ഒക്ലാഹോമാ: അമേരിക്കയിലെ മൂറെയുടെ പ്രാന്തപ്രദേശത്തുണ്ടായ ടൊര്ണാഡോയില് കൊല്ലപ്പെട്ടവരുടെ എണ്ണം നൂറിനടുത്തായി. ഇവരില്‍ 20 സ്കൂള്‍ വിദ്യാര്ത്ഥകളുണ്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ വീടുകളും സ്കൂളുകളും വലിയ കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്, (ഇന്‍ഡ്യന്‍ സമയം അര്‍ദ്ധ രാത്രികഴിഞ്ഞ്) ഉണ്ടായ ടൊര്ണാഡോയില് മുമ്പില്ലാത്ത വിധം നാശനഷ്ടമുണ്ടായി. ഇരുട്ടത്ത് രക്ഷാ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടു. ജീവന് രക്ഷിക്കാന്‍ നിരത്തുകളില്‍ രക്ഷപ്പെട്ടോടുന്ന ജനക്കൂട്ടത്തെ കാണാമായിരുന്നു. മിസ്സൗറിയിലെ ജോപ്ലിനില്‍ ഉണ്ടായ ടൊര്‍ണാഡോവില്‍ 161 പേര് കൊല്ലപ്പെട്ട രണ്ടു വര്‍ഷം മുമ്പത്തെ സംഭവത്തിനുശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്.
ഡോക്ടര്‍മാരുടെ സംഘം 51 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ 20 പേര് വിദ്യാര്‍ത്ഥികളാണ്. 230 ലേറെപേര്‍ പരിക്കേറ്റ് ചികിത്സക്കെത്തിയിട്ടുണ്ട്. ഇവരില്‍ 45 പേര് വിദ്യാര്‍ത്ഥികളാണ്. പ്ലാസാ ടവേഴ്സ് എലിമെന്ററി സ്കൂളിന്റെ തകര്‍ന്ന അവശിഷ്ടങ്ങളില്‍നിന്ന് ഡസനോളം വിദ്യാര്‍ത്ഥികളെ തെരച്ചില്‍ സംഘം രക്ഷപ്പെടുത്തി. ഈ സ്കൂളിനാണ് ടൊര്‍ണാഡോ ആക്രമണം നേരിട്ടുണ്ടായത്.
ദുരന്തത്തിന് 16 മിനിട്ടു മുമ്പ് കാലാവസ്ഥാ മുന്നറിയിപ്പുകാര്‍ ഇത്തരമൊരു വന്കാറ്റിനുള്ള സാധ്യത അറിയിച്ചിരുന്നു. എന്നാല്‍ അതിനനുസരിച്ചുള്ള കരുതല്‍ പ്രവര്‍ത്തനത്തിനുള്ള സാവകാശം കിട്ടിയില്ല. നാഷണല്‍ ഗാര്‍ഡ്, യുഎസ് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി തുടങ്ങിയവ സജീവമായി രക്ഷാ പ്രവര്‍ത്തനങ്ങളിലുണ്ട്. യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് സുരക്ഷാ ആവശ്യങ്ങള്‍ക്കു മാത്രമായി പരിമിതമായ വിമാന സര്‍വീസ് പ്രദേശത്തേക്കു നടത്തുന്നുണ്ട്.
ഇതേ പ്രദേശത്ത് 1999 മെയ് മാസം ഉണ്ടായ കൊടുങ്കാറ്റില്‍ 40 പേര് കൊല്ലപ്പെട്ടിരുന്നു. അന്നുണ്ടായ കാറ്റിന് മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: