കോട്ടയം: സംസ്ഥാന ആഭ്യന്തര മന്ത്രിക്കെതിരെ ജില്ലയില്‍ കോണ്‍ഗ്രസിനുള്ളില്‍ മുറുമുറുപ്പ്. കോണ്‍ഗ്രസുകാര്‍ക്ക് ആവശ്യമായ പരിഗണന കിട്ടുന്നില്ലെന്നാണ് ആരോപണം. മന്ത്രി തിരുവഞ്ചൂരിന്റെ സ്തുതിപാഠകരായ ചില നേതാക്കളുടെ കോക്കസാണ് മന്ത്രിയെ സ്വാധീനിക്കുന്നതെന്നാണ് ആരോപണം. മന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടികളില്‍ ചില നേതാക്കളെ മാത്രമാണ് പങ്കെടുപ്പിക്കുന്നത്. മാത്രമല്ല, സര്‍ക്കാര്‍ പരിപാടികളില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ അമിതമായി ഇടപെടുന്നതായും ആരോപണമുണ്ട്.
സര്‍ക്കാരിന്റെ പൊതു പരിപാടികളില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാറില്ലെന്ന പരാതിയും ശക്തമാണ്. ബിജെപി, സിപിഎം പാര്‍ട്ടികളെ മാത്രമല്ല യുഡിഎഫ് ഘടകകക്ഷികള്‍ക്കുപോലും മന്ത്രി തിരുവഞ്ചൂരിന്റെ പരിപാടിയില്‍ പരിഗണന ലഭിക്കുന്നില്ല. ചില ഉപഗ്രഹ നേതാക്കല്‍ മന്ത്രിക്കു ചുറ്റുമുണ്ടെന്നും ഇവര്‍ സ്ഥിരമായി മന്ത്രി പങ്കെടുക്കുന്ന വേദികള്‍ കയ്യടക്കുകയാണെന്നും ചില കോണ്‍ഗ്രസുകാര്‍ ആരോപണം ഉന്നയിക്കുന്നു. റോഡും പാലവും നിര്‍മ്മിക്കുന്ന മന്ത്രി തിരുവഞ്ചൂര്‍ സ്വന്തം മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുവാന്‍ യാതൊരു നടപടിയും സ്വകരിക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് പരാതിയുണ്ട്. പൂച്ചയ്‌ക്ക് ആര് മണികെട്ടും എന്നതാണ് പ്രശ്‌നം. തിരുവഞ്ചൂരിനാര് കടിഞ്ഞാണിടുമെന്നാണ് കോണ്‍ഗ്രസിലെ പ്രബലവിഭാഗം ചിന്തിക്കുന്നത്. സ്വേച്ഛാധിപതിയെ പോലെയാണ് മന്ത്രി പെരുമാറുന്നതെന്നും കോണ്‍ഗ്രസുകാര്‍ പരാതി ഉന്നയിക്കുന്നു.
















