ആലപ്പുഴ: ഒരു നോവല്‍ രണ്ട് വ്യത്യസ്ത പേരുകളില്‍ പ്രസിദ്ധീകരിച്ച് നോവലിസ്റ്റ് വായനക്കാരെയും സഹൃദയരെയും കബളിപ്പിച്ചതായി പരാതി. മാന്ത്രിക നോവലിസ്റ്റ് എന്ന നിലയില്‍ പ്രശസ്തനായ ഏറ്റുമാനൂര്‍ ശിവകുമാറിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
2011 ജനുവരിയില്‍ പ്രീയതാ ബുക്സ് ഏറ്റുമാനൂര്‍ ശിവകുമാര്‍ രചിച്ച ‘പരകായം’ എന്ന നോവല്‍ പ്രസാധനം ചെയ്തിരുന്നു. ഇതേ നോവല്‍ തന്നെ അതേവര്‍ഷം ആഗസ്റ്റില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ‘ആരണ്യഹൃദയം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.
രണ്ട് പ്രസാധകര് രണ്ടുപേരില്‍ പ്രസിദ്ധീകരിച്ച് നോവല്‍ ഒന്നുതന്നെയാണെന്നതാണ് വാസ്തവം. പേരില്‍ അല്ലാതെ യാതൊരു മാറ്റവും ഇരു നോവലുകള്‍ തമ്മിലില്ല. ‘ആരണ്യഹൃദയ’ത്തിന് മാന്ത്രിക നോവലെന്ന് വിശേഷണവും കൂടിയുണ്ട്. ഒരാളുടെ കൃതികള്‍ മറ്റുള്ളവര്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിച്ച് കബളിപ്പിക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ടെങ്കിലും ഒരാള്‍ തന്നെ ഒരേ കൃതി രണ്ടുപേരില്‍ രണ്ട് പ്രസാധകരെ കൊണ്ട് പ്രസിദ്ധീകരിച്ച് വായനക്കാരെ കബളിപ്പിക്കുന്നത് ഇത് ആദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
റീജണല്‍ കണ്‍സ്യൂമര്‍ ഗൈഡന്‍സ് ആന്റ് വെല്‍ഫയര്‍ സൊസൈറ്റി ചെയര്മാന് ജി.രാജേന്ദ്രന് ഇത് സംബന്ധിച്ച് അഡ്വ.ബി.ശിവദാസ് മുഖേന ഏറ്റുമാനൂര്‍ ശിവകുമാറിന് വക്കീല്‍ നോട്ടീസ് അയച്ചു. നോവലിസ്റ്റിന്റെ നടപടി ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെയും പകര്‍പ്പവകാശ നിയമത്തിന്റെയും സിവില്‍-ക്രിമനല്‍ നിയമങ്ങളുടെയും ലംഘനമാണ്.
രണ്ടുപേരുകളില്‍ എഴുതി രണ്ട് പ്രസാധകരെ കൊണ്ട് പ്രസിദ്ധീകരിപ്പിച്ച് വില്പന നടത്തിയ ഒരേ നോവല്‍ തന്നെയായ ‘ആരണ്യ ഹൃദയ’വും ‘പരകായവും’ പിന്‍വലിച്ച് വായനക്കാരോട് പത്രമാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
രാജേന്ദ്രന് യാദൃശ്ചികമായി രണ്ട് നോവലുകളും വായിക്കാനിടയായതിനാലാണ് സാഹിത്യരംഗത്ത് നടക്കുന്ന ഇത്തരം തട്ടിപ്പുകള്‍ പുറത്തുവരാനിടയായത്. ഇതെ നോവലിസ്റ്റോ മറ്റുള്ളവരോ ഇത്തരം തട്ടിപ്പുകള്‍ മുന്‍പ് നടത്തിയിട്ടുണ്ടോയെന്നും അന്വേഷണം നടത്തേണ്ടത് സാഹിത്യ പ്രേമികളുടെയും സഹൃദയരുടെയും ആവശ്യകതയായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: