കൊച്ചി: സിബിഐ ഉദ്യോഗസ്ഥന് ഹരിദത്ത് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിബിഐ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കേസ് ഡയറി സിബിഐ ഹൈക്കോടതിയില്‍ ഹാജരാക്കി. പാലക്കാട് സമ്പത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കവെയാണ് സിബിഐ ഡിവൈഎസ്പി ഹരിദത്ത് ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിബിഐ എസ്.ഐ മാരായ ഉണ്ണികൃഷ്ണനും രാജനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി. ഭവദാസന്‍ കേസ് ഡയറി ഹാജരാക്കാന്‍ സിബിഐയോട് നിര്‍ദേശിച്ചത്.
ഇതനുസരിച്ച് പ്രോസിക്യൂഷന് കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഹൈക്കോടതി സിബിഐയെയും കേസില്‍ കക്ഷി ചേര്‍ത്തു. കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഹരിദത്തിന്റെ ഭാര്യ നിഷാ ഹരിദത്തും കോടതിയില്‍ ഉപഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതും കൂടി പരിഗണിക്കാനായി കോടതി ജാമ്യഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി.
എന്നാല്‍ കേസില്‍ കക്ഷി ചേര്‍ക്കപ്പെട്ട സിബിഐ വിശദീകരണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. നേരത്തെ ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന് മറുപടിയില്ലായിരുന്നു. അതിനാലാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: