മുണ്ടക്കയം: അന്തര്‍സംസ്ഥാന റബ്ബര്‍ മോഷണ കേസില്‍ ഒളിവിലായ രണ്ടുപേര്‍ പിടിയില്‍. മംഗലാപുരം മുക്രപാടി അനന്തകൃഷ്ണന്‍(26), കാസറഗോഡ് ബളാംകോട് കരിപാക്കന്‍ ശ്രീരാജ് മുരളി(23) എന്നിവരാണ് മുണ്ടക്കയം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 19ന് പുലര്‍ച്ചെ മുണ്ടക്കയം പോലീസ് റോന്തു ചുറ്റുന്നതിനിടയില്‍ ചോറ്റിക്കു സമീപം ടോറസ് ലോറിയില്‍ നിന്നും ഓട്ടോയിലേക്ക് റബര്‍ ഷീറ്റുകള്‍ കയറ്റുന്നതില്‍ സംശയം തോന്നി പോലീസ് സംഘം ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഷീറ്റുകള്‍ മോഷ്ടിച്ചതെന്നു ബോദ്ധ്യപ്പെടുകയും സംഘത്തിലെ മൂന്നുപേര്‍ പിടിയിലാവുകയും ചെയ്തു. സംഘത്തിലെ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവര്‍ ആണ് പിടിയിലായത്.
കോട്ടയം നാഗമ്പടത്തുനിന്നും തൃച്ചിയിലേക്ക് കൊണ്ടുപോകുന്ന ലോഡുകളില്‍ നിന്നും റബര്‍ ഷീറ്റുകള്‍ തമിഴ് നാട്ടിലെ വിജനമായ സ്ഥലത്ത് ഒളിപ്പിച്ചുവയ്‌ക്കും. ലോഡിറക്കി തിരികെ സിമന്റുമായി വരുമ്പോള്‍ ഒളിപ്പിച്ചുവച്ച ഷീറ്റുകള്‍ കയറ്റി കൊണ്ടുവന്ന് വില്‍ക്കുന്നതിനായി ചോറ്റിയില്‍ നിന്നും ഓട്ടോ വാടകയ്‌ക്കെടുത്ത് ഷീറ്റുകള്‍ കയറ്റുന്നതിനിടയിലാണ് ഇവര്‍ പോലീസ് പിടിയിലാവുന്നത്.
തൃച്ചിയിലെ ഫാക്ടറിയില്‍ ലോഡ് തൂക്കുന്നതിനു മുമ്പായി എടുത്തു മാറ്റി ഷീറ്റുകളുടെ അതേ തൂക്കത്തില്‍ ജാറുകളില്‍ വെള്ളം നിറച്ച് തൂക്കം ശരിയാക്കും. ലോഡ് തൂക്കിയതിന്റെ രേഖകള്‍ വാങ്ങിയശേഷം ജാറിലെ വെള്ളം കളയും. മോഷ്ടിച്ച ഷീറ്റുകള്‍ വില്‍ക്കുവാന്‍സഹായിക്കുന്ന കേരളത്തിലെ ചിലരുടെ ബന്ധത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. എസ്.ഐ.മുഹമ്മദ് ഹനീഫ, മൂഹമ്മദ് നൗഷാദ്, സോമന്‍, അജ്മല്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം കൊടുത്തത്.
















