‘കേരളത്തിലെ വംശീയ രാജവംശങ്ങള്‍’
കേരളത്തിലെ പ്രധാന ആറ് വംശീയരാജവംശങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് കൊറ്റിയത്ത് സദാനന്ദന്റെ ‘കേരളത്തിലെ വംശീയ രാജവംശങ്ങള്‍’. എഡി പതിമൂന്നാം നൂറ്റാണ്ടുമുതല്‍ പതിനേഴാം നൂറ്റാണ്ടു വരെയുള്ള കാലയളവില്‍ കേരളത്തില്‍ രൂപംകൊണ്ടതാണ് വ്യത്യസ്തമായ ഈ ആറ് രാജവംശങ്ങള്‍. ഓരോ രാജവംശത്തിന്റേയും സാരാംശം വായനക്കാരനെ ഗ്രഹിപ്പിക്കുക എന്നതാണ് പുസ്തകം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗ്രന്ഥകാരന് പറയുന്നു. ഗതകാല കേരളചരിത്രത്തില്‍ അടിയാളര്‍ക്കും മേലാളര്‍ക്കും തുല്യ പങ്കാണുണ്ടായിരുന്നതെന്നാണ് പുസ്തകം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
തിയ്യരാജവംശം, ക്രിസ്ത്യന്‍ രാജവംശം, ബ്രാഹ്മണ രാജവംശം, പുലയ രാജവംശം, മുസ്ലീംരാജവംശം, കുറവ രാജവംശം എന്നിവയാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്ന ആറ് വ്യത്യസ്ത വംശീയ രാജവംശങ്ങള്‍. മൗലികമായ ഗവേഷണത്തിന് പ്രേരിപ്പിക്കുന്ന ഒരു പുസ്തകം എന്ന നിലയില്‍ ‘കേരളത്തിലെ വംശീയ രാജവംശങ്ങള്‍’ എന്ന കൃതി പ്രാധാന്യമര്‍ഹിക്കുന്നു. പുസ്തകത്തില്‍ ചരിത്രപ്രാധാന്യമുള്ള കൊട്ടാരങ്ങളുടെ ചിത്രങ്ങളും രേഖകളും പ്രസിദ്ധീകരിച്ചിരിക്കുന്നത് ഏറെ വിജ്ഞാനപ്രദമാണ്. പ്രസാധകര് സൂര്യ ബുക്സ്. വില 60 രൂപ.
‘നാടകാനി’
സംസ്കൃതാധ്യാപകര്ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന സംസ്കൃത ഗ്രന്ഥമാണ് ‘നാടകാനി’. ഏഴ് ലഘുനാടകങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. മലപ്പുറം ജില്ലയിലെ കാരക്കോട് മണിമൂലി ശ്രീരാമാനന്ദാശ്രമത്തിലെ മഠാധിപതി ഡോ. ധര്‍മ്മാനന്ദ സ്വാമിയാണ് ഗ്രന്ഥകര്‍ത്താവ്. സംസ്കൃത പ്രേമികളായ ഒട്ടേറെപ്പേര്‍ക്ക് വിവിധ വേദികളില്‍ അവതരിപ്പിക്കാനുതകുന്ന വിധത്തില്‍ സരള സംസ്കൃതത്തിലാണ് ഇതിലെ ഓരോ നാടകങ്ങളും രചിച്ചിരിക്കുന്നത്. സ്കൂള്‍കലോത്സവങ്ങളിലും മറ്റും വിദ്യാര്‍ത്ഥികള്‍ക്ക് ഈ പുസ്തകം ഏറെ പ്രയോജനപ്പെടും. പുരാണവും ചരിത്രവും ആധുനിക സാമൂഹ്യവിഷയങ്ങളും ചരിത്രവും നാടകങ്ങള്‍ക്ക് ഇതിവൃത്തമായി സ്വീകരിച്ചിട്ടുണ്ട്. ജലം വനം ഭൂമി എന്നിവയുടെ സംരക്ഷണം ഇതിവൃത്തമായി സ്വീകരിച്ച് രചിച്ച വയം ജലജാ: ആണ് ‘നാടകാനി’ യിലെ ആദ്യനാടകം. ആധുനിക അമച്വര്‍ രീതിയില്‍ വേദികളില്‍ അവതരിപ്പിക്കാന്‍ കഴിയുന്നതാണ് ഈ നാടകം. ചിത്രപതംഗം (വിദ്യാഭ്യാസമേഖല), പുണ്യഫലം (പുരാണകഥ), ഗുരുപാദസേവ (ഹാസ്യം) നൂതനവ്യക്ഷ:, സുവര്‍ണപേടകം (സാമൂഹ്യം), ശങ്കരചണ്ഡാലം (ചരിത്രം) എന്നിവയാണ് മറ്റ് നാടകങ്ങള്‍. നിലമ്പൂര്‍ സംസ്കൃത വിദ്യാപീഠമാണ് പുസ്തകം പ്രകാശനം ചെയ്തിരിക്കുന്നത്. വില 60 രൂപ.
രാജി. എസ്.നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: