മോസ്കോ: യൂറോപ്പ ലീഗില്‍ പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സി, പോര്‍ച്ചുഗീസ് ടീം ബെനഫിക്ക, സ്വിസ് ടീം ബാസെല്‍, തുര്‍ക്കി ക്ലബ് ഫെനര്‍ബാഷെ എന്ന ടീമുകള്‍ സെമിഫൈനലില്‍ പ്രവേശിച്ചു.
മോസ്കോയില്‍ നടന്ന മത്സരത്തില്‍ റഷ്യന്‍ ടീം റൂബി കസാനോട് പരാജയപ്പെട്ടിട്ടും ആദ്യപാദത്തിലെ മികച്ച വിജയത്തിന്റെ കരുത്തിലാണ് ചെല്‍സി അവസാന നാലില്‍ ഇടംപിടിച്ചത്. ഇന്നലെ നടന്ന രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെല്‍സി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റൂബി കസാനോട് കീഴടങ്ങിയത്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന ആദ്യപാദത്തില്‍ ചെല്‍സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വിജയിച്ചാണ് ചെല്‍സി യൂറോപ്പ ലീഗിന്റെ അവസാന നാലില്‍ ഇടംപിടിച്ചത്. രണ്ട് തവണ പിന്നിട്ടുനിന്നശേഷം ശക്തമായി തിരിച്ചടിച്ചാണ് റൂബിന് കസാന്‍ നീലപ്പടയെ സ്വന്തം തട്ടകത്തില്‍ കെട്ടുകെട്ടിച്ചത്.
മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ചെല്‍സി മുന്നിലെത്തി. സൂപ്പര്‍ സ്ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസാണ് ചെല്‍സിക്ക് ലീഡ് നേടിക്കൊടുത്തത്. പ്ലേ മേക്കര്‍ ഫ്രാങ്ക് ലംപാര്‍ഡിന്റെ പാസ് സ്വീകരിച്ച് 25 വാര അകലെനിന്ന് ടോറസ് പായിച്ച ഷോട്ട് റൂബിന് വലയില്‍ തറച്ചുകയറി. ഈ ഒരു ഗോളിന് ചെല്‍സി ആദ്യപകുതിയില്‍ മുന്നിട്ടുനിന്നു. പിന്നീട് മത്സരത്തിന്റെ 51-ാം മിനിറ്റില്‍ റൂബിന് കസാന്‍ സമനില പിടിച്ചു. പാബ്ലോ ഒര്ബയിസിന്റെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ഇവാന് മാര്‍ക്കാനോ ചെല്‍സി വലയിലെത്തിച്ചു. നാല് മിനിറ്റിനുശേഷം ചെല്‍സി വീണ്ടും മുന്നിലെത്തി. റാമിറസിന്റെ പാസില്‍ നിന്ന് വിക്ടര്‍ മോസസാണ് ചെല്‍സിയെ മുന്നിലെത്തിച്ചത്.
ഇതോടെ ചെല്‍സി വിജയം ഉറപ്പിച്ചെങ്കിലും അപ്രതീക്ഷിതമായ തിരിച്ചടിയില്‍ പ്രതിരോധം ആടിയുലഞ്ഞു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 62-ാം മിനിറ്റില്‍ റൂബിന് വീണ്ടും സമനില പിടിച്ചു. ക്രിസ്റ്റ്യന്‍ അന്‍സാല്‍ഡിയുടെ പാസില്‍ നിന്ന് കരാഡെന്നീസാണ് റൂബിന് സമനില നേടിക്കൊടുത്തത്. പിന്നീട് 75-ാം മിനിറ്റില്‍ റൂബിന് വിജയഗോള്‍ സ്വന്തമാക്കി. അലക്സാണ്ടര്‍ സനറ്റ്സേവിനെ സെസാര്‍ ബോക്സിനുള്ളില്‍ വച്ച് വീഴ്ത്തിയത് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് റൂബിന് കസാന്റെ വിജയഗോള്‍ പിറന്നത്. കിക്കെടുത്ത ബര്‍ബാസ് നാറ്റ്ചോ ചെല്‍സിയുടെ വിഖ്യാത ഗോളി പീറ്റര്‍ ചെക്കിനെ കീഴ്പ്പെടുത്തി പന്ത് വലയിലെത്തിച്ചു.
മറ്റൊരു മത്സരത്തില്‍ ആദ്യപാദത്തില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ കരുത്തില്‍ ബെനഫിക്ക ന്യൂകാസിലിനെ കീഴടക്കി സെമിയില്‍ പ്രവേശിച്ചു. ആദ്യപാദത്തില്‍ നേടിയ 3-1ന്റെ വിജയമാണ് ബെനഫിക്കയെ തുണച്ചത്. രണ്ടാം പാദം ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഇരുപാദങ്ങളിലുമായി 4-2ന്റെ വിജയവുമായാണ് ബെനഫിക്ക അവസാന നാലിലേക്ക് കുതിച്ചത്. ന്യൂകാസിലിന്റെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദ മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. പിന്നീട് 71-ാം മിനിറ്റില്‍ സിസെയിലൂടെ ന്യൂകാസില്‍ മുന്നിലെത്തിയെങ്കിലും 90-ാം മിനിറ്റില്‍ എഡ്വേര്‍ഡോ സാല്‍വിയോ ബെനഫിക്കയുടെ സമനിലഗോള്‍ സ്വന്തമാക്കി.
പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മറ്റൊരു മത്സരത്തില്‍ ടോട്ടനത്തെ കീഴടക്കി ബാസല്‍ സെമിയില്‍ പ്രവേശിച്ചു. ആദ്യപാദവും രണ്ടാംപാദവും 2-2ന് സമനിലയില്‍ കലാശിച്ചു. ഇതോടെ ഇരുപാദങ്ങളിലുമായി ഗോള്‍നില 4-4 എന്നായി. തുടര്‍ന്നാണ് പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ ടോട്ടനത്തിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ ഇമ്മാനുവല്‍ അഡബയോറും ടോം ഹഡില്‍സ്റ്റണും കിക്കുകള്‍ പാഴാക്കി. ബാസലിന് വേണ്ടി ഫാബിയാനും, മാര്‍ക്കോ സ്റ്റെല്ലറും ഫാബിയാന്‍ ഫ്രേയും മാര്‍ക്കോ ഡയസും ലക്ഷ്യം കണ്ടപ്പോള്‍ സിഗുര്ഡ്സണ് മാത്രമാണ് സ്പോട്ട് കിക്ക് ലക്ഷ്യത്തിലെത്തിച്ചത്.
ബാസലിന്റെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് ടോട്ടനമായിരുന്നു. 23-ാം മിനിറ്റില്‍ ഡെമ്പ്സിയിലൂടെയാണ് ടോട്ടനം മുന്നിലെത്തിയത്. മൂന്നുമിനിറ്റിനുശേഷം മുഹമ്മദ് സലാഹയിലൂടെ ബാസല്‍ സമനില പിടിച്ചു. പിന്നീട് 49-ാം മിനിറ്റില്‍ ഡ്രാഗോവിച്ചിലൂടെ ബാസല്‍ മുന്നിലെത്തിയെങ്കിലും 82-ാം മിനിറ്റില്‍ ഡെമ്പ്സിയിലൂടെ വീണ്ടും ടോട്ടനം സമനില പാലിച്ചു. തുടര്‍ന്നാണ് പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
മറ്റൊരു മത്സരത്തില്‍ കരുത്തരായ ലാസിയോയെ കീഴടക്കി ഫെനര്‍ബാഷെ സെമിയില്‍ പ്രവേശിച്ചു. ആദ്യപാദത്തില്‍ നേടിയ 2-0ന്റെ വിജയമാണ് ഫെനര്‍ബാഷെക്ക് സെമി സ്ഥാനം നേടിക്കൊടുത്തത്. രണ്ടാം പാദമത്സരം 1-1ന് സമനിലയില്‍ കലാശിച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 61-ാം മിനിറ്റില്‍ ലുലിക്ക് ലാസിയോക്കുവേണ്ടിയും 73-ാം മിനിറ്റില്‍ എര്കിന് ഫെനര്‍ബാഷെക്ക് വേണ്ടിയും ഗോളുകള്‍ നേടി. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചാണ് ഫെനര്‍ബാഷെ അവസാന നാലില്‍ ഇടംപിടിച്ചത്.
സെമിഫൈനല്‍ മത്സരങ്ങളില്‍ ചെല്‍സി എഫ്സി ബാസലുമായും ബെനഫിക്ക ഫെനര്ബാഷെയുമായും ഏറ്റുമുട്ടും. ആദ്യപാദ സെമി പോരാട്ടങ്ങള്‍ 25നും രണ്ടാം പാദം മെയ് രണ്ടിനും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: