ആലപ്പുഴ: വിഎസ് പക്ഷത്തെ നാമാവശേഷമാക്കി ഡിവൈഎഫ്ഐ കൈപ്പിടിയിലാക്കിയ ഔദ്യോഗിക പക്ഷത്ത് നേതൃസ്ഥാനങ്ങളെ ചൊല്ലി ഭിന്നത രൂക്ഷമായി. യുവജന വിഷയങ്ങള്‍ ഏറ്റെടുത്ത് സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുന്നതില്‍ ഡിവൈഎഫ്ഐ പരാജയപ്പെടാന്‍ കാരണം നേതൃസ്ഥാനങ്ങളിലെ ക്യാംപസ് റിക്രൂട്ട്മെന്റാണെന്നും ഒരുപക്ഷം വാദിക്കുന്നു.
ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലെ പൊട്ടിക്കരച്ചിലിലൂടെ ജില്ലാ സമ്മേളനങ്ങളില്‍ രൂക്ഷ വിമര്‍ശനം നേരിട്ട ടി.വി.രാജേഷ് എംഎല്‍എ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്. പ്രായപരിധിയും രാജേഷിന് തിരിച്ചടിയാകും.
കണ്ണൂരില്‍ നിന്നുതന്നെയുള്ള എ.എന്‍.ഷംസീറും നിലവിലെ പ്രസിഡന്റ് എം.സ്വരാജും തമ്മിലാണ് സെക്രട്ടറി സ്ഥാനത്തേക്ക് പ്രധാനമായും പിടിവലി നടക്കുന്നത്. നിലവിലെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായ എ.എന്‍.ഷംസീര്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ അടുപ്പക്കാരനെന്നാണ് സംഘടനയില്‍ അറിയപ്പെടുന്നത്. ടിപി വധക്കേസില്‍ പാര്‍ട്ടിക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളിലടക്കം ശക്തമായി രംഗത്തുവന്ന ഷംസീറിന് വേണ്ടി കണ്ണൂര്‍ ലോബി ശക്തമായി രംഗത്തുണ്ട്.
എന്നാല്‍ പിണറായി വിജയന്റെ വിശ്വസ്തനെന്ന ലേബലാണ് സ്വരാജിന് തുണയാകുന്നത്. പിണറായി വിജയന്റെ മാനസപുത്രനെന്നാണ് സ്വരാജ് പ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വി.എസ്.അച്യുതാനന്ദനെ ക്യാപിറ്റല്‍ പണിഷ്മെന്റിന് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വരാജ് പിണറായിയോടുള്ള കൂറ് പരസ്യമായി പ്രകടിപ്പിച്ചത്. സ്വരാജ് പ്രസിഡന്റായ ശേഷം വിഎസിനെ ഡിവൈഎഫ്ഐയുടെ പരിപാടികളിലൊന്നും തന്നെ പങ്കെടുപ്പിച്ചിട്ടില്ല. സ്വരാജിനെ അഖിലേന്ത്യാ ചുമതല നല്കി നാടുകടത്താനാണ് ഔദ്യോഗികപക്ഷത്തെ ഒരുവിഭാഗം ആസൂത്രിതമായി ശ്രമിക്കുന്നത്. അതിനാല്‍ പിണറായി വിജയന് സ്വരാജിനെ പിന്തുണച്ച് രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിവൈഎഫ്ഐയുടെ താഴെത്തട്ടില്‍ പ്രവര്‍ത്തിച്ച് മികവ് തെളിയിച്ചവരെ പരിഗണിക്കാതെ എസ്എഫ്ഐ നേതാക്കളെ നേതൃത്വത്തിലേക്ക് നേരിട്ട് റിക്രൂട്മെന്റ് ചെയ്തതോടെയാണ് സമരങ്ങളും പരിപാടികളും ക്യാംപസ് നിലവാരത്തിലേക്ക് തരംതാഴ്ന്നതെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.
എസ്.ശര്‍മ, ശശിധരന്, പ്രദീപ്കുമാര്‍ തുടങ്ങിയവരുടെ കാലഘട്ടത്തിന് ശേഷം ഡിവൈഎഫ്ഐക്ക് സമരതീഷ്ണത നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നാളെ ആലപ്പുഴയില്‍ തുടങ്ങുന്ന മൂന്ന് ദിവസത്തെ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളുടെ ഭാഗത്ത് നിന്ന് സംസ്ഥാന നേതൃത്വത്തിന് രൂക്ഷവിമര്ശനമുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ജില്ലാ സമ്മേളനങ്ങളില്‍ സ്വീകരിച്ച ഭീഷണിപ്പെടുത്തി വിമര്‍ശകരെ അടിച്ചമര്‍ത്തുകയെന്ന നയമായിരിക്കും ഇവിടെയും ആവര്‍ത്തിക്കുക.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: