ന്യൂദല്‍ഹി: ധോണി ബുദ്ധിമാനായ നായകനാണെന്ന് ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍. ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഐപിഎല്ലില്‍ ഉണ്ടായ നേട്ടത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ധോണിക്കുള്ളതാണ്. സൂപ്പര്‍ കിംഗ്സ് ഇപ്പോള്‍ തന്നെ നാല് ഫൈനലുകളില്‍ പങ്കെടുത്ത് രണ്ടെണ്ണത്തില്‍ വിജയിക്കുകയും രണ്ടെണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തു. ഒരു ചാമ്പ്യന്‍സി ലീഗില്‍ വിജയിച്ചതിന് പുറമെയാണിത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കാല്‍മുട്ടിനേറ്റ പരുക്കു മൂലം ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ഭാഗമായ പീറ്റേഴ്സണ്‍ ഇക്കുറി മത്സരത്തിനിറങ്ങിയിട്ടില്ല. കഴിഞ്ഞ പത്തുദിവസങ്ങളായി കളിക്കളത്തില്‍ നിന്നും വിട്ട് പൂര്‍ണ വിശ്രമത്തിലാണ് പീറ്റേഴ്സണ്‍. ആഷസ് പരമ്പരയില്‍ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണദ്ദേഹം.
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വിജയത്തിന് പ്രധാനകാരണം ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറ്റവും ബുദ്ധിപരമായി കളിക്കുന്ന ധോണിയാണ്. ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പീറ്റേഴ്സണ്‍ ഇത് പറഞ്ഞത്. ബാറ്റ് കൊണ്ട് മാജിക് കാണിക്കുന്ന ധോണിക്കു പുറമെ മികച്ച സ്പിന്നര്‍മാരും അവര്‍ക്കുണ്ട്. വിദേശതാരമായ മൈക്കല്‍ ഹസ്സിയും ഒപ്പം പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗും മികച്ച സംഭാവനകളാണ് നല്‍കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദല്‍ഹി ഡെയര്‍ ഡെവിള്‍സ് ഈ പരമ്പരയില്‍ പ്രതിസന്ധി നേരിടുകയാണ്. അവരുടെ ഇപ്പോഴത്തെ സ്ഥാനം പട്ടികയില്‍ ഏറ്റവും അവസാനത്തേതിന് തൊട്ടുമുകളിലാണ്. എന്നാല്‍ തന്റെ അഭാവം മാത്രമല്ല അവരുടെ വീഴ്ചയ്‌ക്ക് കാരണമെന്ന് പീറ്റേഴ്സണ്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയൊക്കെ ചിലര്‍ പറയുന്നുണ്ടെങ്കിലും അതാണ് ഏക കാരണമെന്ന് കരുതുന്നില്ല. വീരേണ്ടര്‍ സെവാഗ് തുടക്കത്തില്‍ തങ്ങളോടൊപ്പമുണ്ടായിരുന്നില്ല. ഇങ്ങനെ നിരവധി കാരണങ്ങളുണ്ടെന്ന് പീറ്റേഴ്സണ്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: