കൊച്ചി: മെട്രോ റെയില്‍ പദ്ധതിയില്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് രണ്ടാം ഘട്ട സ്ഥലമെടുപ്പിന് നടപടിയായതായി ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു. 15 സ്റ്റേഷനുകള്‍ക്കും പാര്‍ക്കിങ് അടക്കമുള്ള അനുബന്ധ സൗകര്യങ്ങള്‍ക്കും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 4 (1) വിജ്ഞാപനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. ഏഴ് സ്റ്റേഷനുകള്‍ക്കും രണ്ട് വയഡക്ടുകള്ക്കും ശീമാട്ടി കോറിഡോറിനുമുള്ള സ്ഥലം ഏറ്റെടുക്കല്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കവെയാണ് രണ്ടാംഘട്ടത്തിലേക്ക് ജില്ല ഭരണകൂടം കടന്നിരിക്കുന്നത്.
ഏഴ് സ്റ്റേഷനുകള്‍ക്കും പാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്കും ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ വിലനിര്‍ണയം ഈയാഴ്ച പൂര്‍ത്തീകരിക്കും. കലൂര്‍ സ്റ്റേഷന്റേതൊഴികെ മറ്റ് സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ വില സംബന്ധിച്ച് ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി ഉടമകളുമായി നാളെ കളക്ടറേറ്റില്‍ നടത്തുന്ന ചര്‍ച്ചയില്‍ ധാരണയിലെത്തും. കലൂര്‍ സ്റ്റേഷന്റെ സ്ഥലമെടുപ്പിന് ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം മുന്നോട്ടു പോകാനാണ് തീരുമാനം.
പൂണിത്തുറ വില്ലേജില്‍ തൈക്കൂടം, പേട്ട സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ വില നിര്‍ണയം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ഉച്ചയ്ക്ക് മൂന്നിനാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. അഞ്ചാംവട്ട ചര്‍ച്ചയാണ് നാളെ നടക്കുന്നത്. ഇതില്‍ തീരുമാനമായില്ലെങ്കില്‍ ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം മുന്നോട്ടു പോകാന്‍ ജില്ല ഭരണകൂടം നിര്‍ബന്ധിതമാകും. നാലു മണിക്ക് ആലുവ വെസ്റ്റ് വില്ലേജില്‍ മുട്ടം, അമ്പാട്ടുകാവ് സ്റ്റേഷനുകള്‍ക്കും പുളിഞ്ചോട് വയഡക്റ്റിനും ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില നിര്‍ണയം നടക്കും. അഞ്ചു മണിക്കാണ് തൃക്കാക്കര വില്ലേജിലെ കൊച്ചി സര്‍വകലാശാല (കുസാറ്റ്) സ്റ്റേഷനുമായി ബന്ധപ്പെട്ട സ്ഥലവില നിര്‍ണയം.
ഇടപ്പള്ളി നോര്‍ത്ത് വില്ലേജില്‍ ഇടപ്പള്ളി ഹൈസ്ക്കൂള് സ്റ്റേഷനു വേണ്ടി ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ വില സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ജില്ല തല പര്‍ച്ചേസ് കമ്മിറ്റിയില്‍ ധാരണയിലെത്തിയിരുന്നു. ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ക്കായും കമ്മിറ്റി ചേരും. സെന്റിന് 24 ലക്ഷം രൂപയാണ് ഇടപ്പള്ളിയില്‍ ഉടമകളുമായി ധാരണയിലെത്തിയിരിക്കുന്ന നിരക്ക്.
രണ്ടാംഘട്ടത്തില്‍ കമ്പനിപ്പടി, കളമശ്ശേരി, പാലാരിവട്ടം, ലിസി, കലൂര്‍ സ്റ്റേഡിയം, മാധവഫാര്‍മസി, മഹാരാജാസ് കോളേജ്, കടവന്ത്ര ജി.സി.ഡി.എ എന്നീ സ്റ്റേഷനുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 4(1) വിജ്ഞാപനമാണ് ഉടനെ പ്രതീക്ഷിക്കുന്നതെന്ന് മെട്രോ റെയില്‍ ഡപ്യൂട്ടി കളക്ടര്‍ കെ.പി. മോഹന്‍ദാസ് പിള്ള പറഞ്ഞു. വൈറ്റില മൊബിലിറ്റി ഹബ്ബ് അടക്കം മറ്റ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട നടപടികളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: