നാല്‍പ്പത്തി ഒന്‍പതോളം വ്യത്യസ്ത പക്ഷിവര്‍ഗ്ഗങ്ങള്‍ ലോകത്തിലെ പലഭാഗങ്ങളില്‍ നിന്നും വിരുന്നെത്താറുണ്ടിവിടെ. അവര്‍ക്കെല്ലാം, അല്ല അവരെപ്പോലെ പതിനായിരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ പോരുന്നതാണ് പതിമൂന്ന് ഏക്കറിലേറെ വരുന്ന പുട്ടെനഹള്ളി തടാകം. പക്ഷേ തടാകത്തിന്റെ രക്ഷക്ക് ഒരു രക്ഷകന് കേരളത്തില്‍നിന്ന് വരേണ്ടിവന്നു. അല്ലെങ്കില്‍ ഇങ്ങനെ പറയാം, അയല്പക്കമായ കര്‍ണാടകയിലെ പ്രകൃതി സമ്പത്തിന്റെ കാവലാകാന്‍ കേരളത്തിനു വിധിയുണ്ടായി.
വര്‍ഷങ്ങളായി ലെയ്ക്ക് ഇംപ്രൂവ്മെന്റ് ട്രസ്റ്റ് വലിയ ഒരു യുദ്ധത്തിലായിരുന്നു, ഒരിക്കലും കീഴടക്കാന്‍ കഴിയില്ലെന്ന് വിശ്വസിച്ച ഒരു ശത്രുവിനെതിരെ. രക്തബീജാസുരനെപ്പോലെ നശിപ്പിക്കും തോറും ഇരട്ടിക്കുന്ന, പ്രാണവായുവും പ്രകാശവും നിഷേധിച്ച് ,തടാകത്തില്‍ ഇരുണ്ട പച്ചനിറത്തില്‍ കൂടാരം തീര്‍ത്ത്, വിദേശത്തുനിന്നും എത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് അന്നം പോലും നിഷേധിക്കുന്ന ഒരു ശത്രു സാല്‍വേനിയ മൊളെസ്റ്റാ ആഫ്രിക്കന്പായലിനെതിരേ.
ഒരുകാലത്ത് വന്‍മത്സ്യങ്ങള്‍ നിറഞ്ഞ പുട്ടെനഹള്ളി തടാകത്തില്‍ ശുദ്ധവായു കിട്ടാതെ അവ ചത്തു പൊങ്ങുമായിരുന്നു, ആഹാരം തേടിയെത്തുന്ന പക്ഷിക്കൂട്ടങ്ങള്‍ ചുറ്റുമുള്ള കാടുകളിലായിരുന്നു കൂടുകള്‍ ഒരുക്കിയിരുന്നത്. ക്രമേണ ഇരുണ്ട മൂടുപടം കണക്കെ പായല്‍ തടാകത്തെ വിഴുങ്ങി. അശുദ്ധ ജലം ചുറ്റും ദുര്‍ഗന്ധത്തിന്റെ വിഷക്കാറ്റു വീശി. ജെ.പി.നഗറിലെ കുടിവെള്ളത്തിനും അന്തരീക്ഷ ഊഷ്മാവിനും രക്ഷകനായിരുന്ന തടാകം, മാലിന്യക്കൂമ്പാരമായി. കുറേക്കാലം സമൂഹത്തിനു രക്ഷകനായിരുന്ന തടാകം ജനശത്രുവായി.
എന്നാല്‍ കഴിഞ്ഞ ട്രസ്റ്റ് അംഗങ്ങള്‍ യുദ്ധരംഗത്തേക്ക് ഒരു പുതിയ അജയ്യനായ യോദ്ധാവിനെ ഇറക്കി. ഷട്ഭുജങ്ങളും കൂര്‍ത്ത തേറ്റകളുമുള്ള ഒരു കൊച്ചുകീടം സാല്‍വേനിയ വീവില്‍ (പായല്‍ തീനി). രണ്ടു മില്ലി മീറ്റര്‍ മാത്രം വലുപ്പമുള്ള ആ കീടത്തിന്റെ ലാര്‍വ പായലിന്റെ പരാഗണത്തിനു കാരണമാവുന്ന മൊട്ടുകള്‍ തിന്നൊടുക്കുമ്പോള്‍ തീരാവിശപ്പുള്ള കീടങ്ങള്‍ ഇലകളെ ഭക്ഷണമാക്കും. അങ്ങനെയങ്ങനെ തടാകത്തിലെ മലിനീകരണക്കാരനായ പായലിനെ കീടങ്ങള്‍ വകവരുത്തി. അതിനു വഴിയൊരുക്കിയതോ കേരളത്തിലെ തൃശൂര്‍ മണ്ണൂത്തി കേരളകാര്‍ഷിക സര്‍വകലാശാലയും. പലപ്രാവശ്യം ട്രസ്റ്റിന്റെ സന്നദ്ധ സേവകര്‍ തടാകത്തില്‍ ഇറങ്ങി നീക്കം ചെയ്തിട്ടും ആസുര വേഗത്തില്‍ വളര്‍ന്ന പായല്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയില്ലെന്ന് ഭയന്നും നിരാശപ്പെട്ടുമിരിക്കവേയാണ് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്ടി കള്‍ച്ചര്‍ ഉദ്യോസ്ഥര്‍ കേരളകാര്‍ഷിക സര്‍വകലാശാലയുടെ സഹായം തേടാന്‍ ഉപദേശിച്ചത്.
അങ്ങനെയാണ് സര്‍വകലാശാലയിലെ ഡോ.ലൈലയുടെ മുന്നില്‍ ഈ വിഷയം എത്തുന്നത്. ബംഗളൂരുവിലേക്ക് വരികയായിരുന്ന ചില സന്നദ്ധപ്രവര്‍ത്തകര്‍ ഒരു ചെറു പെട്ടിയില്‍ എത്തിച്ച കീടങ്ങള്‍ കഴിഞ്ഞ ദിവസം തടാകത്തില്‍ നിക്ഷേപിച്ചു. ഏതാനും മാസംകൊണ്ട് ആഫ്രിക്കന്‍ പായല്‍ നശിക്കും. വേരോടെ, കുലത്തോടെ….കാലവര്‍ഷത്തിനു മുന്‍പ് തന്നെ തടാകം മുക്കാലും വെള്ളം കൊണ്ടു നിറഞ്ഞു. അടുത്തകാലത്തൊന്നും ഇത്രയും ജലം തടാകത്തിലെക്കൊഴുകിയെത്തിയിട്ടില്ല. ബംഗളൂരുവിലെ നിരവധി തടാകങ്ങള്‍ ശരിയായി സംരക്ഷിക്കുകയാണെങ്കില്‍ വേനല്‍ക്കാലത്തെ ജല ദൗര്‍ലഭ്യത്തിനും മഴക്കാലത്ത് നഗരത്തെ ബാധിക്കുന്ന വെള്ളപ്പൊക്കത്തിനും അതു പരിഹാരമാകും, ട്രസ്റ്റിന്റെ സ്ഥാപകാംഗം ആയ ഉഷാ രാജഗോപാല്‍ പറയുന്നു.
ഏതാണ്ട് നഷ്ടപ്പെട്ട തടാകത്തിന് ഇപ്പോള്‍ ജീവന് വെച്ചിരിക്കുന്നു. നിരവധി പക്ഷിവര്‍ഗ്ഗങ്ങളും പൂമ്പാറ്റകളും കുഞ്ഞു സുന്ദര കീടങ്ങളും സന്ദര്‍ശകര്‍ക്ക് നയനസുഖം നല്കുന്നു.തടാകത്തിനു ചുറ്റും ഇരുനൂറോളം വൃക്ഷങ്ങളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. വീണ്ടും ഇവിടേക്ക് വിദേശ അതിഥികള്‍ പറന്നെത്താം. നാളെ ഇവിടം നഗരത്തിന്റെ മുഖ്യ വിനോദ സഞ്ചാര കേന്ദ്രമാകാം.
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: