തൃശൂര്‍: വനപാലകരെ മര്‍ദിച്ച കേസില്‍ സിനിമാതാരം കലാഭവന്‍ മണിക്കെതിരെയുള്ള കേസുകള്‍ മുറുകുന്നു. മര്‍ദ്ദനത്തില്‍ വനപാലകരില്‍ ഒരാളുടെ മുക്കിന്റെ എല്ലുപൊട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ശിക്ഷ കിട്ടുന്ന വകുപ്പുകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ 15നായിരുന്നു കേസിന് ആസ്പദമായ സംഭവം. അതിരപ്പിള്ളിയില്‍ നിന്നുള്ള യാത്രയ്ക്കിടെ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട വനപാലകരെ മര്‍ദിച്ചെന്നും അവരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് കേസ്. സുഹൃത്തായ ഡോ.ഗോപിനാഥനോടും അദ്ദേഹത്തിന്റെ ഭാര്യയോടുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്.
സംഭവത്തിനുശേഷം നെറ്റിയില്‍ പരിക്കേറ്റിരുന്ന മണി ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം ബാംഗളൂരിലേക്ക് ഷൂട്ടിംഗിനു പോയതായിരുന്നു. പിന്നീട് മടങ്ങിവന്നിട്ടില്ല. തമിഴ്നാട്ടിലും മൈസൂരിലുമായി നടക്കുന്ന ഷൂട്ടിംഗില്‍ പങ്കെടുക്കുകയാണെന്നാണ് അറിയുന്നത്.
സംഭവത്തെ തുടര്‍ന്ന് മണി ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയിലും ഇതിനു ശേഷം മണിയുടെ വീട്ടിലും ഏറെ വൈകും വരെ മണിയുടെ പ്രതികരണം അറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ കാത്തുനിന്നെങ്കിലും മണി ആരെയും കാണാന്‍ തയാറായിരുന്നില്ല. മണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കുകയാണ്. നേരത്തെ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മുമ്പ് മണി പോലീസിനെ തല്ലിയ കേസ് റദ്ദാക്കിയതില്‍ വ്യാപകം വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് പോലീസ് നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: