടതായി മുസ്ലീം യൂത്ത് ലീഗ് വെങ്ങോല പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. കോണ്‍ഗ്രസും മുസ്ലീം ലീഗും ചേര്‍ന്നാണ് വെങ്ങോലയില്‍ ഭരണം നടത്തിവരുന്നത്. ഇവിടെ വൈസ് പ്രസിഡന്റ് റൗഫിയ ഇബ്രാഹീം അടക്കം മൂന്ന് ലീഗ് അംഗങ്ങളാണ് ഭരണ സമിതിയിലുള്ളത്. എന്നാല്‍ പഞ്ചായത്ത് മുന്‍കൈ എടുത്ത് നടപ്പിലാക്കുന്ന ഹൃദയതാളം പദ്ധതിയില്‍ ക്രമക്കേട് നടന്നതിനാല്‍ ലീഗ് അംഗങ്ങള്‍ വെങ്ങോലയില്‍ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞിരുന്നു. ഇതിനിടയിലാണ് ആരോപണവുമായി യൂത്ത് ലീഗ് രംഗത്തെത്തിയിരിക്കുന്നത്.
നാല് കോടിയോളം രൂപയുടെ അട്ടിമറി നടത്തിയ പഞ്ചായത്ത് ഭരണസമിതി ഭവനരഹിതമായ നിരവധിപേരെ വ്യാമോഹിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബറില്‍ നടന്ന പദ്ധതി രൂപീകരണ വികസന സെമിനാറിലാണ് 4 കോടി അനുവദിച്ചത്. എന്നാല്‍ ഇതില്‍ ഒരു രൂപ പോലും പഞ്ചായത്ത് ചെലവഴിച്ചിട്ടില്ല. ഇതേ പദ്ധതിക്കായി രണ്ട് കോടിയുടെ വായ്പയും ലോകബാങ്കില്‍ നിന്നും രണ്ട് കോടി പ്രതീക്ഷിക്കുന്നതായി പദ്ധതിനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരം വായ്പകളും സഹായങ്ങളും ലഭ്യമാക്കുന്നതില്‍ പഞ്ചായത്ത് പരാജയമായിരുന്നതായും യൂത്ത്ലീഗ് ആരോപിച്ചു.
ഇഎംഎസ് ഭവന പദ്ധതിപ്രകാരം സഹായം ലഭിക്കുന്നതിന് അപേക്ഷ നല്കികാത്തിരിക്കുന്ന എണ്ണൂറിലേറെ കുടുംബങ്ങളുടെ പ്രതിഷേധത്തെ തടയിടാനുള്ള തട്ടിപ്പ് മാത്രമാണ് ഇപ്പോഴത്തെ ഭവന പദ്ധതിയെന്നും ആരോപണമുണ്ട്. ഭവനപദ്ധതിക്കായി സെമിനാര്‍ അംഗീകരിച്ച 4 കോടി രൂപ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനത്തെ ബോധിപ്പിക്കുവാന്‍ ഭരണസമിതി തയ്യാറാകണമെന്നും ആവശ്യമുയരുന്നുണ്ട്. വികസന പദ്ധതിക്കായി 9.3 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. പ്രസിഡന്റ് എം.എം.അവറാന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്ത പദ്ധതിക്കെതിരെയാണ് യൂത് ലീഗ് രംഗത്ത് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: