മുംബൈ: ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ചെയര്മാന് രാജീവ് ശുക്ല രാജിവെച്ചു. താരങ്ങളും ടീം ഉടമകളുമൊക്കെ വാതുവയ്പ്പുകാരുടെ വലയില്‍ വീണെന്ന വാര്‍ത്തകളിലും അതേത്തുടര്‍ന്നുണ്ടായ കോലഹലങ്ങളിലും മനംമടുത്താണ് സ്ഥാനമൊഴിയുന്നതെന്ന് ശുക്ല വ്യക്തമാക്കി. ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദലെയും ട്രഷറര്‍ അജയ് ഷിര്‍ക്കെയും രാജിവച്ചതിനു പിന്നാലെയാണ് ശുക്ലയുടെ തീരുമാനം. ഇതോടെ ബിസിസിഐ പ്രസിഡന്റ് പദത്തില്‍ നിന്നിറങ്ങാന്‍ എന്‍. ശ്രീനിവാസനുമേല്‍ സമ്മര്‍ദ്ദം കൂടതല്‍ ശക്തമായി. ഐപിഎല്‍ ചെയര്‍മാന്റെ കാലാവധി ഒരുവര്‍ഷമാണ്. സാധാരണയായി ഇതു പുതുക്കി നല്‍കും. തുടര്‍ച്ചയായ മൂന്നാംപ്രാവശ്യം ചെയര്‍മാനാകാന്‍ ശുക്ലയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ ഇനിയൊരുവട്ടം കൂടി താനില്ലെന്നു പറഞ്ഞ് അദ്ദേഹം പിന്മാറുകയായിരുന്നു.
ഒരു പദവിക്കുവേണ്ടിയും കേഴുന്നില്ല. മത്സരങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു എന്റ ജോലി. അതു നന്നായി ചെയ്തു. വിവാദങ്ങള്‍ക്കിടയിലും ഐപിഎല്‍ ഗ്യാലറികള്‍ നിറഞ്ഞു കവിഞ്ഞിരുന്നു, ശുക്ല പറഞ്ഞു.
ഒരുസ്ഥാനത്തും കടിച്ചുതൂങ്ങിക്കിടക്കാന്‍ വയ്യ. ചെയര്മാന് സ്ഥാനം എനിക്കുതന്നു. അതൊരു വെല്ലുവിളിയായെടുത്ത് കഴിയുന്ന രീതിയില്‍ ജോലി ഭംഗിയാക്കി. ശ്രീനിവാസന് തുടരുന്നതിനെക്കുറിച്ച് ബോര്‍ഡ് അംഗങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ച നടക്കുന്നതായും ശുക്ല കൂട്ടിച്ചേര്‍ത്തു.
അതിനിടെ, വിഷയം ചര്‍ച്ചചെയ്യാന്‍ ബിസിസിഐ വര്‍ക്കിങ് കമ്മിറ്റി ഇന്ന് രാവിലെ 11ന് അടിയന്തരയോഗം ചേരും. നേരത്തെ ജൂണ്‍ എട്ടിന് യോഗം കൂടാനാണ് നിശ്ചയിച്ചിരുന്നത്. യോഗത്തില്‍ എന്‍. ശ്രീനിവാസന് രാജി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട.്
ഇതു സംബന്ധിച്ച് ശ്രീനിവാസന് ബോര്‍ഡിലെ ചില അംഗങ്ങളുമായി കൂടിയാലോചന നടത്തിയതായും സൂചനയുണ്ട്. ചില മുഖ്യമായ അറിയിപ്പുകളുണ്ടാകുമെന്ന് രാജീവ് ശുക്ലയും നേരത്തെ പറഞ്ഞിരുന്നു.
പക്ഷേ, സ്ഥാനം ഉപേക്ഷിക്കുന്നതിന് ശ്രീനിവാസന് മൂന്നു നിബന്ധനകള്‍ വയ്ക്കുമെന്നറിയുന്നു. അന്വേഷണത്തില്‍ കളങ്കരഹിതനാണെന്നു വ്യക്തമായാല്‍ അധ്യക്ഷപദവി തിരിച്ചുനല്‍കുക, ഐസിസി യോഗത്തില്‍ ബിസിസിഐയെ പ്രതിനിധീകരിക്കാന്‍ അനുവദിക്കുക, തനിക്കെതിരെ തിരിഞ്ഞ സഞ്ജയ് ജഗ്ദലെയെയും അജയ് ഷിര്‍ക്കെയെയും പുതിയ പാനലില്‍ ഉള്‍പ്പെടുത്താതിരിക്കുക തുടങ്ങിയവയാണവ. ഇവയോടുള്ള ബോര്‍ഡ് അംഗങ്ങളുടെ പ്രതികരണമനുസരിച്ചിരിക്കും ശ്രീനിവാസന്റെ അന്തിമ തീരുമാനമെന്നും വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: