തിരുവനന്തപുരം: ശിവഗിരി മഠത്തില്‍ ശ്രീനാരായണ ധര്‍മമീമാംസാ പരിഷത്തില്‍ പങ്കെടുക്കാന്‍ ഗുജറാത്തു മുഖ്യമന്ത്രി നരേന്ദ്ര മോദി വരുന്നതിനാല്‍ അവിടെ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ശിവഗിരിയില്‍ 24നാണ് ശ്രീനാരായണ ധര്‍മമീമാംസാ പരിഷത്തില്‍ നരേന്ദ്ര മോദി പങ്കെടുക്കുന്നത്. മറ്റൊരു ചടങ്ങില്‍ ശതോത്തര രജതജൂബിലി സമ്മേളനമാണ് വി.എസ് ഉദ്ഘാടനം ചെയ്യേണ്ടത്. രണ്ടു വ്യത്യസ്ത പരിപാടികളിലാണെങ്കിലും വിട്ടുനില്‍ക്കുമെന്ന് വി.എസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ നോട്ടീസ് കണ്ടപ്പോഴാണ് മോദി പങ്കെടുക്കുന്ന കാര്യം അറിഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. നാരായണ ഗുരുവിന്റെ തത്വങ്ങള്‍ക്ക് പൂര്‍ണമായും എതിരാണ് നരേന്ദ്രമോഡിയുടെയും കൂട്ടരുടെയും പ്രത്യയശാസ്ത്രവും പ്രവര്‍ത്തനവും. അതുകൊണ്ടുതന്നെ മോഡി പങ്കെടുക്കുന്ന പരിപാടിയില്‍ സംബന്ധിക്കാന്‍ തനിക്കാവില്ല. ഇക്കാര്യം ശിവഗിരി മഠാധിപതി പ്രകാശാനന്ദ സ്വാമിയെ അറിയിച്ചിട്ടുണ്ടെന്നും വി.എസ് പറഞ്ഞു.
ശിവഗിരി ധര്‍മമീമാംസാ പരിഷത്തിന്റെ കനകജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ നരേന്ദ്രമോദിയെയും അരുവിപ്പുറം പ്രതിഷ്ഠയുടെ ശതോത്തര രജതജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ വി.എസിനെയുമാണ് ശിവഗിരിമഠം ക്ഷണിച്ചിരുന്നത്. നരേന്ദ്ര മോദിയുമായി മന്ത്രി ഷിബു ബേബി ജോണ്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് യു.ഡി.എഫ് നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സന്ദര്‍ശനം നടത്തിയത് അറിഞ്ഞിട്ടില്ലെന്നു പറയുന്ന മുഖ്യമന്ത്രിയുടെ നിലപാട് അവിശ്വസനീയമാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കണം. ഗുജറാത്ത് മോഡലിനെ കേരള സര്‍ക്കാര്‍ പ്രകീര്‍ത്തിക്കുന്നത് അത്ഭുതകരമാണ്. ഗുജറാത്ത് മോഡല്‍ കേരളത്തിലും നടപ്പാക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: