മൂവാറ്റുപുഴ: അധ്യാപകര്‍ക്കാണ് കുട്ടികളെ പരിണാമം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. നിങ്ങള്‍ എന്ത് ചെയ്തു തരും എന്ന് ചോദിക്കുന്ന കുട്ടിയില്‍ നിന്നും നിങ്ങള്‍ക്കായി എനിക്ക് എന്ത് ചെയ്തു തരുവാന്‍ കഴിയുമെന്ന് ചോദിക്കുന്ന പൗരനാക്കുവാന്‍ സഹായിക്കുന്നത് അധ്യാപകരാണെന്ന് മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം പറഞ്ഞു. വിഷന്‍ 2020 എന്ന പേരില്‍ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ നിര്‍മ്മല ഹൈസ്കൂളില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്ക് ആവശ്യം സന്തോഷമുള്ള മഹത്തായ സമത്വഭാവനയുളള മൂല്യങ്ങളില്‍ അധിഷ്ടിതമായ പൗരന്മാരെയാണെന്നും ഇന്ത്യയിലെ ആറ് മില്യണ്‍ വരുന്ന യുവാക്കള്‍ക്ക് ഇന്ത്യയെ മുന്നോട്ട് നയിക്കുവാന്‍ സാധിക്കും. വലിയ ലക്ഷ്യങ്ങള്‍ സ്വപ്നം കാണുവാനും ചെറിയ ലക്ഷ്യങ്ങള്‍ കുറ്റമാണെന്നും, വിജ്ഞാനം ആര്‍ജ്ജിക്കേണ്ടത് ബുക്കുകളിലൂടെയും, അധ്യാപകരിലൂടെയും, മഹാന്മാരില് നിന്നുമാണെന്നും, കഠിനപ്രയത്നവും പിന്തുടര്ന്നുള്ള പ്രയത്നവും നമ്മെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുമെന്നും കുട്ടികളോട് പറഞ്ഞു.
സ്വന്തം അനുഭവങ്ങളില്‍ നിന്നുള്ള ഉദാഹരണത്തോടെ പ്രസംഗത്തിലുടനീളം വിദ്യാര്‍ത്ഥികളെ ലക്ഷ്യത്തിലേക്ക് നയിക്കുവാനുള്ള പ്രേരണ നല്‍കുകയായിരുന്നു അദ്ദേഹം. സമയനിഷ്ഠ പാലിക്കുവാന്‍ പഠിക്കണമെന്ന ഉപദേശത്തോടെ നിര്‍ത്തിയ പ്രസംഗത്തിന് ശേഷം ചോദ്യങ്ങള്‍ ചോദിക്കുവാന്‍ വിദ്യാര്‍ത്ഥി സദസ്സിനെ ക്ഷണിച്ചു. കൂടംകുളം ആണവനിലയത്തിന്റെ പ്രസക്തി എന്തെന്ന പത്താം ക്ലാസുകാരി കീര്‍ത്തി ബോസിന് സൂര്യ പ്രകാശം, കാറ്റ്, ഹൈഡ്രോ പവര്‍ എന്നിവയെ കൂടാതെ ന്യൂക്ലിയര്‍ പവര്‍ ഏറ്റവും സംശുദ്ധമായതാണെന്നും ടോറിയത്തിന്റെ ലഭ്യത ന്യൂക്ലിയര്‍ പവറിന്റെ ഉത്പാദനത്തിന് സഹായകമാവുമെന്നും കൂടം കുളത്തില്‍ ഇതിന്റെ സുരക്ഷയില്‍ ആശങ്ക വേണ്ടന്നും നാല് സുരക്ഷ വലകളാണ് കൂടംകുളത്തിനായി ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം വിവരിച്ചു കൊടുത്തു.
ചടങ്ങില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള നിരവധി പുരസ്കാരങ്ങളും വിതരണം ചെയ്തു.
മൂവാറ്റുപുഴയില്‍ രണ്ട് പരിപാടികളിലാണ് മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം പങ്കെടുത്തത്. ആദ്യത്തേത് നിര്‍മ്മല ഹൈസ്കൂളില്‍ കൃത്യം പത്തരയ്ക്ക് ആരംഭിച്ച് പതിനൊന്നേ മുക്കാലോടെ അവസാനിച്ചപ്പോള്‍ അടുത്ത സ്ഥലമായ ഇലാഹിയ കോളേജിലേക്ക് തിരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് അവിടെ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല. വേണ്ട വിധം സംഘടിപ്പിക്കാതെ നടത്തിയ പരിപാടിയില്‍ രണ്ടായിരത്തി അഞ്ഞൂറു പേര്‍ക്ക് ഇരിപ്പടം ഒരുക്കിയെന്ന് സംഘാടകര്‍ അവകാശപ്പെട്ടുവെങ്കിലും വിളിച്ചുവരുത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്ത്താക്കള്ക്കുമടക്കം താല്‍ക്കാലിക ഓഡിറ്റോറിയത്തില്‍ പ്രവേശിക്കുവാന്‍ സാധിച്ചില്ല. വി ഐ പി എത്തുന്നതിനു മുമ്പ് തന്നെ മാധ്യമപ്രവര്‍ത്തകര്‍ വേദിയില്‍ എത്തിയെങ്കിലും കടത്തിവിടില്ലെന്ന നിലപാടിലായി സുരക്ഷയ്ക്ക് ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഇതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: