കൊല്‍ക്കത്ത: തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്കുശേഷം നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തി. പഞ്ചാബ് കിംഗ്സ് ഇലവനെതിരെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ആധികാരിക വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. സ്കോര്‍: കിംഗ്സ് ഇലവന് പഞ്ചാബ്: 20 ഓവറില്‍ ആറിന് 149, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: 18.2 ഓവറില്‍ നാലിന് 150. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ജാക് കാലിസാണ് കളിയിലെ കേമന്‍. ഏപ്രില്‍ 16ന് മൊഹാലിയില്‍ പഞ്ചാബ് കിംഗ്സ് ഇലവനോട് നേരിട്ട പരാജയത്തിന് പകരംവീട്ടലുമായി നൈറ്റ് റൈഡേഴ്സിന്റെ വിജയം.
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് മനന്‍ വോറ (31), ഗുര്‍കീരത് സിംഗ് (28 നോട്ടൗട്ട്), ക്യാപ്റ്റന്‍ ആദം ഗില്‍ക്രിസ്റ്റ് (27), മന്ദീപ് സിംഗ് (25)എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഗില്‍ക്രിസ്റ്റും മന്ദീപ് സിംഗും ചേര്‍ന്ന് 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 20 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയോടെ 25 റണ്‍സെടുത്ത മന്ദീപിനെ കല്ലിസിന്റെ പന്തില്‍ മോര്ഗന് പിടികൂടി. സ്കോര്‍ 67-ല്‍ എത്തിയപ്പോള്‍ ഗില്ലിയും മടങ്ങി. 27 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 27 റണ്‍സെടുത്ത ഗില്ലിയെ രജത് ഭാട്ടിയയുടെ പന്തില്‍ മോര്ഗന് പിടികൂടി. പിന്നീട് മനന്‍വോറയും ഡേവിഡ് ഹസ്സിയും ചേര്‍ന്ന് സ്കോര്‍ 12.5 ഓവറില്‍ 96-ല്‍ എത്തിച്ചു. എന്നാല്‍ 21 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളും ഒരു സിക്സറുമടക്കം 31 റണ്‍സെടുത്ത വോറയെ ബാലാജിയുടെ പന്തില്‍ ദേവബ്രത ദാസ് പിടികൂടി. 13.2 ഓവറില്‍ പഞ്ചാബ് സ്കോര്‍ 100ലെത്തി. സ്കോര്‍ 109-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും പഞ്ചാബിന് നഷ്ടമായി. എട്ട് പന്തില്‍ നിന്ന് 10 റണ്‍സെടുത്ത മില്ലറെ സരബ്ജിത്ത് ലഡ്ഡ ബൗള്‍ഡാക്കി. പിന്നീട് സ്കോര്‍ 127-ല്‍ എത്തിയപ്പോള്‍ 21 റണ്‍സെടുത്ത ഹസ്സിയെ കല്ലിസ് സേനാനായകയുടെ കൈകളിലെത്തിച്ചു. നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട് റണ്‍സെടുത്ത അസര്‍ മഹമൂദ് റണ്ണൗട്ടായി. പിന്നീട് അവസാന ഓവറില്‍ ഗുര്‍കീരത് സിംഗ് രണ്ട് സിക്സറടക്കം നേടിയ 18 റണ്‍സാണ് കിംഗ്സ് ഇലവനെ 149-ല്‍ എത്തിച്ചത്. ഇതിന് മുമ്പുള്ള മൂന്ന് ഓവറില്‍ 11 റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാന്‍ കഴിഞ്ഞത്. കൊല്‍ക്കത്തക്ക് വേണ്ടി നാലോവറില്‍ 14 റണ്‍സ് വഴങ്ങി ജാക്ക് കല്ലിസ് രണ്ട് വിക്കേറ്റ്ടുത്തു.
പഞ്ചാബ് ഉര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത തകര്‍ച്ചയോടെയാണ് തുടങ്ങിയത്. സ്കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് മാത്രമുള്ളപ്പോള്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറി (6)നെ അഷര്‍ മെഹ്മൂദ് ക്ലീന്‍ ബൗള്‍ ചെയ്തു. പിന്നീട് അതേ സ്കോറില്‍ തന്നെ നേരിട്ട ആദ്യ പന്തില്‍ തന്നെ യൂസഫ് പഠാനെ ഗില്‍ക്രിസ്റ്റിന്റെ കൈകളിലെത്തിച്ച് മെഹ്മൂദ് കൊല്‍ക്കത്തയെ വീണ്ടും ഞെട്ടിച്ചു. പിന്നീട് ബിസ്ലയും കല്ലിസും മോര്‍ഗനും മികച്ച പ്രകടനം നടത്തിയതോടെ വിജയം കൊല്‍ക്കത്തക്ക് സ്വന്തമായി. മന്‍വീന്ദര്‍ ബിസ്ല 44 പന്തുകളില്‍ നിന്ന് മൂന്ന് വീതം ബൗണ്ടറികളും സിക്സറുകളുമടിച്ച് 51 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ കല്ലിസ് 33 പന്തില്‍ ആറ് ബൗണ്ടറികളോടെ 37 റണ്‍സും നേടി. ഇതോടെ 2ന് 10 എന്ന മോശം നിലയില്‍ നിന്ന് മൂന്നിന് 76 എന്ന നിലയിലേക്ക് കൊല്‍ക്കത്ത മത്സരത്തിലേക്ക് തിരിച്ചെത്തി. കല്ലിസിനെ ഹര്‍മീത് സിംഗ് ഗില്‍ക്രിസ്റ്റിന്റെ കൈകളിലെത്തിച്ചാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. കല്ലിസ് പകരമെത്തിയ മോര്ഗന് തുടക്കം തന്നെ ആക്രമണമൂഡിലായിരുന്നു. 26 പന്തുകള്‍ നേരിട്ട് മൂന്ന് ബൗണ്ടറികളും നാല് സിക്സറുമടക്കം 42 റണ്‍സെടുത്ത മോര്ഗന് വിജയത്തിന് രണ്ട് റണ്‍സ് അകലെവച്ച് മടങ്ങി. അസര്‍ മെഹ്മൂദിന്റെ പന്തില്‍ ഗുര്‍കീരത് സിംഗ് പിടികൂടിയാണ് മോര്ഗന് പുറത്തായത്. കിംഗ്സ് ഇലവന് വേണ്ടി അസര്‍ മെഹ്മൂദ് നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ജയത്തോടെ എട്ട് കളികളില്‍ കൊല്‍ക്കത്തയ്ക്ക് ആറ് പോയന്റായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: