ഇസ്താംബൂള്‍: രണ്ടാം പാദത്തില്‍ തോറ്റിട്ടും കരുത്തരായ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ആദ്യ പാദത്തിലെ വിജയത്തിന്റെയും എവേ ഗോളിന്റെയും അകമ്പടിയോടെയാണ് റയല്‍ മാഡ്രിഡ് അവസാന നാലില്‍ ഇടംപിടിച്ചത്. സ്വന്തം മൈതാനത്ത് നടന്ന ആദ്യപാദത്തില്‍ 3-0ന്റെ വിജയം സ്വന്തമാക്കിയ റയല്‍ പക്ഷേ, രണ്ടാം പാദത്തില്‍ തുര്‍ക്കി ക്ലബായ ഗലത്സരെയോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. ഇതോടെ ഇരുപാദങ്ങളിലുമായി 5-3ന്റെ വിജയം സ്വന്തമാക്കിയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗിന്റെ അവസാന നാലില്‍ ഇടംപിടിച്ചത്. രണ്ടാം പാദത്തില്‍ റയലിന് വേണ്ടി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് ഗോളുകളും നേടിയപ്പോള്‍ ഗലത്സരെയുടെ ഗോളുകള്‍ നേടിയത് എബോയോ, സ്നൈഡര്‍, ദ്രോഗ്ബ എന്നിവരാണ്.
ഇസ്താംബൂളില്‍ നടന്ന രണ്ടാം പാദത്തില്‍ തുടക്കത്തില്‍ ഉജ്ജ്വലമായി കളിച്ച റയലിന് വേണ്ടി എട്ടാം മിനിറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ ആദ്യ ഗോള്‍ നേടി. മെസ്യൂട്ട് ഓസില്‍ പന്തുമായി കുതിച്ചശേഷം സമി ഖദീരക്ക് പാസ് നല്കി. പാസ് പിടിച്ചെടുത്ത ഖദീരെ ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ക്രിസ്റ്റ്യാനോക്ക് മറിച്ചുകൊടുത്തു. പന്തുപിടിച്ചെടുത്ത ക്രിസ്റ്റ്യാനോ തൊടുത്ത ഷോട്ട് ഗലത്സരെ ഗോളിയെ നിഷ്പ്രഭനാക്കി വലയില്‍ കയറി. പിന്നീട് ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ റയലിനും സമനില ഗോള്‍ നേടാന്‍ ഗലത്സരെക്കും കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ സ്വന്തം നാട്ടുകാരുടെ മുന്നില്‍ ഗലത്സരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 57-ാം മിനിറ്റില്‍ ഗലത്സരെ സമനില പിടിച്ചു. പ്ലേ മേക്കര്‍ വെസ്ലി സ്നൈഡര്‍ തള്ളിക്കൊടുത്ത പന്ത് പിടിച്ചെടുത്ത എബോയോ ഒന്ന് വെട്ടിത്തിരിഞ്ഞ ശേഷം 18 വാര അകലെനിന്ന് തൊടുത്ത ഷോട്ട് റയല്‍ ഗോളി ഡീഗോ ലോപ്പസിനെ കീഴടക്കി വലയില്‍ പതിച്ചു. സമനില പിടിച്ചതോടെ ദ്രോഗ്ബയുടെയുടെ നേതൃത്വത്തില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കിയ ഗലത്സരെ 71-ാം മിനിറ്റില്‍ ലീഡ് നേടി. സബ്രി സരിഗോലു നല്കിയ പാസിലൂടെ വെസ്ലി സ്നൈഡറാണ് നല്ലൊരു വലംകാലന്‍ ഷോട്ടിലൂടെ റയല്‍ വല കുലുക്കിയത്. തൊട്ടടുത്ത മിനിറ്റില്‍ ഗലത്സരെ വീണ്ടും ലീഡ് ഉയര്‍ത്തി. ഇത്തവണ അവരുടെ സൂപ്പര്‍താരം ദിദിയര്‍ ദ്രോഗ്ബയാണ് ലക്ഷ്യം കണ്ടത്. വലതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറിയ ഗലത്സരെയുടെ നോര്ഡിന് അംരാബട്ട് ബോക്സിനുള്ളിലേക്ക് തള്ളിക്കൊടുത്ത പന്ത് സൂപ്പര്‍ താരം ദിദിയര്‍ ദ്രോഗ്ബ പുറംകാലുകൊണ്ട് വലയിലേക്ക് തള്ളിയിട്ടു (3-1). വീണ്ടും ദ്രോഗ്ബയുടെയും സ്നൈഡറുടെയും നേതൃത്വത്തില്‍ ഗലത്സരെ താരങ്ങള്‍ റയല്‍ പ്രതിരോധത്തെ വിറപ്പിച്ചുകൊണ്ടിരുന്നു. റയല്‍ ഗോളി ഡീഗോ ലോപ്പസിന്റെ മികച്ച ചില രക്ഷപ്പെടുത്തലും പ്രതിരോധനിര അവസരത്തിനൊത്തുയരുകയും ചെയ്തതോടെ മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞു. പിന്നീട് മത്സരം അവസാന നിമിഷങ്ങളിലേക്ക് നീങ്ങുന്നതിനിടെ റയലിന്റെ രണ്ടാം ഗോളും പിറന്നു. പകരക്കാരനായി ഇറങ്ങിയ കരിം ബെന്‍സേമയുടെ പാസില്‍ നിന്നാണ് റൊണാള്‍ഡോ തന്റെ രണ്ടാം ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ റോണോയുടെ 11-ാം ഗോളായിരുന്നു ഇത്. ഇതിനിടെ രണ്ടാം മഞ്ഞകാര്‍ഡും ലഭിച്ച ആര്ബിയോളക്ക് മൈതാനത്തുനിന്ന് പുറത്തുപോകേണ്ടിയും വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: