ന്യൂദല്‍ഹി: ഇല്ല, ചെകുത്താന്മാര് രക്ഷപ്പെടില്ല. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് അടുത്ത മത്സരത്തില്‍ വീണ്ടും തോറ്റു. പഞ്ചാബ് കിംഗ്സ് ഇലവനോടാണ് ദല്‍ഹി എട്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന് കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഡെയര്‍ ഡെവിള്‍സ് ഏഴു വിക്കറ്റിന് 120 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്ത കിംഗ്സ് ഇലവന് 18 പന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 121 റണ്‍സെടുത്തു. 39 പന്തുകളില്‍ 34 റണ്‍സെടുത്ത് പുറത്താകാതെനിന്ന ഡേവിഡ് മില്ലറാണ് വിജയശില്പി. എട്ട് മത്സരങ്ങളില്‍ നിന്ന് ഏഴാമത്തെ പരാജയമാണ് സെവാഗിന്റെ ദല്‍ഹി നേരിട്ടത്. ഇതോടെ ദല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു. രണ്ട് പോയിന്റ് മാത്രം നേടിയ അവര്‍ ഏറ്റവും പിന്നിലാണ്. എട്ടു കളികളില്‍നിന്ന് 12 പോയിന്റ് നേടിയ റോയല്‍ ചലഞ്ചേഴ്സാണ് ഏറ്റവും മുന്നില്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കിംഗ്സ് ഇലവന്റെ ഹര്‍മീത് സിംഗാണ് മാന്‍ ഓഫ് ദി മാച്ച്.
ടോസ് നേടിയ കിംഗ്സ് ഇലവന് നായകന് ആഡം ഗില്‍ക്രിസ്റ്റ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മുംബൈക്കെതിരായ പ്രകടനത്തിന്റെ ഏഴയലത്തുപോലും എത്താന്‍ ജയവര്ദ്ധനെക്കും സംഘത്തിനും കഴിഞ്ഞില്ല. സ്കോര്‍ബോര്‍ഡില്‍ 45 റണ്‍സ് എത്തിയപ്പോഴേക്കും ജയവര്‍ദ്ധനയെയും (4), വാന്‍ ഡര് മെര്‍വും (8), സെവാഗും (23) പവലിയനിലേക്ക് മടങ്ങി. ജയവര്‍ദ്ധനെയെ പ്രവീണ്‍കുമാറും സെവാഗിനെ ഹര്‍മീത് സിംഗും വാന്‍ ഡര് മെര്‍വിനെ അവാനയുമാണ് മടക്കിയത്. പിന്നീട് വാര്‍ണറും ജുനേജയും ചേര്‍ന്ന് സ്കോര്‍ 13.3 ഓവറില്‍ 84-ല്‍ എത്തിച്ചു. എന്നാല്‍ 14 റണ്‍സെടുത്ത ജൂനേജയെ ഹര്‍മീത് സിംഗ് അവാനയുടെ കൈകളിലെത്തിച്ചു. പിന്നീട് അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ കേദാര്‍ ജാദവിനെയും ബോത്തയെയും ദല്‍ഹിക്ക് നഷ്ടമായി.
രണ്ട് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന കേദാര്‍ ജാദവിനെ ഹര്‍മീത് സിംഗ് മന്ദീപ് സിംഗിന്റെ കൈകളിലെത്തിച്ചപ്പോള്‍ ഒരു റണ്‍സെടുത്ത ബോത്തയെ ഭാര്‍ഗവ് ഭട്ട് മില്ലറിന്റെ കൈകളിലെത്തിച്ചു. സ്കോര്‍ 103-ല്‍ എത്തിയപ്പോള്‍ 36 പന്തില്‍ ഒരു സിക്സറും നാലു ഫോറുമടക്കം 40 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും മടങ്ങി. ദല്‍ഹി ഇന്നിംഗ്സിലെ ടോപ് സ്കോററായ വാര്‍ണറെ പ്രവീണ്‍കുമാര്‍ ബൗള്‍ഡാക്കിയാണ് മടക്കിയത്. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ഇര്ഫാന് പഠാന് 17 പന്തില്‍ 14 റണ്‍സെടുത്തും അഗാര്‍ക്കര്‍ 9 റണ്‍സെടുത്തും പുറത്താകാതെ നിന്നു. കിംഗ്സ് ഇലവന് വേണ്ടി ഹര്‍മീത് സിംഗ് മൂന്നുവിക്കറ്റുകളും പ്രവീണ്‍കുമാര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
121 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കിംഗ്സ് ഇലവന് സ്കോര്‍ 6 റണ്‍സിലെത്തിയപ്പോള്‍ ആദം ഗില്‍ക്രിസ്റ്റിന് നഷ്ടമായി. ഇര്ഫാന് പഠാന്റെ പന്തില്‍ ബോത്തക്ക് ക്യാച്ച് നല്‍കിയാണ് ഗില്‍ക്രിസ്റ്റ് മടങ്ങിയത്. പിന്നീട് മന്ദീപ് സിംഗിന്റെയും (24), പൊമര്ബാക്കിന്റെയും (18), ഡേവിഡ് ഹസ്സിയുടെയും (20) ഡേവിഡ് മില്ലറുടെയും (34 നോട്ടൗട്ട്) മികച്ച പ്രകടനമാണ് കിംഗ്സ് ഇലവനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. മനന്‍വോറ എട്ട് റണ്‍സെടുത്ത് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: