സൂര്യതാപം പൊള്ളിച്ചു വീഴ്ത്തുന്ന വേനല്വറുതിയിലും വിഷുക്കാലമറിയിച്ച് കണിക്കൊന്നകള്‍ പതിവ് പോലെ പൂത്തുലയുന്നു, അല്ലെങ്കിലും ‘പൂവിന് ദലങ്ങള്‍ക്കു വിരിയാതെ വയ്യ’ല്ലോ. പക്ഷേ, കാര്‍ഷികസമൃദ്ധിയുടെ പഴങ്കഥ പറഞ്ഞ് നാം വിഷുപ്പെരുമയാഘോഷിച്ചാല്‍ അത് അല്‍പ്പത്തരമാകും. കാര്‍ഷിക ഉത്സവമെന്നപേരില്‍ വിഷു ആഘോഷിക്കാന്‍ മലയാളിക്ക് ഇന്ന്് അവകാശമില്ല. ഒടുവില്‍ ആറന്മുള പോലൊരു പൈതൃക ഗ്രാമത്തിലെ പച്ചപ്പു രക്ഷിക്കാനും മഞ്ഞക്കിളിയ്ക്ക് ചേക്കറാനുള്ള ചില്ലകാക്കാനും ഒരു ഗ്രാമംതന്നെ പോരടിക്കാനിറങ്ങേണ്ടിവന്നിരിക്കുകയാണല്ലോ. നെല്ലും തെങ്ങും വെള്ളരിയും വിളഞ്ഞില്ലെങ്കില്‍ കണികാണാന്‍ നമുക്കെന്തു കാര്‍ഷിക വിഭവമെന്ന് പലര്‍ക്കും ഉത്കണ്ഠയില്ലേയില്ല.
നരകാസുരനെ വധിച്ച് ഭഗവാന് ശ്രീകൃഷ്ണന് ആസുരശക്തിക്ക് മേല്‍ നേടിയവിജയത്തിന്റെ ഓര്‍മ്മയാണ് വിഷുവെന്ന് ഐതിഹ്യം. കൊടികുത്തിവാഴുന്ന ആസുരശക്തികളെ നിഗ്രഹിക്കാനൊരാള്‍ ബാക്കിയുണ്ടായിരുന്നല്ലോ എന്ന ഓര്‍മ്മയുടെ സ്വാന്തനത്തില്‍ വിഷുവിന് എന്നും പ്രസക്തി.
കൊട്ടാരമുറിയില്‍ കടന്നെത്തി ഉറക്കം തടസ്സപ്പെടുത്തിയ സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിക്കാത്ത രാവണ ചരിതമായും വിഷു പറയപ്പെടുന്നു. രാമന് ലങ്കേശ്വരനെ നിഗ്രഹിച്ചപ്പോള്‍ സൂര്യന് പേടിയില്ലാതെ നേരേയുദിച്ചെന്നും അതില്‍ ജനങ്ങളുടെ സന്തോഷപ്രകടനമാണ് വിഷുവെന്നുമാണ് ആ കഥ.
വിധിവൈപരീത്യത്താല്‍ സൂര്യന് കത്തിയെരിയുന്ന വേളയിലാണ് ഇത്തവണ വിഷു. നേരെയുദിക്കാന് അനുവദിക്കാത്ത രാവണനെയല്ല സൂര്യന് പേടി. തന്റെ കിരണങ്ങളെ തടയുന്നതൊക്കെ വെട്ടി നിരപ്പാക്കി തീക്കാറ്റും വിഷപ്പുകയും പരത്തി മനുഷ്യന് അസുരവേഷമണിയുമ്പോള് സൂര്യനും നിസ്സഹായനാകുകയാണ്. നിരാലംബയാണ് ഭൂമിയും. അവസാനത്തെ തുള്ളിവെള്ളവും ചുരന്ന് നല്കി കുഞ്ഞേ നിനക്ക് ദാഹിക്കുന്നില്ലേ എന്ന് നിശബ്ദം ചോദിക്കുന്നുണ്ടാകും ആ അമ്മ മനസ്. വിഷുവും ഓണവും ആഘോഷങ്ങള്‍ എന്നതിനപ്പുറം ഓര്‍മ്മപ്പെടുത്തലുകളാകട്ടെ.
സമൃദ്ധിയുടെയും നന്മയുടെയും കഥകള്‍ നിറഞ്ഞ പൂര്‍വ്വകാലത്തിന്റെ നല്ല ഓര്‍മ്മകള്‍. കവി പാടും പോലെ മരണാസന്നയാണ് ഭൂമി . അത് അനുവദിക്കാതിരിക്കാന്‍ മനുഷ്യന് മനസ്സുണ്ടായിരുന്നെങ്കില്‍….
പ്രതികരിക്കാൻ ഇവിടെ എഴുതുക: