സ്വാമി വിവേകാനന്ദനും കേരളവും തമ്മിലുള്ള ബന്ധം ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു, ഇന്നും ചര്‍ച്ചിക്കുന്നു. എന്നാല്‍ സ്വാമിയുടെ ജീവിതത്തിലെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ക്ക് കേരളത്തിന്റെ സ്വന്തം കലാ മാധ്യമത്തിലൂടെ രംഗാവിഷ്കാരം നടത്തുമ്പോള്‍ തികച്ചും അതൊരു നവ്യാനുഭവമാണ്. വിവേകാനന്ദ ജീവിതത്തിലെ ചില ഘട്ടങ്ങള്‍ക്ക് ചാക്യാര്‍ കൂത്തിലൂടെ രംഗഭാഷ്യം നല്‍കിയിരിക്കുകയാണ് ഡോ. രാജന് നമ്പ്യാര്‍. ദുഃഖിതരോടും അവശത അനുഭവിക്കുന്നവരോടും സ്വാമി കാണിക്കുന്ന കാരുണ്യം ചിക്കാഗൊ പ്രസംഗത്തിന്റെ ആമുഖം, ഭഗിനി നിവേദിതയെ ശിഷ്യയായി സ്വീകരിക്കുന്നത് തുടങ്ങിയവയാണ് കഥയിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍.
സംസ്കൃതഭാരതിയുടെ പൂര്‍ണ സമയ പ്രവര്‍ത്തകനായ രണജിത്ത് ആണ് ശ്ലോകങ്ങള്‍ രചിച്ചിട്ടുള്ളത്. നൂറ്റി അമ്പതാമത് വിവേകാനന്ദ ജയന്തി ആഘോഷപരിപാടികളുടെ ഭാഗമായി ഡിസംബര്‍ 30 ന് കാലടി ശ്രീരാമകൃഷ്ണ ആശ്രമത്തിലാണ് സ്വാമി വിവേകാനന്ദന്റെ ആദ്യ രംഗാവതരണം നടത്തിയത്. ‘ഹാസ്യാഭിനയം കൂത്തിലും കൂടിയാട്ടത്തിലും’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയതിനുശേഷമുള്ള ആദ്യത്തെ പരീക്ഷണകൂത്താണ് സ്വാമി വിവേകാനന്ദന്. പ്രതിനായകന്മാരെ വീരാരാധനയോടെ ആശ്ലേഷിച്ച് കാലത്തിന് മുമ്പേ നടന്നുനീങ്ങിയ ഭാസന്റെ ഊരുഭംഗം നാടകമാണ് ചാക്യാര്‍കൂത്തിലെ ആദ്യത്തെ പരീക്ഷണം. ബോധായനന്റെ ഭഗവദ്ദജ്ജുകമാണ് കൂത്തിലെ രണ്ടാമത്തെ പരീക്ഷണം. ശ്രീരാമകൃഷ്ണന്റെ ജീവിതത്തെ ആധാരമാക്കി ശ്രീരാമകൃഷ്ണ ചരിത്രമാണ് കൂത്തില്‍ രാജന് നമ്പ്യാര്‍ വഹിച്ച മൂന്നാമത്തെ രംഗാവതരണം. കുമാരനാശാന്റെ കരുണക്ക് രംഗഭാഷ്യം നല്‍കിയതാണ് കൂത്തിലെ ഏറ്റവും പുതിയ പരീക്ഷണം. കൂത്തിന്റെ തനിമക്ക് കോട്ടം വരുത്താതെയാണ് ഈ പുതുമകളെല്ലാം കൂത്തില്‍ കൊണ്ടുവന്നിട്ടുള്ളത്. കാലടി ശ്രീരാമകൃഷ്ണാശ്രമത്തിലെ ബ്രഹ്മചാരി അനൂപ് ആണ് വിവേകാനന്ദന് കൂത്തുരൂപത്തില് അവതരിപ്പിക്കുന്നതിന് പ്രേരണയാകിയത്.
സ്വദേശത്തും വിദേശത്തുമായി ഇതിനോടകം ആറായിരത്തിലധികം വേദികളില്‍ കൂത്തും പാഠകവും അവതരിപ്പിച്ച എടനാട് രാജന് നമ്പ്യാര്‍ ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി സെമിനാറുകളില്‍ ക്ഷേത്രകലകളെ ആധാരമാക്കി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഹാസ്യരസത്തിന്റെ അഭിനയം ചാക്യാര്‍കൂത്തിലും കൂടിയാട്ടത്തിലും എന്ന വിഷയത്തില്‍ ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടി. രാജന് നമ്പ്യാര്‍ കൂത്തിന് നല്കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച് തുറവൂര്‍ നരസിംഹമൂര്‍ത്തി മഹാക്ഷേത്ര സേവാ സമിതി നാട്യശ്രീ പുരസ്ക്കാരം നല്കി ആദരിച്ചു.നെടുമുടി വേണു, പ്രേമ പാണ്ഡുരംഗ എന്നിവര്‍ക്കാണ് മുമ്പ് ഈ പുരസ്ക്കാരം ലഭിച്ചിട്ടുള്ളത്.
നാട്യശ്രീ പുരസ്ക്കാരത്തിന് പുറമെ ഹൈദരാബാദ് മൈത്രി അവാര്‍ഡ്, സൂത വിദൂഷകരത്നം, ഗുരുവായൂരപ്പന് മെഡല്‍ തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ക്ക് രാജന് നമ്പ്യാര്‍ അര്‍ഹനായിട്ടുണ്ട്. ക്ഷേത്രകലകളുടെ പഠനത്തിനും ഗവേഷണത്തിനുമായി സ്ഥാപിച്ചിട്ടുള്ള കൂത്തമ്പലം സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് ഫൈന്‍ ആര്‍ട്ടിന്റെ ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചുവരുന്നു.
പ്രശസ്ത നങ്ങ്യാര്‍കൂത്ത് കലാകാരിയും പാഠക ലോകത്തെ ആദ്യത്തെ സ്ത്രീ ശബ്ദവും ആയ നിര്യാതരായ തങ്കം നങ്ങ്യാരും അച്ഛന് തൃക്കാരിയൂര്‍ കൃഷ്ണന് നമ്പ്യാരുമാണ് ഗുരുക്കന്മാര്. സഹോദരന് ഹരികൃഷ്ണന് മിഴാവുകാരനാണ്. മഞ്ഞപ്ര പൈങ്കല്‍ വാര്യത്തെ ജയലക്ഷ്മിയാണ് ഭാര്യ. മകന് യദുകൃഷ്ണന് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. എറണാകുളം ജില്ലയിലെ മഞ്ഞപ്ര കാര്പ്പിള്ളിക്കാവിന് സമീപത്താണ് ഇപ്പോള്‍ താമസം. ചാക്യാര്‍കൂത്തിന് പുറമെ പാഠകം, ഓട്ടന്തുള്ളല്, ഇന്ദ്രജാലം എന്നിവയും അഭ്യസിക്കുകയും വേദികളില്‍ അവതരിപ്പിച്ചും വരുന്നു.
ജി.കെ.പിള്ള തെക്കേടത്ത്, നെട്ടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: