ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയം ഇളകി മറിയുമ്പോള്‍ ജ്ഞാനപീഠം ജേതാവ് മഹാശ്വേതാ ദേവിക്ക് എറണാകുളത്തെ തോപ്പുംപടിയില്‍നിന്നും ഒരു ഫോണ്‍ കോള്‍. കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചക്ക് പുതിയ മാനത്തിനും ചര്‍ച്ചയ്ക്കും ഈ ഫോണ്‍വിളി നിദാനമായിത്തീരുമെന്ന് മജീന്ദ്രന് ഒരിക്കല്‍പ്പോലും വിചാരിച്ചില്ല. സിപിഎം നേതാവ് എം.എം.മണി മഹാശ്വേതാ ദേവിക്കെതിരെ കടുത്ത ആരോപണങ്ങള്‍ തൊടുത്തുവിടുന്ന സാഹചര്യമായിരുന്നു അത്: ദീദി….ഇന്നത്തെ കേരള രാഷ്ട്രീയത്തില്‍ നിങ്ങളുടെ മറുപടി അനിവാര്യമാണ്. നിങ്ങളുടെ മറുപടിക്കായി കേരളം കാതോര്‍ക്കുന്നുണ്ട്. മഹാശ്വേത മജീന്ദ്രന് ഉറപ്പു നല്കി. തീര്‍ച്ചയായും എന്റെ മറുപടി ഉടനെ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാന്‍ കഴിയും.
ഇതേത്തുടര്‍ന്ന് മഹാശ്വേതാ ദേവി സിപിഎം സെക്രട്ടറി പിണറായി വിജയന് ഒരു തുറന്ന കത്ത് എഴുതുകയായിരുന്നു. മഹാശ്വേതാ ദേവിയുടെ കത്ത് കേരളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ അച്ചടിച്ചുവന്നു. കത്തിന്റെ ആരംഭം ഇങ്ങനെയായിരുന്നു. കേരളത്തിലെ തോപ്പുംപടി എന്ന സ്ഥലത്തെ മത്സ്യത്തൊഴിലാളി പ്രവര്‍ത്തകനായ മജീന്ദ്രന് എന്നെ വിളിച്ചപ്പോഴാണ് ഇവിടുത്തെ കാര്യങ്ങളുടെ ഗൗരവം പിടികിട്ടുന്നത്. തുടര്‍ന്ന് കത്തില്‍ മജീന്ദ്രനെക്കുറിച്ച് മൂന്നിടങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. സംഭവം കേരളത്തില്‍ ചര്‍ച്ചയായി കത്തിപ്പടരുമ്പോള്‍… മഹാശ്വേതാ ദേവി കത്തില്‍ പ്രതിപാദിച്ച മജീന്ദ്രന്… എന്ന ചെറുപ്പക്കാരനെ അന്വേഷിച്ച് വിവിധ മാധ്യമസംഘങ്ങള്‍ എത്തിത്തുടങ്ങി. മഹാശ്വേതാദേവിയെ സ്വാധീനിക്കാന്‍ തക്ക ബന്ധം, സ്വാധീനം ഇതൊക്കെ മജീന്ദ്രന് എങ്ങനെയുണ്ടായി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ചുകൊണ്ട് മറുപടിനല്കി. കേരളം അറിയേണ്ടത് മഹാശ്വേതയിലൂടെ അറിഞ്ഞുകഴിഞ്ഞു. ഇതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നായിരുന്നു 42 കാരനായ ഈ ചെറുപ്പക്കാരന്റെ മറുപടി.
മജീന്ദ്രന് പലപ്പോഴും അങ്ങനെയാണ്. ചെയ്യേണ്ടത് ആത്മാര്‍ത്ഥമായും നിസ്വാര്‍ത്ഥമായും ചെയ്യും. ഫലത്തെക്കുറിച്ച് ചിന്തിക്കാറുമില്ല. നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനായി മജീന്ദ്രന് അറിയപ്പെടുന്നതിനും കാരണമിതാണ്. വില്ലേജ് ഓഫീസ് മുതല്‍ നാട്ടുകാരുടെ കാര്യങ്ങളുമായി സെക്രട്ടറിയേറ്റ് വരെ പോകാനും മജീന്ദ്രന് നാട്ടുകാരുടെ ഒപ്പമുണ്ടാകും. കഴിഞ്ഞ ഇരുപത് കൊല്ലമായി സജീവമായി പൊതുരംഗത്തെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് മജീന്ദ്രന്. പ്ലാച്ചിമട പ്രക്ഷോഭം മുതല്‍ ബിഒടി സമരങ്ങള്‍ വരെ. മജീന്ദ്രന് പ്രക്ഷോഭങ്ങളുടെ തീച്ചൂളയിലേക്ക് എടുത്ത് ചാടുകയായിരുന്നു. മൂലമ്പള്ളി സമരരംഗത്ത്. സമരങ്ങളുടെ അവസാനം വരെ മജീന്ദ്രന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.
കേരളത്തിലും ആദിവാസി ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ അസംഘടിതരായ വഴിയോരക്കച്ചവടക്കാര്‍ക്കായി സംഘടനയുണ്ടാക്കി അവര്‍ക്കായി പ്രവര്‍ത്തിച്ചു. കേരളം, തമിഴ്നാട്, കര്‍ണാടക തുടങ്ങിയിടങ്ങളില്‍ കര്‍ഷക കൂട്ടായ്മ രൂപപ്പെടുന്നതിനായി യത്നിച്ചു.
പാരിസ്ഥിതിക, കുടിവെള്ള സമരങ്ങള്‍ക്ക് പുതിയ മുഖം നല്കിയ മജീന്ദ്രന് കേരളത്തിലെ വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കളുമായി നല്ല ബന്ധം സൂക്ഷിക്കുന്നു. മേധാ പട്കര്‍, ദയാഭായി തുടങ്ങിയ ദേശീയ നേതാക്കളും മജീന്ദ്രനെ അടുത്തറിയുന്നവരാണ്. അവിവാഹിതനായ മജീന്ദ്രന് പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ വിവിധ പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സൗത്ത് മൂലങ്കുഴിയില്‍ വെളീപ്പറമ്പില്‍ പരേതനായ ദയാനന്ദന്റേയും മല്ലികയുടേയും മകനാണ്.
കെ.കെ. റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: