കൊച്ചി: എറണാകുളം കരയോഗത്തിന്റെയും ‘മുദ്ര’ ട്രസ്റ്റിന്റേയും സഹകരണത്തോടെ ബാങ്ക് ജീവനക്കാരുടെ സാംസ്ക്കാരിക സംഘടനയായ ബീം നളചരിതം ഒന്നാം ദിവസം മേജര്‍ സെറ്റ് കഥകളിയും കലാമണ്ഡലം രാമന്‍കുട്ടി നായര്‍ അനുസ്മരണവും സംഘടിപ്പിക്കുന്നു. ജൂണ്‍ 7 വൈകിട്ട് 5 ന് ടിഡിഎം ഹാളില്‍. 5 മണിക്ക് നടക്കുന്ന രാമന്‍കുട്ടി നായര്‍ അനുസ്മരണത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് കലാമണ്ഡലം രാമന്‍കുട്ടി നായരെക്കുറിച്ച് നിര്‍മിച്ച് ഡോക്യൂമെന്ററിയുടെ പ്രദര്‍ശനവും പ്രശസ്ത കലാനിരൂപകന് വി.കലാധരന്‍ നടത്തുന്ന അനുസ്മരണ പ്രഭാഷണവും നടക്കും.
തുടര്‍ന്ന് നടക്കുന്ന നളചരിതം ഒന്നാം ദിവസം കഥകളിയില്‍ പ്രശസ്ത കഥകളി നടന് കലാമണ്ഡലം ഗോപി നളനായി രംഗത്ത് എത്തും. ആയിരക്കണക്കിന് കഥകളി രാവുകളെ ധന്യമാക്കിയിട്ടുള്ള ഗോപിയാശാന്റെ മാസ്റ്റര്‍ പീസ് വേഷങ്ങളിലൊന്നായ നളന് കേരളത്തിലങ്ങോളമിങ്ങോളമുള്ള കഥകളിക്കമ്പക്കാര്ക്ക് എത്ര കണ്ടാലും മതിവരാത്ത അഭിനിവേശമാണ്.
ദമയന്തിയായി കലാമണ്ഡലം ചമ്പക്കര വിജയനും നാരദനായി കലാമണ്ഡലം ഷണ്മുഖനും ഹംസമായി കലാമണ്ഡലം ശ്രീകുമാറും വേഷമിടുന്നു. ആര്.എല്‍.വി.പ്രമോദ്, ഫാക്ട് ബിജു ഭാസ്കര്‍ എന്നിവരാണ് തോഴിമാര്. കോട്ടക്കല്‍ മധുവും കലാനിലയം രാജീവും ചേര്‍ന്ന് നളചരിതത്തിലെ ഹൃദയഹാരിയായ പദങ്ങള്‍ ആലപിക്കുന്നു. കലാമണ്ഡലം ഉണ്ണികൃഷ്ണന് ചെണ്ടയും കലാനിലയം മനോജ് മദ്ദളവും കൈകാര്യം ചെയ്യുന്നു. ഉണ്ണായി വാര്യര്‍ രചിച്ച നളചരിതം ആട്ടക്കഥ നാലുദിവസങ്ങളായാണ് വിഭജിച്ചിട്ടുള്ളത്. അതിമനോഹരമായ പദങ്ങള്‍കൊണ്ടും നാടകീയ നിറഞ്ഞ വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ കൊണ്ടും സമ്പുഷ്ടമായ നളചരിതത്തിലെ നളനും ദമയന്തിയും തമ്മിലുള്ള കടുത്ത പ്രണയമാണ് ഒന്നാം ദിവസത്തിലെ കഥാഭാഗം. പരസ്പ്പരം അറിയാതെയുള്ള ദിവ്യപ്രണയം സഹായിയായെത്തുന്ന സുവര്‍ണ ഹംസത്തിന്റെ കൗശലത്താല്‍ ഫലപ്രാപ്തിയിലെത്തുമെന്നുറപ്പാകുന്നതുവരെയുള്ള ഭാഗമാണ് ഒന്നാം ദിവസത്തിലെ കഥയില്‍ ഇപ്പോള്‍ രംഗ അവതരിപ്പിച്ചുവരുന്നത്. 30-ാം വാര്‍ഷികം ആഘോഷിക്കുന്ന ബീമിന്റെ 369-ാമതു പ്രതിമാസ പരിപാടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: