മൊഹാലി: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ വിജയരഥത്തിനു തടയില്ല. കിങ്ങ്സ് ഇലവന് പഞ്ചാബിനെ ആധികാരികമായി കീഴടക്കി രാഹുല്‍ ദ്രാവിഡും കൂട്ടരും പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു ഉയര്‍ന്നു. മൊഹാലിയില്‍ കിങ്ങ്സ് ഇലവന്റെ മൈതാനത്തില്‍ എട്ട് വിക്കറ്റിനായിരുന്നു റോയല്‍സിന്റെ ജയം.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിപ്പട ആറു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. വെറും രണ്ടു വിക്കറ്റുകള്മാത്രം ബലികഴിച്ച് 19 ഓവറില്‍ റോയല്‍സ് വിജയതീരമണഞ്ഞു. ഓപ്പണര്‍ അജിന്‍ക്യ രഹാനെയുടെ (49 പന്തില്‍ 59 നോട്ടൗട്ട്) തുടര്‍ച്ചയായ മൂന്നാം അര്‍ധശതകവും കെവിന് കൂപ്പറുടെ (3 വിക്കറ്റ്) തന്ത്രപരമായ പന്തേറും മത്സരഫലത്തില്‍ നിര്‍ണായകമായി. മലയാളി താരം സഞ്ജു വി. സാംസണ് (33 പന്തില്‍ 47) ഒരിക്കല്‍ക്കൂടെ റോയല്‍സിനുവേണ്ടി മിന്നിത്തിളങ്ങി. രണ്ട് ഓവറുകള്‍ എറിഞ്ഞ ശ്രീശാന്തിന് വിക്കറ്റുകളൊന്നും ലഭിച്ചില്ല.
കിങ്ങ്സ് ഇലവന് ഇന്നിങ്ങ്സിന്റെ അവസാന ഓവറുകളില്‍ സ്ലോ ബോളുകളുമായി കളം നിറഞ്ഞ കൂപ്പറായിരുന്നു കളിയിലെ യഥാര്‍ഥ താരം. മന്ദീപ് സിങ്ങിനെ (0) അജിത് ചന്ദില റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കിയെങ്കിലും ഇടവേളയ്ക്കുശേഷം നായകവേഷമണിഞ്ഞിറങ്ങിയ ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റും ഷോണ്‍ മാര്‍ഷും ചേര്‍ന്ന് കിങ്ങ്സ് ഇലവനെ മികച്ച നിലയില്‍ എത്തിച്ചിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും 102 റണ്‍സുകള്‍ സ്വരൂപിച്ചു. 14-ാംഓവറില്‍ പഞ്ചാബിന്റെ സ്കോര്‍ 100/1 എന്ന നിലയിലായിരുന്നു. പക്ഷേ, 32 പന്തില്‍ 42 റണ്‍സ് നേടിയ ഗില്ലിയെ വീഴ്ത്തി കൂപ്പര്‍ കളി തിരിച്ചു. ആറ് ഫോറുകള്‍ അടങ്ങുന്നതായിരുന്നു ഗില്‍ക്രിസ്റ്റിന്റെ ഇന്നിങ്ങ്സ്. പിന്നാലെ ഡേവിഡ് ഹസി (1) വാട്സന്റെ പന്തില്‍ ബൗള്‍ഡായി. മാര്‍ഷിനെ (64 പന്തില്‍ 77, ആറ് ഫോര്‍, രണ്ട് സിക്സറുകള്‍) കൂടാരത്തിലെത്തിച്ച് കൂപ്പര്‍ കിങ്ങ്സ് പ്രതിസന്ധിയുടെ ആഴങ്ങളിലേക്കു തള്ളിയിട്ടു. വിനാശകാരിയായ ഡേവിഡ് മില്ലറും (8) കൂപ്പറെ വണങ്ങുമ്പോള്‍ പഞ്ചാബിന്റെ സ്കോറിങ്ങിന് സഡന്‍ ബ്രേക്ക്.
റോയല്‍സിന് ദ്രാവിഡിന്റെ (4) സേവനം അധിക സമയം ലഭിച്ചില്ല. അതൊന്നും രഹാനെയെ ബാധിച്ചില്ല. രാജസ്ഥാന് ഓപ്പണര്‍ അനായാസം എതിര് ബൗളര്‍മാരെ കൈകാര്യം ചെയ്തു. ഷെയ്ന് വാട്സനും (31) രഹാനെയും രണ്ടാം വിക്കറ്റില്‍ 66 റണ്‍സ് ടീമിന്റെ അക്കൗണ്ടിലെത്തിച്ചു. മൂന്നു ബൗണ്ടറികളും ഒരു സിക്സറും പറത്തിയ വാട്സനെ പിയുഷ് ചൗള ബൗള്‍ഡാക്കി. തുടര്‍ന്ന് അഞ്ച് തവണ പന്ത് അതിര്‍ത്തി കടത്തിയും ഒരു തവണ ഗ്യാലറിയിലെത്തിച്ചും കളിയാസ്വദിച്ച സഞ്ജു രഹാനെയ്ക്കൊപ്പം റോയല്‍സിനെ നിഷ്പ്രയാസം വിജയത്തിലെത്തിച്ചു. രഹാന മൂന്നുഫോറുകളും അത്രതന്നെ സിക്സറുകളും സ്വന്തം പേരില്‍ ചേര്‍ത്തു.
സ്കോര്‍ ബോര്‍ഡ്
കിങ്ങ്സ് ഇലവന്: മന്ദീപ് സിങ് സി ആന്‍ഡ് ബി ചന്ദില 0, ഗില്‍ക്രിസ്റ്റ് സി ആന്‍ഡ്ബി കൂപ്പര്‍ 42, മാര്‍ഷ് ബി കൂപ്പര്‍ 77, ഹസി ബി വാട്സന് 1, മില്ലര്‍ സി രഹാനെ ബി കൂപ്പര്‍ 8, ഗോണി സി സഞ്ജു ബി ഫാല്‍ക്നര്‍ 3, സതീഷ് നോട്ടൗട്ട് 4, ചൗള നോട്ടൗട്ട് 1. എക്സ്ട്രാസ്- 9.ആകെ ആറിന് 145 (20 ഓവര്‍).
വിക്കറ്റ് വീഴ്ച്ച: 1-0, 2-102, 3-105, 4-136, 5-137, 6-143.
ബൗളിങ്: ചന്ദില 4-0-24-1, ശ്രീശാന്ത് 2-0-18-0, ഫാല്‍ക്നര്‍ 4-0-37-1, വാട്സന് 4-0-19-1, ത്രിവേദി 2-0-18-0, കൂപ്പര്‍ 4-0-23-3.
റോയല്‍സ്: ദ്രാവിഡ് ബി ബിപുല്‍ ശര്‍മ 4, രഹാനെ നോട്ടൗട്ട് 59, വാട്സന് ബി ചൗള 31, സഞ്ജു നോട്ടൗട്ട് 47. എക്സ്ട്രാസ്- 6. ആകെ 2ന് 147 (19). വിക്കറ്റ് വീഴ്ച്ച: 1-5, 2-71.
ബൗളിങ്: പ്രവീണ്‍ 4-0-27-0, ബിപുല്‍ 4-0-21-1, അവാന 4-0-39-0, പിയൂഷ് 4-0-27-1, ഗോണി 2-0-22-0, ആര്. സതീഷ് 1-0-10-0
പ്രതികരിക്കാൻ ഇവിടെ എഴുതുക: