കൊല്ലം: പോലീസ് സ്റ്റേഷനില്‍ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ വീടിന് സമീപത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
മാല പൊട്ടിക്കല്‍ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതി തേവലക്കര അരിനല്ലൂര്‍ ഷിബുഭവനില്‍ മനു എന്ന് വിളിക്കുന്ന പീറ്റര്‍(30) ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ നിന്നാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. മാല പൊട്ടിക്കല്‍ കേസുകളിലെ പ്രതിയായിരുന്ന ഇയാളെ ഷാഡോ പൊലീസാണ് കഴിഞ്ഞദിവസം പിടികൂടിയത്.
കൊല്ലം ഈസ്റ്റ്, കിളികൊല്ലൂര്‍, ഇരവിപുരം പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ജയിലില്‍ നിന്നിറങ്ങിയ പീറ്റര്‍ വീണ്ടും മാല പൊട്ടിക്കല്‍ ആരംഭിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഷാഡോ പോലീസ് സംഘം ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്യാനായി ഇരവിപുരം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇരുകൈകളും ചേര്‍ത്ത് കൈവിലങ്ങണിയിച്ച് ലോക്കപ്പിന് സമീപം നിര്‍ത്തിയിരിക്കുകയായിരുന്നു. ഇതിനിടെ മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്ത് പീറ്ററിനൊപ്പം നിര്‍ത്തിയിരുന്ന യുവാവ് മൂത്രമൊഴിക്കണമെന്ന് പാറാവുകാരനോട് ആവശ്യപ്പെട്ടു. ഇയാളെ ടോയ്ലറ്റിലേക്ക് കൊണ്ടുപോയ തക്കം നോക്കി പീറ്റര്‍ മുങ്ങുകയായിരുന്നു.
എന്നാല്‍ പ്രതി ചാടിപ്പോയ വിവരം ഇരവിപുരം പൊലീസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം മേലുദ്യോഗസ്ഥരെ അറിയിച്ചത്.
അതിനിടെ തേവലക്കരയിലെ വീടിന് സമീപമെത്തിയ പീറ്ററിനെ തെക്കുംഭാഗം പോലീസാണ് കസ്റ്റഡിയിലെടുത്തത്. കൈവിലങ്ങുമായി സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടതിന് പീറ്ററിനെതിരെ മറ്റൊരു കേസ് കൂടി എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: