കൊച്ചി: കര്‍മശേഷിയുള്ള യുവതലമുറയെ വാര്‍ത്തെടുക്കാന്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ശശി തരൂര്‍ പറഞ്ഞു. വിദ്യാഭ്യാസമെന്നത് അറിവുനേടുന്നതിനപ്പുറം ജീവിതത്തിന്റെ വെല്ലുവിളികളെയും പ്രതിസന്ധികളെയും തരണം ചെയ്യാന്‍ പ്രാപ്തമാക്കുന്ന ഒന്നാണ്. ലോകത്തെ അറിഞ്ഞ് അതുവഴി ജനങ്ങളെ സേവിക്കാന്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈബി ഈഡന് എംഎല്‍എയുടെ റീച്ച് ഔട്ട് പരിപാടിയുടെ ഭാഗമായി എസ്എസ്എല്‍സി, പ്ലസ് ടു, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുള്ള എംഎല്‍എ അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിന്റെ ലക്ഷ്യവും ജനങ്ങളെ സേവിക്കുകയാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരാണ് രാഷ്ട്രീയപ്രവര്ത്തകരാകുന്നതെന്ന കാഴച്ചപാട് മുന്‍പുണ്ടായിരുന്നെങ്കിലും ഇന്നതു മാറി. മികച്ച വിദ്യാസമ്പന്നരായ ആളുകളാണ് ഇന്നത്തെ രാഷ്ട്രീയക്കാരില്‍ ഏറെയും. രാജ്യത്തിനുവേണ്ടിമാത്രമല്ല ലോകത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുംവിധം കര്‍മശേഷിയുള്ള യുവതലമുറയെ വാര്‍ത്തെടുക്കാന്‍ നമ്മുടെ വിദ്യാഭ്യാസത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളുടെ എണ്ണത്തില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഏറെ മുന്നിലാണ്. സാമ്പത്തിക മുന്നേറ്റം നടത്തുന്ന ചൈന പോലുള്ള രാജ്യങ്ങളില്‍ ശരാശരി പ്രായം അമ്പത് വയസായിരിക്കുമ്പോള്‍ ഇന്ത്യയിലത് 29 ആണ്. അടുത്ത 25 വര്‍ഷം കഴിയുമ്പോള്‍ ചെറുപ്പക്കാരുടെ എണ്ണം ഇനിയും കൂടും. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താന്‍ കഴിയണം. അതിന് രാജ്യത്തിന്റെയും പാര്‍ലമെന്റിലെയും ശരാശരി പ്രായത്തിന്റെ അന്തരം കുറയ്ക്കണം. 69 വയസാണ് പാര്‍ലമെന്റിലെ ഇപ്പോഴത്തെ ശരാശരി പ്രായം. ഏറെ അനുഭവ സമ്പത്തുള്ളവരാണ് പാര്ലമെന്റിലുള്ളതെങ്കിലും മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള വികസനം സാധ്യമാക്കാന്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ ശേഷിയുള്ള യുവ ജനപ്രതിനിധികളെയാണ് വേണ്ടത്.
രാജ്യത്തിന്റെ സുരക്ഷിതമായ ഭാവിക്ക് സാമ്പത്തിക വളര്‍ച്ച ആവശ്യമാണ്. സാമ്പത്തിക വളര്‍ച്ച നേടുന്നതിനൊപ്പം പാവപ്പെട്ടവരുടെ താല്പര്യങ്ങള് സംരക്ഷിക്കുകയും വേണം. കൂടുതലായി വിദേശ നിക്ഷേപം കൊണ്ടുവരുന്നതുവഴി രാജ്യത്തെ തൊഴിലില്ലായ്മ പ്രശ്നത്തിനു പരിഹാരമാകും. പണം പാവപ്പെട്ട ജനങ്ങളുടെ സേവനത്തിനായി ഉപയോഗപ്പെടുത്താനുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളം മണ്ഡലത്തിലുള്ള എസ്എസ്എല്‍സി, പ്ലസ് ടു, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 1200 വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത്. കൂടാതെ ഉന്നത വിജയം നേടിയ എസ്.സി., എസ്.ടി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍ക്കും പ്രത്യേക പുരസ്കാരങ്ങള്‍ നല്കി.
എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വി.ശ്രീറാം, ആല്‍ബി ജോണ്‍ വര്‍ഗീസ് എന്നിവരെ കേന്ദ്രമന്ത്രി ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടി 1200 വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ എംഎല്‍എ അവാര്‍ഡ് വിതരണം ചെയ്തു. മേയര്‍ ടോണി ചമ്മണി, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ആര്. ത്യാഗരാജന്, കൗണ്‍സിലര്‍ ലിനോ ജേക്കബ്, ചേരാനെല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സുരേഷ് ബാബു, ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍, നടന് ആസിഫ് അലി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: