കൊച്ചി:വനപാലകരെ മര്‍ദ്ദിച്ച കേസില്‍ കലാഭവന്‍ മണി രണ്ട് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി. ചോദ്യം ചെയ്യലിന് ശേഷം മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാകുന്ന മണിക്ക് ജാമ്യം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
അന്‍പതിനായിരം രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ട് ആള് ജാമ്യത്തിലുമായിരിക്കും ജാമ്യം അനുവദിക്കുക. മണിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മണി മുമ്പും സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു സര്‍ക്കാരിന്റെ വാദം.
അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മണിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. കഴിഞ്ഞ 15നായിരുന്നു കേസിന് ആസ്പദമായ സംഭവം. അതിരപ്പിള്ളിയില്‍ നിന്നുള്ള യാത്രയ്ക്കിടെ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട വനപാലകരെ മര്‍ദിച്ചെന്നും അവരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് കേസ്. സുഹൃത്തായ ഡോ.ഗോപിനാഥനോടും അദ്ദേഹത്തിന്റെ ഭാര്യയോടുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്. മര്‍ദ്ദനത്തില്‍ വനപാലകരില്‍ ഒരാളുടെ മുക്കിന്റെ എല്ലുപൊട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: