സാവോപോളോ: ബ്രസീലിന്റെ യുവ സൂപ്പര്‍താരമായി വിശേഷിപ്പിക്കപ്പെടുന്ന നെയ്മര്‍ സ്പാനിഷ് ഭീമന്മാരായ ബാഴ്സലോണയുമായി അഞ്ച് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു. കരാര്‍ തുക എത്രയാണെന്ന് ക്ലബ്ബോ താരമോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകദേശം 30 മില്ല്യണ്‍ പൗണ്ടിനാണ് ബാഴ്സ ഭാവിയിലെ പെലെ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നെയ്മറിനെ സ്വന്തമാക്കിയതെന്നാണ് വിവരം. ഏറെക്കാലമായി ഈ സൂപ്പര്‍താരത്തിന് പിന്നാലെയായിരുന്നു യൂറോപ്പിലെ പണച്ചാക്കുകളായ ക്ലബുകളെല്ലാം. റയല്‍ മാഡ്രിഡ്, ചെല്‍സി തുടങ്ങിയവരെല്ലാം നെയ്മറിന് വേണ്ടി വല വീശിയിരുന്നു.
ബാഴ്സയെക്കാള്‍ കൂടുതല്‍ തുക റയല്‍ മാഡ്രിഡ് ഓഫര്‍ ചെയ്തിരുന്നുവെങ്കിലും നെയ്മര്‍ ബാഴ്സയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. നെയ്മര്‍ യൂറോപ്പില്‍ കളിക്കുകയാണെങ്കില്‍ അത് ബാഴ്സക്ക് വേണ്ടി മാത്രമായിരിക്കുമെന്ന് നെയ്മറിന്റെ പിതാവ് തീര്‍ത്തുപറഞ്ഞിരുന്നു. 2010 മുതല്‍ ദേശീയ ടീമിന് വേണ്ടി കളിക്കുന്ന നെയ്മര്‍ 32 മത്സരങ്ങളില്‍ നിന്നായി 20 ഗോളുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്.
ബ്രസീലില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ബ്രസീലിന്റെ എല്ലാ പ്രതീക്ഷയും നെയ്മര്‍ എന്ന 21കാരനിലാണ്. വേഗതകൊണ്ടും ഡ്രിബ്ലിംഗ് പാടവം കൊണ്ടും മെസ്സിയടക്കമുള്ള സൂപ്പര്‍ താരങ്ങളോട് കിടപിടിക്കാന്‍ കഴിയുന്ന താരമാണ് നെയ്മര്‍. അതുകൊണ്ട് തന്നെ നെയ്മറുടെ ബാഴ്സയിലേക്കുള്ള ചുവടുമാറ്റം മറ്റൊരു ലോകോത്തര താരത്തിന്റെ സൃഷ്ടിയ്ക്കായിരിക്കും വഴിയൊരുക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.
ബാഴ്സലോണയില്‍ തന്റെ ചിരകാല അഭിലാഷമായ സൂപ്പര്‍താരവും നാല് തവണ ലോക ഫുട്ബോളറുമായ മെസ്സിക്കും ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരതാരങ്ങളായ സാവിക്കും ഇനിയേസ്റ്റയ്ക്കുമൊപ്പം കളിക്കാനാണ് പോകുന്നതെങ്കിലും അതിയായ സങ്കടത്തോടെയാണ് നെയ്മര്‍ സാന്റോസ് വിടുന്നത്.
മെസി, സാവി, ഇനിയസ്റ്റ എന്നിവര്‍ക്കൊപ്പം കളിക്കുക എന്റെ സ്വപ്നമാണ്. ലോകത്തെ ഏറ്റവും മികച്ച ക്ലബിന്റെ ഭാഗമാകാനായാണ് ഞാന്‍ പോകുന്നത്. ബാഴ്സയില്‍നിന്ന് വിളിയെത്തിയത് അഭിമാനിക്കാന്‍ വകനല്കുന്നതാണ്, നെയ്മര്‍ പറഞ്ഞു.
പെലെ കഴിഞ്ഞാല്‍ സാന്റോസിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള താരമെന്ന ബഹുമതിക്ക് അര്‍ഹനാണ് നെയ്മര്‍. 230 മത്സരങ്ങളില്‍ നിന്നായി 138 ഗോളുകളാണ് നെയ്മര്‍ സാന്റോസിനു വേണ്ടി നേടിയത്. സാന്റോസിന്റെ ജേഴ്സിയിലിറങ്ങിയ അവസാന മത്സരത്തില്‍ പക്ഷേ ഗോള്‍ നേടാന്‍ നെയ്മറിന് കഴിഞ്ഞില്ല. ഫ്ലമെംഗോയ്ക്കെതിരായ മത്സരത്തില്‍ സാന്റോസ് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: