ആലപ്പുഴ: വന്‍ അഴിമതിക്ക് കളമൊരുക്കി നിലവിലുള്ള മുഴുവന്‍ ഹൗസ്ബോട്ടുകള്‍ക്കും ലൈസന്‍സ് നല്കാന് നീക്കം. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ച ഹൗസ്ബോട്ടുകള്‍ക്കും ലൈസന്‍സ് നല്‍കുന്നത് ഈ മേഖലയെ സംരക്ഷിക്കാനാണെന്നാണ് അധികൃതരുടെ വാദം.
ലൈസന്‍സ് നല്‍കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിച്ചാല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ഹൗസ് ബോട്ടുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയില്ല. ഇത് കോടികളുടെ നഷ്ടത്തിനും അതുവഴി കായല്‍ ടൂറിസം മേഖലകളുടെ തകര്‍ച്ചയ്ക്കും ഇടയാക്കുമെന്നും അധികൃതര്‍ പറയുന്നു. നിലവില്‍ ഹൗസ്ബോട്ടുകളില്‍ പരിശോധന നടത്തി ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരം തുറമുഖ വകുപ്പിനാണ്. ആലപ്പുഴ, കോട്ടയം, കൊല്ലം, എറണാകുളം എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന പകുതിയിലേറെ ഹൗസ്ബോട്ടുകള്‍ക്കും ലൈസന്‍സില്ല. അതിനാല്‍ തന്നെ ഇവയ്ക്കൊന്നും ഇന്‍ഷ്വറന്‍സ് പരിരക്ഷയുമില്ല.
കേരള ഉള്‍നാടന്‍ ജലയാന നിയമം ഭേദഗതി ചെയ്യുന്നതിന്റെ മറവിലാണ് നിലവില്‍ മതിയായ സുരക്ഷാമാനദണ്ഡങ്ങളും മാലിന്യ നിര്‍മാര്‍ജന സൗകര്യങ്ങളുമില്ലാത്ത ഹൗസ്ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്കാന് തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ളവയ്ക്ക് ലൈസന്‍സ് നല്‍കുകയും പുതുതായി നിര്‍മിക്കുന്നവയ്ക്ക് പുതിയ നിയമത്തിന് വിധേയമായി ലൈസന്‍സ് നല്‍കാനുമാണ് തീരുമാനം.
ചട്ടങ്ങളില്‍ ഇളവ് നല്കി നിലവിലുള്ള ഹൗസ്ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതോടെ ഇവയ്ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നതിനും കളമൊരുക്കും. ഹൗസ്ബോട്ട് അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ഹൗസ്ബോട്ടുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ മുഴുവന്‍ ഹൗസ്ബോട്ടുകള്‍ക്കും ചട്ടങ്ങളില്‍ ഇളവ് നല്കി ലൈസന്‍സ് നല്‍കുകയെന്ന എളുപ്പ മാര്‍ഗമാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാ ഹൗസ്ബോട്ടുകളിലും നടപ്പാക്കുകയെന്ന ലക്ഷ്യം ഇതോടെ പാളുമെന്ന് ഉറപ്പായിരിക്കുകയാണ്. വിനോദസഞ്ചാരികളുടെ സുരക്ഷയല്ല ഹൗസ്ബോട്ടുടമകളുടെ താല്പര്യങ്ങള് സംരക്ഷിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: