വായുനിറച്ച ബലൂണിന്റെ കെട്ടഴിച്ചു വിട്ടാല്‍ എന്തു സംഭവിക്കും…ഏതാനും നിമിഷത്തിനുള്ളില്‍ വായു പുറത്തേക്കുപോയി ബലൂണ്‍ ചുരുങ്ങുന്നു. എന്നാല്‍ ബലൂണ്‍പോലെ വീര്‍ത്തുപോയ മനുഷ്യന്റെ ശരീരത്തെ കെട്ടഴിച്ച് വിട്ട് ചുരുക്കാന്‍ സാധിക്കുമോ?… എന്താ ചിന്തിക്കാന്‍ പോലും കഴിയുന്നില്ല, അല്ലേ…
ഏതാനും മാസങ്ങള്‍ കൊണ്ട് പൊണ്ണത്തടി കുറയ്ക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് സ്റ്റീഫന്‍ ഗുഡ്വിന്. 39 വയസ്സുള്ള ഗുഡ്വിന് ഒരു വര്‍ഷം കൊണ്ട് കുറച്ചത് പകുതിയോളം വണ്ണം. 54 ഇഞ്ചായിരുന്ന ഉദരമിപ്പോള് 34 ഇഞ്ചിലെത്തി. അത്ഭുതം സംഭവിച്ചത് ഒരു വര്‍ഷം കൊണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അതേപടി അനുസരിക്കുകയും ഒപ്പം സ്വപ്രയത്നവും കൊണ്ടാണ് ഗുഡ്വിന് ഇത് സാധിച്ചത്. 71 വയസ്സുള്ള ഗുഡ്വിന്റ പിതാവ് പറയുന്നു, “ഞങ്ങള്‍ക്ക് മകനെ നഷ്ടപ്പെടുമെന്നാണ് വിചാരിച്ചത്, എന്നാല്‍ അവന് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു”.
“ആദ്യമൊന്നും ആഹാരകാര്യത്തില്‍ ഞാന്‍ ശ്രദ്ധിക്കാറില്ലായിരുന്നു, ആരു പറഞ്ഞാലും കേള്‍ക്കാന്‍ കൂട്ടാക്കിയതുമില്ല. എനിക്ക് തോന്നുംപോലെ നടക്കും. രക്ഷകര്‍ത്താക്കളുടെ ഉത്കണ്ഠ കാര്യമാക്കിയിരുന്നില്ല. എന്തിനധികം പറയണം എന്റെ വണ്ണം കൂടുന്നതുപോലും മുമ്പ് ഗൗനിക്കില്ലായിരുന്നു”- ഗുഡ്വിന് പറയുന്നു. ഒരു നിയന്ത്രണവുമില്ലാതെയുള്ള ഭക്ഷണം പൊണ്ണത്തടിയനാക്കി. മൈക്രോ ഒവനില്‍ വച്ചിരിക്കുന്ന ഭക്ഷണവും കൊഴുപ്പുള്ളതും പതവരുന്നതുമായ ശീതപാനീയങ്ങളും അമിതമായി ഉപയോഗിക്കുമായിരുന്നു.
എന്നാല്‍ പൊണ്ണത്തടിയനായതോടെ കാര്യങ്ങള്‍ ആകെ മാറി. മറ്റുള്ളവര്‍ കളിയാക്കുന്നത് ഭയന്ന് വീട്ടില്‍ നിന്നു പോലും പുറത്തിറങ്ങാതെയായി. അങ്ങനെ വീട്ടിലിരുന്ന് തുടങ്ങിയതോടെ സ്റ്റീഫന്‍ ഗുഡ്വിനു ന്യുമോണിയയും പിടിപ്പെട്ടു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോവാനായി തിടുക്കം കൂട്ടി. പക്ഷേ അമിതവണ്ണം കാരണം മുറിയുടെ വാതില്‍ കടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് താനെന്ന് ഗുഡ്വിന് അപ്പോഴാണ് മനസ്സിലാക്കുന്നത്.
മെഡിക്കല്‍ വിദഗ്ധന്റെ സഹായത്തോടെ അഗ്നിശമന സേനാവിഭാഗത്തെ വിളിച്ചു വരുത്തി നന്നേ പാടുപെട്ട് ഒരു വിധത്തില്‍ ഗുഡ്വിനെ ആംബുലന്‍സില്‍ കയറ്റുകയായിരുന്നു.
ഇംഗ്ലണ്ടിന്റെ പ്രധാന നഗരമായ നൊട്ടിങ്കഹത്തിലെ ക്യൂന്‍സ് മെഡിക്കല്‍ സെന്ററില്‍ ഗുഡ്വിനെ എത്തിച്ചു. അടിയന്തരമായി അമിതവണ്ണം കുറച്ചില്ലെങ്കില്‍ രോഗി മരിച്ചു പോകുമെന്ന് ഗുഡ്വിനെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ വിധിയെഴുതി. അങ്ങനെ 2011 ഒക്ടോബറില്‍ ചികില്‍സ ആരംഭിക്കുകയായിരുന്നു. അപ്പോഴാണ് വീണ്ടും വീണ്ടും സുഖകരമല്ലാത്ത വിവരങ്ങള്‍ പുറത്തു വരുന്നത്. ന്യുമോണിയയ്ക്ക് പുറമേ വിവിധയിനം ഡയബറ്റിക്ക് അസുഖങ്ങളും മറ്റ് അനേകം രോഗങ്ങളും പിടിപെട്ടിരുന്നു. നാളത്തെ പ്രഭാതം കാണാന്‍ സാധിക്കുമൊ എന്ന ആശങ്കയിലായിരുന്നു അന്നൊക്കെ ഓരോ ദിവസവും തള്ളി നീക്കിയത്.
ഡോക്ടര്‍മാരും മറ്റും നല്കിയ പ്രേരണയും പിന്തുണയും ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കഴിയുമെന്ന അത്മവിശ്വാസമേകി. ചികില്‍സയുടെ ആദ്യപടിയായി ഉദരസംബന്ധമായ ശസ്ത്രക്രിയ ചെയ്തു. വികസിച്ച ആമാശയത്തെ ശസ്ത്രക്രിയയിലൂടെ ചുരുക്കുകയായിരുന്നു ഡോകടര്‍മാര്‍. 12 മാസത്തെ ക്രമമായ ജീവിതം, പോഷകാഹാരങ്ങളും വ്യായാമവും കൃത്യമാക്കി. ഒഴിവുസമയങ്ങളില്‍ ആഴ്ചയില്‍ നാല് ദിവസമെങ്കിലും ഓടാന്‍ പോയിത്തുടങ്ങി. ഇങ്ങനെ നിരന്തരമായ പ്രയത്നത്തിനൊടുവില്‍ പൊണ്ണത്തടി പകുതി കുറഞ്ഞു.
54 ഇഞ്ചില്‍ നിന്നും 34 ഇഞ്ചിലേക്ക് എത്തുകയായിരുന്നു ഈ കഠിനപ്രയത്നത്തിന്റെ ഫലം. അങ്ങനെ വെറും 12 മാസം കൊണ്ട് 20 ഇഞ്ചാണ് സ്റ്റീഫന്‍ ഗുഡ്വിന് കുറച്ചത്. താന്‍ ഇപ്പോള്‍ രോഗമുക്തനാണെന്നും കൂടുതല്‍ ഉത്സാഹവാനാണെന്നും ഗുഡ്വിന് പറയുന്നു. പക്ഷേ ഗുഡ്വിന് വലിയ ഒര പാഠമാണ്. അമിതമായ ആഹാരശീലവും വ്യായാമക്കുറവുമുള്ള ലോകത്തിലെ എല്ലാവര്‍ക്കുമുള്ള പാഠം.
ഭൃഗു രാമന് എസ്.ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: