പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കിയിട്ടില്ലെന്ന് പരിസ്ഥിതി സഹമന്ത്രി ജയന്തി നടരാജന് രാജ്യസഭയില്‍ വ്യക്തമാക്കിയതോടെ നിര്‍മ്മാണം സംബന്ധിച്ച് നാളിതുവരെ ജനപ്രതിനിധികളും കെ ജി എസും ജനങ്ങളെ തെറ്റിധരിപ്പിച്ചതായി വ്യക്തമാകുന്നു. പരിസ്ഥിതി അനുമതി ലഭിച്ചിട്ടുണ്ടെന്നായിരുന്നു ജനപ്രതിനിധികള്‍ പദ്ധതിപ്രദേശത്ത് പ്രചരിപ്പിച്ചിരുന്നത്. പരിസ്ഥിതി പഠനം നടത്തി ജനങ്ങളില്‍നിന്നും തെളിവെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഭൂഗര്‍ഭ, ജല, വായു, ശബ്ദ മലിനീകരണ സാദ്ധ്യതകള്‍ വിലയിരുത്തിയുള്ള റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.
വിമാനത്താവളനിര്‍മ്മാണത്തിന് തുടക്കം കുറിച്ചപ്പോള്‍ മുതല്‍ ജനങ്ങളെയും അധികൃതരെയും തെറ്റിധരിപ്പിക്കുന്ന തരത്തിലായിരുന്നു കമ്പനി ജനപ്രതിനിധികളിലൂടെ പ്രചാരണം നടത്തിയത്. ആറന്മുളയിലെ 500 ഏക്കര്‍ വയല്‍മേഖല പൂര്‍ണമായും നികത്തി കഴിഞ്ഞുവെന്നാണ് ഇവര്‍ സര്‍ക്കാരിനെ ധരിപ്പിച്ചത്. യഥാര്‍ഥത്തില്‍ 50 ഏക്കറില്‍ താഴെ മാത്രമെ നികത്തിയിരുന്നുള്ളു. പദ്ധതിക്കായി വാങ്ങിയ 450 ഏക്കറില്‍ അധികം സ്ഥലം ഇനിയും നികത്താന്‍ ബാക്കിനില്ക്കുമ്പോഴാണ് സര്‍ക്കാരിനെ തെറ്റിധരിപ്പിക്കാനുള്ള ശ്രമം അന്നുനടത്തിയത്.
കടമ്മനിട്ടയിലെ മൗണ്ട്സിയോണ്‍ എന്‍ജിനിയറിംഗ് കോളജില്‍ ആരംഭിക്കുന്ന ഏറോനോട്ടിക്കല്‍ കോഴ്സിനുവേണ്ടി എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കാന്‍ സ്ഥലം ആവശ്യമാണെന്ന് പറഞ്ഞാണ് അന്ന് ഭൂമി വാങ്ങികൂട്ടിയത്. മൗണ്ട്സിയോണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരിലായിരുന്നു ഈ കച്ചവടം. സെന്റിന് 500 രൂപ മുതല്‍ 1000 രൂപവരെ മാത്രമാണ് വില നല്‍കിയത്. പ്രദേശത്തിന്റെ വികസനവും കുട്ടികളുടെ ഭാവിയും ഓര്‍ത്താണ് ആറന്മുളനിവാസികള് ഭൂമി വിറ്റത്. ഏറോനോട്ടിക്കല്‍ എന്‍ജിനിയറിംഗിന്റെ പേരുപറഞ്ഞ് ഏബ്രഹാം കലമണ്ണില്‍ വാങ്ങികൂട്ടിയത് 232 ഏക്കര്‍ സ്ഥലമാണ്. ഇത് മൂന്ന് മേഖലകളിലായിരുന്നതിനാല് കളളക്കളി മനസിലാക്കുവാന്‍ നാട്ടുകാര്‍ക്കായില്ല. ജനങ്ങളെയും അധികൃതരെയും തെറ്റിധരിപ്പിക്കുന്ന രണ്ടാമത്തെ ശ്രമമായിരുന്നു അത്.
തന്ത്രമൊന്നുമാറ്റി പിന്നീട് പുതിയതന്ത്രവുമായി കലമണ്ണില്‍ വീണ്ടും ജനത്തെ സമീപിച്ചു. ചെറിയ വിമാനത്താവളം നിര്‍മ്മിക്കുക എന്നതായിരുന്നു പുതിയ ആശയം. ഇതിനായി കഴിഞ്ഞ ഇടത് ഭരണകാലത്ത് മദ്ധ്യതിരുവിതാംകൂര്‍ വികസനസമിതി ചെയര്മാന് പി.എസ് നായരുമായി കരാറുണ്ടാക്കി. എന്നാല്‍ പദ്ധതി പാളുമെന്ന് ബോധ്യമായതോടെ പി.എസ് നായര്‍ പിന്‍വാങ്ങി. പിന്നീടാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ ജി എസ് ഗ്രൂപ്പുമായി പുതിയ സഖ്യമാരംഭിച്ചത്. വിമാനത്താവള നിര്‍മ്മാണത്തിനായി 52 കോടി രൂപയ്ക്ക് ഭൂമി മറിച്ചുവില്ക്കുമ്പോള് വിമാനത്താവളത്തിന്റെ ചെയര്മാന് സ്ഥാനവും 30 ശതമാനം ഷെയറും കലമണ്ണിന് കെ ജി എസ് വാഗ്ദാനം ചെയ്തിരുന്നു.
ആദ്യഗഡുവായി 22 കോടി നല്കി. ഇനി നല്‍കാനുളള 30 കോടിയും വാഗ്ദാനം ചെയ്ത 30 ശതമാനം ഷെയറും ചെയര്മാന് സ്ഥാനവും നല്കാന് പറ്റില്ലെന്ന് കമ്പനി അറിയിച്ചതോടെ ചതി കലമണ്ണില്‍ തിരിച്ചറിഞ്ഞു. ഇദ്ദേഹം പത്തനംതിട്ട കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കെ ജി എസിനെ വിമാനത്താവളപ്രദേശത്ത്് പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞിരിക്കുകയാണ് കോടതി. ആദ്യം എയര്‍സ്ട്രിപ്പെന്നും പിന്നീട് മിനി എയര്‍പോര്‍ട്ട് എന്നും പറഞ്ഞ് നാട്ടുകാരെ തെറ്റിധരിപ്പിച്ച് വാങ്ങികൂട്ടിയ ഭൂമി മറിച്ചുവിറ്റത് ഏറെ താമസിച്ചാണ് ജനം തിരിച്ചറിഞ്ഞത്.
എം.ആര്.അനില്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: