ചെന്നൈ: ചെന്നൈ സൂപ്പര്‍കിംഗ്സിന് തുടര്‍ച്ചയായ ഏഴാം വിജയം. ഇന്നലെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെ ധോണിപ്പട 15 റണ്‍സിന് മുട്ടുകുത്തിച്ചാണ് തുടര്‍ച്ചയായ ഏഴാം വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് സുരേഷ് റെയ്നയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ (100 നോട്ടൗട്ട്) കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്സ് ഇലവന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചെന്നൈയുടെ ബ്രാവോയാണ് മത്സരം അവര്‍ക്കനുകൂലമാക്കിയത്. കിംഗ്സ് ഇലവന് വേണ്ടി ഷോണ്‍ മാര്‍ഷ് 72 റണ്‍സും മില്ലര്‍ 51 റണ്‍സ് നേടി പുറത്താകാതെയും നിന്നു. 53 പന്തുകളില്‍ 7 ബൗണ്ടറിയും 6 സിക്സറുമടക്കം 100 റണ്‍സ് നേടി പുറത്താകാതെ നിന്ന സുരേഷ് റെയ്നയാണ് മാന്‍ ഓഫ് ദി മാച്ച്. 11 മത്സരങ്ങളില്‍ നിന്ന് 9 വിജയവും രണ്ട് പരാജയവുമടക്കം 18 പോയിന്റുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. പഞ്ചാബ് കിംഗ്സ് ഇലവന്റെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്. 10 മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ആറ് പരാജയവുമാണ് പഞ്ചാബിന് സ്വന്തമായിട്ടുള്ളത്.
നേരത്തെ ടോസ് നേടിയ ചെന്നൈ നായകന് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റ് സ്കോര്‍ 27-ല്‍ എത്തിയപ്പോള്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ റെയ്നയും ഹസ്സിയും ചേര്‍ന്നതോടെ ചെന്നൈ പിടിമുറുക്കി. 18 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും ഒരു സിക്സറുമടക്കം 18 റണ്‍സ്നേടിയ വൃദ്ധിമാന്‍ സാഹയാണ് ആദ്യം മടങ്ങിയത്. അവാനയുടെ പന്തില്‍ ഷോണ്‍ മാര്‍ഷാണ് സാഹയെ പിടികൂടിയത്. ചെന്നൈയുടെ രണ്ടാം വിക്കറ്റ് നേടുന്നതിന് കിംഗ്സ് ഇലവന് 11.1 ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. സ്കോര്‍ 82 എത്തിയപ്പോള്‍ 29 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറികളോടെ 35 റണ്‍സെടുത്ത ഹസ്സിയെ പിയൂഷ് ചൗളയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഗുര്‍കീരത് സിംഗ് സ്റ്റാമ്പ് ചെയ്തു. ഹസ്സിക്ക് പിന്നാലെ വന്ന ധോണി (2) പെട്ടെന്ന് റണ്ണൗട്ടായെങ്കിലും പിന്നാലെയെത്തിയ ആല്‍ബി മോര്‍ക്കല്‍ റെയ്നക്ക് മികച്ച പിന്തുണ നല്കി.
16 എന്തില്‍ മോര്‍ക്കല്‍ രണ്ടു ഫോറും ഒരു സിക്സറും അടിച്ച് 23 റണ്‍സെടുത്തു അവാനയുടെ പന്തില്‍ മില്ലര്‍ക്ക് പിടി നല്കി മടങ്ങുമ്പോള്‍ ചെന്നൈ സ്കോര്‍ നാലിന് 166 റണ്‍സ് എന്ന നിലയിലെത്തി. അവസാന ഓവറില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ റെയ്നക്ക് 11 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ റണ്ണൊന്നുമെടുക്കാന്‍ കഴിയാതിരുന്ന റെയ്ന അടുത്ത പന്തില്‍ രണ്ട് റണ്‍സും മൂന്നാം പന്തില്‍ സിക്സറും നാലാം പന്തില്‍ രണ്ട് റണ്‍സും അഞ്ചാം പന്തില്‍ ഒരു റണ്‍സും നേടിയാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ഐപിഎല്ലിലും രാജ്യാന്തര ട്വന്റി20 യിലും സെഞ്ച്വറി തികച്ച ഏക ഇന്ത്യന്‍ കളിക്കാരനായി റെയ്ന മാറി. മെല്ലെ തുടങ്ങിയ റെയ്ന പിന്നീട് സിക്സറുകളും ബൗണ്ടറികളും പറത്തി ക്രീസില്‍ അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. റെയ്നയുടെ ഈ പ്രകടനത്തിന് മുന്നില്‍ പഞ്ചാബ് കിംഗ്സ് ഇലവന് ബൗളര്‍മാര്‍ വിറങ്ങലിച്ചുനില്‍ക്കുന്നതാണ് സ്റ്റേഡിയം കണ്ടത്. രവിന്ദ്ര ജഡേജ അഞ്ച് റണ്‍സ് സംഭാവന ചെയ്തു. പഞ്ചാബ് കിംഗ്സ് ഇലവന് വേണ്ടി അവാന രണ്ട് വിക്കറ്റ് വീഴ്ത്തി.
187 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന പഞ്ചാബ് കിംഗ്സ് ഇലവനും മികച്ച തുടക്കം നല്കാന് ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല. സ്കോര്‍ 13-ല്‍ എത്തിയപ്പോള്‍ 7 റണ്‍സെടുത്ത പൊമര്ബാഷിനെ മോഹിത് ശര്‍മ്മ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട് സ്കോര്‍ 36-ല്‍ എത്തിയപ്പോള്‍ 15 റണ്‍സെടുത്ത മന്ദീപ് സിംഗിനെ മോഹിത് ശര്‍മ്മ റെയ്നയുടെ കൈകളിലെത്തിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഷോണ്‍ മാര്‍ഷും ഡേവിഡ് ഹസ്സിയും ഒത്തുചേര്‍ന്നതോടെ കിംഗ്സ് ഇലവന് വിജയപ്രതീക്ഷ വച്ചുപുലര്‍ത്തി. സ്കോര്‍ 10.3 ഓവറില്‍ 73-ല്‍ എത്തിയപ്പോള്‍ 16 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയും ഒരു സിക്സറുമടക്കം 22 റണ്‍സെടുത്ത ഡേവിഡ് ഹസ്സിയെ പഞ്ചാബിന് നഷ്ടമായി. അശ്വിന്റെ പന്തില്‍ ബ്രാവോക്ക് ക്യാച്ച് നല്‍കിയാണ് ഹസ്സി മടങ്ങിയത്. ഹസ്സിക്ക് പിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മില്ലര്‍ മാര്‍ഷിന് മികച്ച പിന്തുണ നല്കി. പിന്നീട് ഇരുവരും തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് തീകൊളുത്തിയപോലെ ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ സ്കോറിംഗിനും റോക്കറ്റ് വേഗം കൈവന്നു. 13-ാം ഓവറില്‍ പഞ്ചാബ് സ്കോര്‍ 100 കടന്നു. അധികം വൈകാതെ ഷോണ്‍ മാര്‍ഷ് അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. 34 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയും രണ്ട് സിക്സറുമടക്കമാണ് മാര്‍ഷ് 50-ലെത്തിയത്. ഇരുവരും ചേര്‍ന്ന് 19 ഓവറില്‍ സ്കോര്‍ 168-ല്‍ എത്തിച്ചു.
ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവര്‍ എറിയാനെത്തിയ ഡ്വെയ്ന്‍ ബ്രാവോ കിംഗ്സ് ഇലവന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ആദ്യ പന്തില്‍ ഷോണ്‍ മാര്‍ഷിനെ ബ്രാവോ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ചെന്നൈയ്ക്ക് വിജയപ്രതീക്ഷയായി. തൊട്ടടുത്ത പന്തില്‍ ഗുര്‍കീരത് സിംഗിനെ ഹസ്സിയുടെ കൈകളിലെത്തിച്ചു. അടുത്ത പന്തില്‍ രണ്ട് റണ്‍സെടുത്ത് മില്ലര്‍ അര്‍ദ്ധശതകം തികച്ചു. 25 പന്തില്‍ നിന്ന് 5 ബൗണ്ടറികളും രണ്ട് സിക്സറുമടക്കമാണ് മില്ലര്‍ 50ല്‍ എത്തിയത്. എന്നാല്‍ അഞ്ചാം പന്തില്‍ രാജഗോപാല്‍ സതീഷിനെ ബ്രാവോ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ 15 റണ്‍സിന്റെ മികച്ച വിജയം ധോണിപ്പടക്ക് സ്വന്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: