കൊല്‍ക്കത്ത: പിറന്നാള്‍ ദിനത്തില്‍ സച്ചിന് മികച്ച ബാറ്റിംഗ് കാഴ്ചവെക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുംബൈ ഇന്ത്യന്‍സ് ടീം അംഗങ്ങള്‍ സച്ചിന് പിറന്നാള്‍ സമ്മാനം നല്കി. സച്ചിന് തിളങ്ങാന്‍ കഴിയാതെ പോയ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ ഗംഭീര വിജയമാണ് ടീം അംഗങ്ങള്‍ 40-ാം പിറന്നാള്‍ ആഘോഷിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് സമ്മാനിച്ചത്.ഓപ്പണറായിറങ്ങിയ സ്മിത്ത് നേടിയ അര്‍ധ സെഞ്ചുറി മുംബൈയുടെ വിജയത്തിനു സുഗമമായ വഴിയൊരുക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ഒരുപന്ത് ബാക്കിനില്‍ക്കേയാണ് മുംബൈ ഇന്ത്യന്‍സ് അഞ്ച് വിക്കറ്റിന്റെ വിജയം ആഘോഷിച്ചത്. മത്സരത്തില്‍ സച്ചിന് രണ്ട് റണ്‍സെടുത്ത് പുറത്തായി. സ്കോര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 159. മുംബൈ ഇന്ത്യന്‍സ് 19.5 ഓവറില്‍ അഞ്ച് വിക്കറ്റിന് 162 റണ്‍സ്. ഭാട്ടിയ എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് അമ്പാട്ടി റായിഡുവാണ് വിജയറണ്‍സ് നേടിയത്. 62 റണ്‍സ് നേടിയ മുംബൈയുടെ ഡ്വെയ്ന്‍ സ്മിത്താണ് മാന്‍ ഓഫ് ദി മാച്ച്.
ഏഴു മത്സരങ്ങളില്‍നിന്ന് നാല് ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍നിന്ന് രണ്ടെണ്ണം ജയിച്ച നൈറ്റ് റൈഡേഴ്സ് ഏഴാം സ്ഥാനത്താണ്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്തക്ക് വേണ്ടി യൂസഫ് പഠാനും ഗംഭീറും ഭേദപ്പെട്ട തുടക്കം നല്കി. 1.1 ഓവറില്‍ സ്കോര്‍ 27-ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 6 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറിയും ഒരു സിക്സറുമടക്കം 19 റണ്‍സെടുത്ത പഠാനെ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ഹര്ഭജന് പിടികൂടി. പിന്നീട് സ്കോര്‍ 68-ല്‍ എത്തിയപ്പോള്‍ 26 റണ്‍സെടുത്ത ഗംഭീറും മടങ്ങി. ഓജയുടെ പന്തില്‍ ഹര്ഭജന് പിടിച്ചാണ് ഗംഭീര്‍ മടങ്ങിയത്. പിന്നീട് 37 റണ്‍സെടുത്ത കല്ലിസിന്റെയും 33 റണ്‍സെടുത്ത മനോജ് തിവാരിയുടെയും 31 റണ്‍സെടുത്ത മോര്‍ഗന്റെയും മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ് കൊല്‍ക്കത്ത 159 റണ്‍സ് എന്ന ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. മുംബൈക്ക് വേണ്ടി മിച്ചല്‍ ജോണ്സണ്, മലിംഗ, പ്രഗ്യാന്‍ ഓജ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
160 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ തുടക്കത്തില്‍ തന്നെ കൊല്‍ക്കത്ത ഞെട്ടിച്ചു. രണ്ട് റണ്‍സെടുത്ത സച്ചിനെ നരേയന് ക്ലീന്‍ ബൗള്‍ഡാക്കുമ്പോള്‍ സ്കോര്‍ 4.5 ഓവറില്‍ 29 റണ്‍സ് മാത്രം. പിന്നീടുവന്ന ദിനേശ് കാര്‍ത്തിക്കിനും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഏഴ് റണ്‍സെടുത്ത കാര്‍ത്തിക്കിനെ സേനാനായകെ വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ 2ന് 64. പിന്നീട് സ്മിത്തും രോഹിത്ത് ശര്‍മയും ചേര്‍ന്നാണ് മുംബൈയെ കരയേറ്റിയത്. 45 പന്തില്‍ മൂന്ന് ബൗണ്ടറികളും അഞ്ച്സിക്സറുകളുമടക്കം 62 റണ്‍സ് നേടിയ ശേഷമാണ് സ്മിത്ത് പുറത്തായത്. സ്കോര്‍ 11 ഓവറില്‍ 3ന് 82. പിന്നീട് രോഹിത് ശര്‍മ്മയും പൊള്ളാര്‍ഡും ചേര്‍ന്ന് സ്കോര്‍ 132ല്‍ എത്തിച്ചു. 28 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 34 റണ്‍സെടുത്ത രോഹിത് ശര്‍മയെ നരേയ്ന് സ്വന്തം പന്തില്‍ പിടികൂടി. തുടര്‍ന്ന് വിജയത്തിന് 12 റണ്‍സ് അകലെവച്ച് പൊള്ളാര്‍ഡും മടങ്ങി. 24 പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറിയും ഒരു സിക്സറുമടക്കം 33 റണ്‍സെടുത്ത പൊള്ളാര്‍ഡിനെ ഭാട്ടിയയുടെ പന്തില്‍ തിവാരി പിടികൂടി. അവസാന ഓവറിലെ ആദ്യ പന്തിലാണ് പൊള്ളാര്‍ഡ് മടങ്ങിയത്. ഇതോടെ അഞ്ച് പന്തില്‍ നിന്ന് ജയിക്കാന്‍ 10 റണ്‍സ് വേണമെന്ന നിലയിലായി മുംബൈ. അടുത്ത പന്തില്‍ റായിഡു സിംഗിളെടുത്ത് സ്ട്രൈക്ക് ഹര്ഭജന് കൈമാറി. നേരിട്ട ആദ്യ പന്ത് തന്നെ ഹര്ഭജന് സിക്സറിന് പറത്തിയതോടെയാണ് മുംബൈയുടെ വിജയം ഉറപ്പായത്. ഈ ഓവറിലെ അഞ്ചാം പന്തില്‍ റായിഡു ബൗണ്ടറിയും നേടിയതോടെ മുംബൈക്ക് വിജയം സ്വന്തമായി. കൊല്‍ക്കത്തക്ക് വേണ്ടി നരേയ്ന് നാല് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: