പെരുമ്പാവൂര്‍: നാട്ടില്‍ പകര്‍ച്ചവ്യാധികളും മഴക്കാല രോഗങ്ങളും പടര്‍ന്ന് പിടിക്കുമ്പോഴും പെരുമ്പാവൂര്‍ ഇഎസ്ഐ ആശുപത്രിയിലെ കിടത്തി ചികിത്സ എന്ന തൊഴിലാളികളുടെ മോഹം രാഷ്ട്രീയ നേതൃത്വങ്ങളുടെ വാഗ്ദാനങ്ങളില്‍ ഒതുങ്ങുന്നു. ജില്ലയിലെ പ്രമുഖ ഇഎസ്ഐ ആശുപത്രികളിലൊന്നായ ഇവിടെ 100 കിടക്കകളുള്ള ആശുപത്രിയാക്കുമെന്ന് കഴിഞ്ഞ ജനുവരിയില്‍ ഇവിടം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞിരുന്നു. മാസങ്ങള്‍ ആര്കഴിഞ്ഞിട്ടും മന്ത്രിയുടെ വാക്കുകള്‍ വാഗ്ദാനം മാത്രമായി ഒതുങ്ങുന്നതായി ആക്ഷേപം ഉയരുന്നു.
പെരുമ്പാവൂര്‍ മേഖലയിലെ സ്വകാര്യകമ്പനികളില്‍ പണിയെടുക്കുന്ന തൊഴിലാളികളും അവരുടെ ആശ്രിതരുമാണ് ഇഎസ്ഐ ആശുപത്രിയുടെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നത്. മുപ്പതിനായിരത്തിലധികം വരുന്ന തൊഴിലാളി കുടുംബങ്ങള്‍ ഈ ആശുപത്രിയില്‍ ചികിത്സതേടുന്നുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. അതിനാല്‍ കിടത്തി ചികിത്സാസൗകര്യം അത്യാവശ്യമാണെന്നും ഇവര്‍ പറയുന്നു. ചെറിയ ചുമയും ജലദോഷവും ആയിവരുന്നവര്ക്ക് മാത്രമാണ് മരുന്നുകള്‍ നല്‍കുന്നതെന്നും ഗുരുതരരോഗങ്ങളുമായി വന്നാല്‍ കൂടുതല്‍ സൗകര്യമുള്ള ആശുപത്രികളിലേക്ക് അയക്കുകയാണ് പതിവെന്നും ആക്ഷേപമുണ്ട്.
അമ്പത് കോടിരൂപമുതല്‍ മുടക്കി പെരുമ്പാവൂരിലെ ഇഎസ്ഐ ആശുപത്രിയുടെ വികസനം നടത്തുമെന്നാണ് മന്ത്രി പറഞ്ഞിരുന്നുത്. അത്യന്താധുനിക ചികിത്സാ സൗകര്യങ്ങളോടുകൂടിയ ഒരാശുപത്രിയാക്കി ഇതിനെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി ഇഎസ്ഐ കോര്‍പ്പറേഷന്റെ ബോര്‍ഡ് യോഗത്തില്‍ തീരുമാനമാകുമെന്ന് കെ.പി.ധനപാലന് എംപിയും പറഞ്ഞിരുന്നെങ്കിലും യാതൊന്നും പ്രാവര്‍ത്തികമായിട്ടില്ല. ഇപ്പോള്‍ ഇവിടെ 2 ഡോക്ടര്‍മാര്‍ അടക്കം പത്തോളം ജീവനക്കാരുടെ സേവനമാണ് ലഭിക്കുന്നതെന്നും ഇവിടെയെത്തുന്ന രോഗികള്‍ പറയുന്നു.
പെരുമ്പാവൂര്‍ നഗരത്തിന്റെ തിരക്കൊഴിഞ്ഞ പ്രദേശത്ത് മുന്നേക്കറോളം വരുന്ന സ്ഥലത്താണ് ഇപ്പോള്‍ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ആശുപത്രി കെട്ടിടം കഴിഞ്ഞ് ബാക്കിയുള്ള സ്ഥലം കാട്കയറി നശോന്മുഖമായ അവസ്ഥയിലാണ്. ഈ സ്ഥലം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ വലിയൊരു ആശുപത്രിസമുച്ചയം തന്നെ ഇവിടെ പണിതുയര്ത്താനാകും. ഇപ്പോള്‍ ആശുപത്രി പ്രവര്‍ത്തിക്കുന്ന കെട്ടിടം വളരെ ശോചനീയമായ അവസ്ഥയിലാണുള്ളത്. രോഗികളുടെ ഫയലുകള്‍ സൂക്ഷിക്കുന്നതിന്വരെ ബുദ്ധിമുട്ടനുഭവിക്കുകയാണത്രേ.
എന്നാല്‍ ഏതുസമയത്തും വലിയ അപകടങ്ങള്‍ വരെ സംഭവിക്കാവുന്ന തരത്തിലുള്ള സ്വകാര്യകമ്പനികളിലെ തൊഴിലാളികളാണ് ഇവിടെ നിത്യേന എത്തുന്നത്. പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ ഇഎസ്ഐയുടെ തന്നെ ഏലൂരിലുള്ള ആശുപത്രിയാണ് മറ്റൊരാശ്രയം. പെരുമ്പാവൂരില്‍ ഈ ആശുപത്രി തുടങ്ങിയിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പഴയ അവസ്ഥയില്‍ തന്നെയാണ് പ്രവര്‍ത്തനം നടക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇഎസ്ഐ കോര്‍പ്പറേഷന്റെ സ്ഥലത്താണ് ആശുപത്രി കെട്ടിടം സ്ഥിതിചെയ്യുന്നതെന്നും, ജീവനക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലായതുമാണ് ഇവിടത്തെ വികസനമുരടിപ്പിന് കാരണമെന്നും പറയുന്നു. കേന്ദ്രവും കേരളവും ഒരു കൂട്ടര് തന്നെ ഭരിച്ചിട്ടും തൊഴിലാളികളുടെയും രോഗികളുടെയും സംരക്ഷണകാര്യങ്ങള്‍ വാഗ്ദാനങ്ങളില്‍ ഒതുക്കുന്നതില്‍ നാട്ടുകാര്‍ ദുഃഖിക്കുകയാണ്.
ടി.എന്‍. സന്തോഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: