ചെന്നൈ: സൂര്യനെ തളയ്ക്കാന്‍ ധോണിയും സംഘവും ഇന്നിറങ്ങും. ഐപിഎല്ലില്‍ ഏറ്റവുമധികം കിരീടം അണിഞ്ഞ ചെന്നൈ സൂപ്പര്‍ കിംഗ്സും ആദ്യ ഐപിഎല്‍ മാമാങ്കത്തിനിറങ്ങിയ സണ്‍റൈസേഴ്സും ആദ്യമായി കളിക്കളത്തില്‍ ഏറ്റുമുട്ടുന്നു. ഇരു ടീമുകളും വിജയങ്ങളുമായി സീസണില്‍ മുന്നേറുകയാണ്. രാജസ്ഥാന് റോയല്‍സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈയും പഞ്ചാബിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്സും കിരീട പോരാട്ടത്തില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചെപ്പോക്കില്‍ ഇറങ്ങുന്നത്.
കൂട്ടായ പ്രകടനങ്ങളുടെ പിന്‍ബലത്തിലാണ് സണ്‍റൈസേഴ്സിന്റെ വിജയം. ചെന്നൈയെ സംബന്ധിച്ച് ഓരോ മത്സരത്തിലും ഒരാള്‍ ടീമിനെ സ്വന്തം ചിറകിലേറ്റി വിജയതീരത്തിലെത്തിക്കുന്നു. ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ചെന്നൈയില്‍ വിലക്കുള്ളതിനാല്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര കളിക്കില്ല. സംഗക്കാരയുടെ അഭാവം സണ്‍റൈസേഴ്സിന്റെ ബാറ്റിങ് നിരയെ ദുര്‍ബലമാക്കും. പരിക്ക് മാറി ഇന്ത്യയുടെ വീരന് ശിഖര്‍ ധവാന് അന്തിമ ഇലവനില്‍ കളിയ്ക്കുമെന്നാണ് സൂചന.
ശക്തമായ ബൗളിങ് നിരയാണ് സണ്‍റൈസേഴ്സിന്റെ ശക്തി. സ്റ്റെയിന്, ഇഷാന്ത് ശര്‍മ്മ, അമിത് മിശ്ര എന്നിവര്‍ ഫോമിലുള്ള ചെന്നൈ ബാറ്റിങ് നിരയില്‍ വിള്ളല്‍ വീഴ്ത്തുവാനുള്ള കരുത്തുള്ളവരാണ്. മറുപക്ഷത്ത് മുന്‍ നിര ബാറ്റിങ് നിര എല്ലാം തന്നെ ഫോമിലാണ്. ഏഴ് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയങ്ങളാണ് ഇരു ടീമുകള്‍ക്കും. മത്സരം രാത്രി എട്ട് മണിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: