തിരുവനന്തപുരം: ഫ്രോസ്റ്റ് ആന്‍ഡ് സള്ളിവന്‍സ് 2013 നോര്‍ത്ത് അമേരിക്കന്‍ ഇന്റഗ്രേറ്റഡ് പ്രീബയോട്ടിക് ഡെലിവറി ടെക്നോളജി ഇന്നൊവേഷന് അവാര്‍ഡിന് മലയാളിയായ ഡോ.മുഹമ്മദ് മജീദ് നേതൃത്വം നല്കുന്ന യു.എസിലെ ആദ്യത്തെ ആയുര്വേദാഷ്ഠിത ന്യൂട്രസ്യൂട്ടിക്കല്‍ കമ്പനിയായ ന്യൂ ജേഴ്സിയിലെ സബിന്‍സ കോര്പ്പറേഷന് അര്‍ഹമായി. പ്രീബയോട്ടിക്സിന്റെയും പ്രോബയോട്ടിക്സിന്റെയും മിശ്രിതം ഉല്പാദിപ്പിക്കാനുള്ള കമ്പനിയുടെ സാങ്കേതികവിദ്യയായ ഇന്റഗ്രേറ്റഡ് ന്യൂട്രീഷണല്‍ കോമ്പോസിറ്റ്സിനാണ് നൂതനത്വത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചത്.
രണ്ടു തട്ടുള്ള ഈ സിന്‍ബയോട്ടിക്സ് ടെക്നോളജിയിലൂടെ സാധാരണഗതിയില്‍ ചേര്‍ക്കാന്‍ ബുദ്ധിമുട്ടുള്ള ഘടകങ്ങളുപയോഗിച്ച് സന്തുലിതവും കാര്യക്ഷമവുമായ മിശ്രിതങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ന്യൂജേഴ്സിയില്‍ പ്രവര്‍ത്തിക്കുന്ന സബിന്സയുടെ ഉടമസ്ഥരായ ബാംഗ്ലൂരിലെ സമി ലാബ്സ് വക്താക്കള്‍ പറഞ്ഞു. ഈ സാങ്കേതികവിദ്യയുടെ പ്രയോജനം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ സമി ലാബ്സിനു കീഴിലുള്ള സമി ഡയറക്ട് വഴി ലഭ്യമാകുന്നുണ്ട്. സബിന്സയുടെ ഐഎന്‍സി, പ്രീ-ബയോട്ടിക് വിപണിയില്‍ നൂതനവും വിപ്ലവകരവുമായ ഒരു സാങ്കേതികവിദ്യയാണെന്ന് ഫ്രോസ്റ്റ് ആന്‍ഡ് സള്ളിവന് വക്താക്കള്‍ ചൂണ്ടിക്കാട്ടി.
ഗുളികയില്‍ ചേര്‍ന്നിരിക്കുന്ന ഘടകങ്ങളെ ശരീരം എത്രസമയംകൊണ്ട് ആഗിരണം ചെയ്യുമെന്നും എപ്രകാരം പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കിക്കൊടുക്കുന്നതാണെന്ന് സാങ്കേതിക വിദ്യയെന്ന് സബിന്സയിലെ റിസര്‍ച്ച് അനലിസ്റ്റ് അര്‍പ്പിത മുഖര്‍ജി ചൂണ്ടിക്കാട്ടി. കമ്പനിക്ക് ഏറെ പ്രചോദനമാണ് ഈ പുരസ്കാരമെന്നും കൂടുതല്‍ ഊര്‍ജ്ജത്തോടെ മുന്നോട്ടുപോകാന്‍ ഈ അംഗീകാരം സഹായിക്കുമെന്നും സബിന്‍സ സ്ഥാപകന്‍ ഡോ.മജീദ് പറഞ്ഞു. ഫ്രോസ്റ്റ് ആന്‍ഡ് സള്ളിവന്‍സ് നോര്‍ത്ത് അമേരിക്കന്‍ പേഴ്സണല്‍ കീയര്‍ ഇന്‍ഗ്രീഡിയന്റ് ഗ്രീന്‍ എക്സലന്‍സ് ഓഫ് ദി ഇയര്‍ അവാര്‍ഡ് 2008ല്‍ സബിന്‍സയ്ക്ക് ലഭിച്ചിരുന്നു. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഉല്പന്നങ്ങളും കാര്യക്ഷമവും സ്ഥിരതയുള്ളതുമായ വിപണി ഇടപെടലും ഉപഭോക്താക്കളെ തൃപ്തരാക്കുന്നതിലുള്ള മുന്നേറ്റവുമാണ് അന്ന് സബിന്സയെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്.
പേറ്റന്റ് ആവശ്യമില്ലാത്ത ഡ്രഗ് മോളിക്യൂളുകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന മരുന്നുകളും മറ്റും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത് വിപണിയിലെത്തിക്കുന്നതിനാണ് കൊല്ലം ചവറ സ്വദേശിയായ ഡോ.മജീദ് സബിന്‍സ സ്ഥാപിച്ചത്. മരുന്നുചെടികളെ ആഴത്തില്‍ വിശകലനം ചെയ്താണ് ന്യൂട്രസ്യൂട്ടിക്കല്‍ എന്ന ആശയം വികസിപ്പിച്ചതും തുടര്‍ന്ന് അമേരിക്കന്‍ വിപണിയിലേക്ക് ഇന്ത്യന്‍ മരുന്നുചെടികളില് നിന്നുല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള് എത്തിച്ചതും. ‘ഫുഡ് ആസ് മെഡിസിന്’ എന്ന ആശയമാണ് ന്യൂട്രസ്യൂട്ടിക്കലുകള്ക്കു പിന്നിലുള്ളത്. വിവിധ രോഗങ്ങള്‍ക്ക് ഇന്ത്യയുടെ ആയുര്‍വേദം ഉത്തമമായ സമ്പൂര്‍ണ പ്രതിവിധിയാണെന്ന് അമേരിക്കക്കാര്‍ക്കു മുന്നില്‍ ആദ്യം വ്യക്തമാക്കിക്കൊടുത്തത് ഡോ.മജീദാണ്. ഇപ്പോള്‍ ഇന്റഗ്രേറ്റഡ് മെഡിസിന് എന്ന വിഭാഗത്തില്‍പെടുന്ന ഇത് 2000ത്തോടെ കോംപ്ലിമെന്ററി മെഡിസിന് എന്ന നിലയില്‍ ഏറെ പ്രശസ്തമായിത്തുടങ്ങിയിരുന്നു.
അമ്പതാം വയസ്സിലെത്തി നില്ക്കുന്ന ഫ്രോസ്റ്റ് ആന്‍ഡ് സള്ളിവന് 1800 അനലിസ്റ്റുകളും കണ്‍സള്‍ട്ടന്റുമാരുമായി പ്രവര്‍ത്തിക്കുന്ന ആഗോള ഗവേഷണ സംഘടനയാണ്. 300ലധികം വ്യവസായങ്ങളും രണ്ടര ലക്ഷം കമ്പനികളും ഇവരുടെ നിരീക്ഷണത്തിലുണ്ട്. ഇവരുടെ തനതായ പ്രവര്‍ത്തനരീതി വിവിധ കമ്പനികള്‍ ലോകത്താകമാനം പ്രവര്‍ത്തനവിജയം നേടുന്നതും നേതൃനിരയിലെത്തുന്നതുമെങ്ങനെയെന്ന് കൃത്യമായി വിശകലനം ചെയ്യുന്നതിന് ഉതകുംവിധമുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: