മലപ്പുറം: ഒടുവില്‍ ഗുരുവായൂര്‍ തിരുന്നാവായ റെയില്‍പ്പാത യാഥാര്‍ത്ഥ്യമാകാന്‍ വഴി തെളിയുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലി നിലനിന്നിരുന്ന എതിര്‍പ്പുകള്‍ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം സജീവമായി ഇടപെടാന്‍ തീരുമാനിച്ചതോടെയാണ് പാത യാഥാര്‍ത്ഥ്യമാകാന്‍ വഴിയൊരുങ്ങുന്നത്. നിര്‍ദ്ദിഷ്ട ഗുരുവായൂര്‍ – തിരുന്നാവായ റെയില്‍പ്പാത പദ്ധതി പ്രഖ്യാപിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇതുവരെയും നടപടികള്‍ ഒന്നും തുടങ്ങിയിരുന്നില്ല. ആരംഭഘട്ടത്തില്‍ പാതക്കായി അനുവദിച്ച തുക സര്‍ക്കാരിന്റെ അനാസ്ഥമൂലം നഷ്ടമാകുകയും ചെയ്തിരുന്നു.
പാതക്ക് സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പ്രാദേശിക മുസ്ലീംലീഗ് നേതൃത്വം രംഗത്തെത്തിയതാണ് പാത വൈകാന്‍ ഇടയായത്. ലീഗ് നേതാവായ ഇ. അഹമ്മദ് റെയില്‍വേ വകുപ്പ് സഹമന്ത്രിയായിട്ടും പ്രശ്നം പരിഹരിക്കാന്‍ ആയില്ല. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള എതിര്‍പ്പുകള്‍ പരിഹരിക്കാന്‍ ഉദ്ദേശിച്ച് സ്ഥലം ഉടമകളുടെ യോഗം ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്. പദ്ധതിയോടുള്ള രൂക്ഷമായ എതിര്‍പ്പില്‍ നിന്ന് മുസ്ലീംലീഗ് പിന്മാറിയതായാണ് സൂചന. അതുകൊണ്ടാണ് കളക്ടര്‍ക്ക് ഇത്തരമൊരു യോഗം വിളിച്ചുചേര്‍ക്കാന്‍ തന്നെ കഴിഞ്ഞത്. 12 ന് നടക്കുന്ന യോഗത്തില്‍ തൃശ്ശൂര്‍ – മലപ്പുറം ജില്ലകളിലെ സ്ഥലം ഉടമകള്‍ക്ക് പങ്കെടുക്കാവുന്നതാണ്. മലപ്പുറം കളക്ട്രേറ്റിലാണ് യോഗം.
ആദ്യഘട്ടത്തില്‍ താനൂര്‍ – ഗുരുവായൂര്‍ പാതയാണ് ഉദ്ദേശിച്ചിരുന്നത്. ഒ രാജഗോപാല്‍ റെയില്‍വേ മന്ത്രിയായിരുന്നപ്പോഴാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനമായത്. പിന്നീടിത് തിരൂര്‍ – ഗുരുവായൂര്‍ എന്നാക്കി. വീണ്ടും ചുരുക്കി തിരുന്നാവായ ഗുരുവായൂര്‍ എന്നാക്കുകയായിരുന്നു. പാത യാഥാര്‍ത്ഥ്യമായാല്‍ കൊച്ചിയില്‍ നിന്ന് മലബാറിലേക്കുള്ള റെയില്‍വേ ദൂരം വളരെ കുറയും. ഇപ്പോള്‍ തന്നെ നിലവിലുള്ള എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തിരൂര്വരെയോ, കോഴിക്കോട് വരെയോ നീട്ടിയാല്‍ അത് മലബാറിലേക്കുള്ള യാത്രക്കാര്‍ക്ക് വലിയ അനുഗ്രഹമാകും.
വടക്കന്‍ കേരളത്തില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തീര്‍ത്ഥാടനത്തിന് എത്തുന്ന ഭക്തര്‍ക്കും ഇത് സൗകര്യപ്രദമാകും. മലബാര്‍ ട്രെയിനുകള്‍ക്ക് ഇപ്പോള്‍ ഷൊര്‍ണ്ണൂര്‍ വഴി കടുന്നുപോകുന്നതുമൂലം ഒട്ടേറെ സമയം നഷ്ടമാകുന്നുണ്ട്. നിര്‍ദ്ദിഷ്ട ഗുരുവായൂര്‍ പാത യാഥാര്‍ത്ഥ്യമായാല്‍ ഇത് ഒഴിവാക്കാം. മലപ്പുറം ജില്ലയുടെ വികസനത്തിനും പാത ഏറെ ഗുണം ചെയ്യും. ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന എതിര്‍പ്പ് ഒഴിവാക്കി പാത നിര്‍മ്മാണവുമായി സഹകരിക്കാന്‍ ലീഗ് നേതൃത്വം തയ്യാറാകുന്നത് ശുഭസൂചകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: