വടക്കാഞ്ചേരി: വടക്കാഞ്ചേരി മുന്‍സിഫ്-മജിസ്ട്രേറ്റ് കോടതികള്‍ 150-ാംവാര്ഷികനിറവില്. നാടിന്റെ നീതി നിര്‍വ്വഹണരംഗത്ത് ഒട്ടേറെ ചരിത്രം എഴുതിചേര്‍ത്ത വടക്കാഞ്ചേരി മുന്‍സിഫ്കോടതി 1862 ഒക്ടോബര്‍ 17(1038 തുലാം-2)ന് നിലവില്‍ വന്നത്. 50 രൂപ വരെയുള്ള കേസുകളാണ് തുടക്കത്തില്‍ കോടതിയുടെ പരിധി.
ഇന്നത് ഒരു ലക്ഷം രൂപവരെയായി ഉയര്‍ന്നു. 1967ല്‍ ആയിരുന്നു കോടതിയുടെ ശതാബ്ദി ആഘോഷം. ജസ്റ്റിസ് കെ.സുബ്ബാറാവു (സുപ്രീം കോടതി ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് എം.എസ്.മേനോന്( ഹൈക്കോടതി ചീഫ് ജസ്റ്റിസ്) മുഖ്യാതിഥിയും. എ.ആര്.ശ്രീനിവാസനായിരുന്നു അന്നത്തെ വടക്കാഞ്ചേരി മുന്‍സിഫ്. നാടിന് ഉത്സവം പകര്‍ന്നാണ് ശതാബ്ദി ആഘോഷം നടന്നത്.
അഡ്വക്കേറ്റ്-ക്ലര്‍ക്കുമാരുടെ നേതൃത്വത്തില്‍ നടന്ന നാടകവും ഏറെ ജനശ്രദ്ധപിടിച്ച്പറ്റി. അന്തരിച്ച പ്രശസ്ത സിനിമാതാരവും അന്ന് വക്കീല്‍ ഗുമസ്തനുമായിരുന്ന ഒടുവില്‍ ഉണ്ണികൃഷ്ണന് ഹാസ്യകഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ കയ്യടി നേടിയതും ചരിത്രമാണ്.
എറണാകുളത്തെ വക്കീലായിരുന്ന വി.ആര്.കൃഷ്ണയ്യരും അന്ന് വടക്കാഞ്ചേരിയിലെത്തി പ്രഭാഷണം നടത്തി. ഗായിക സുലോചനയുടെ നേതൃത്വത്തില്‍ ഗാനമേളയും, കഥകളിയും നടന്നു. 1862 മുതല്‍ 1967 വരെ 167 അഭിഭാഷകരാണ് വടക്കാഞ്ചേരി കോടതിയില്‍ പ്രാക്ടീസ് ചെയ്തത്. 21 അഭിഭാഷകരാണ് ശതാബ്ദി ആഘോഷവേളയില്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നത്. ഇന്നത് 65 ആയി. കൊച്ചി ലജിസ്ലേറ്റീവ് അസംബ്ലിയില്‍ 5 തവണ എം.എല്‍.സി ആയിരുന്ന പി.കുമാരനെഴുത്തച്ഛന്‍, മകളുടെ ഭര്‍ത്താവ് വി.ആര്.കൃഷ്ണനെഴുത്തച്ഛന്‍ എന്നിവര്‍ ഈ കോടതിയില്‍ പ്രാക്ടീസ് ചെയ്ത പ്രമുഖരാണ്. തോന്നൂര്‍ക്കര കോന്നനാത്ത് വീട്ടില്‍ കെ.ഭാമദേവിയായിരുന്നു ആദ്യത്തെ വനിതാ വക്കീല്‍. വിവാഹിതയായശേഷം ഇവര്‍ പ്രാക്ടീസ് ഉപേക്ഷിച്ചു. പ്രശസ്ത കവിയും, ‘ചാഞ്ചാടുണ്ണിചെരിഞ്ഞാടുണ്ണി’ എന്ന കവിതയുടെ രചയിതാവുമായ സി.എ.കുഞ്ഞുണ്ണിരാജ ഈ കോടതിയില്‍ പ്രാക്ടീസ് ചെയ്യുമ്പോഴാണ് നിര്യാതനായത്. കുന്നംകുളം സ്വദേശി എ.വി.കൊച്ചുകുഞ്ഞന്‍, തൃശൂര്‍ സ്വദേശി എം.രാമകൃഷ്ണന് തിയ്യന്നൂര്‍ എന്നിവര്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആദ്യകാല അഭിഭാഷകര്‍. ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് സോവനീറും പുറത്തിറക്കിയിരുന്നു.
പനമ്പിള്ളി ഗോവിന്ദമേനോന്, പുത്തേഴത്ത് രാമന് മേനോന്, എ.പി.ഉദയഭാനു, എം.ബാലകൃഷ്ണമേനോന്, അഡ്വ.ടി.ജി.ജോണ്‍, അഡ്വ.ഒ.ഒ.മാത്യു, അന്നത്തെ ബാര്‍ അസോസിയേഷന് പ്രസിഡന്റായിരുന്ന മുള്ളത്ത് ഭാസ്ക്കരമേനോന്‍, യു.ദിവാകരന്, എ.ആര്.പൊതുവാള്, എം.ഡി.വിദ്വാന്, പി.കെ.സുബ്രഹ്മണ്യഅയ്യര്‍, കൊടയ്ക്കാടത്ത് ബാലകൃഷ്ണമേനോന് എന്നിവരുടെ ലേഖനങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു സോവനീര്‍. മൂന്ന് രൂപയായിരുന്നു സോവനീറിന്റെ വില. 150-ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ കോടതി കൂടുതല്‍ ജനകീയ മുഖം തേടുകയാണ്. മൊബെയില്‍ ലോക് അദാലത്തും, ലീഗല്‍ എയ്ഡ് ക്ലിനിക്കുകളും, സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ നീതി ലഭ്യമാക്കുന്നതിന് സജ്ജീകരിച്ച അദാലത്തുകളുമെല്ലാം കോടതിയുടെ മഹനീയതയാവുകയാണ്. വാര്‍ഷികാഘോഷപരിപാടികള്‍ മെയ് മാസത്തില്‍ ആരംഭിച്ച് ഡിസംബറില്‍ സമാപിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഉദ്ഘാടനം ചെയ്യുന്നചടങ്ങില്‍ മന്ത്രിമാരും നീതിന്യായരംഗത്തെ ഒട്ടേറെ പ്രമുഖരും, വിവിധ തലത്തിലുള്ള ജനപ്രതിനിധികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: