ചെന്നൈ: ഐപിഎല്‍ ആറാം പതിപ്പില്‍ നിലവിലെ റണ്ണേഴ്സും രണ്ട് തവണ കിരീട ജേതാക്കളുമായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ധോണിപ്പട ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങുന്നു. കഴിഞ്ഞ ദിവസം തങ്ങളുടെ ആദ്യ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനോട് ആവേശകരമായ മത്സരത്തിനൊടുവില്‍ രണ്ട് റണ്‍സിന് പരാജയപ്പെട്ട സച്ചിന്റെ മുംബൈ ഇന്ത്യന്‍സാണ് ചെന്നൈയുടെ എതിരാളികള്‍. രാത്രി എട്ടിന് ചെന്നൈയിലാണ് മത്സരം. ഇന്ന് ദല്‍ഹിയിലെ ഫിറോസ് ഷാ കോട്ലയില് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് കീഴടങ്ങിയ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് രാഹുല്‍ ദ്രാവിഡിന്റെ രാജസ്ഥാന് റോയല്‍സിനെ നേരിടും.
ആദ്യ പോരാട്ടത്തില്‍ അപ്രതീക്ഷിത കുതിപ്പിലൂടെ ആദ്യ ഐപിഎല്‍ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സിന് പിന്നീടുള്ള സീസണുകളിലൊന്നും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. അതിന് അറുതിവരുത്താനാണ് ഇത്തവണ മികച്ച ടീമുമായി ദ്രാവിഡും സംഘവും ഇറങ്ങുന്നത്. മികച്ച താരനിരയാണ് സംഘത്തിലുള്ളത്. ഷെയ്ന് വാട്സണ്, ജോഹാന്‍ ബോത്ത, ഷോണ്‍ ടെയ്റ്റ്, ഹോഡ്ജ്, ഹോഗ്, ശ്രീശാന്ത്, അജിങ്ക്യ രഹാനെ എന്നിവരാണ് നിരയിലെ പ്രധാനികള്‍. ശ്രീശാന്തിന് പുറമെ രണ്ട് മലയാളി താരങ്ങള്‍ക്കൂടി ഉള്‍പ്പെടുന്നതാണ് രാജസ്ഥാന് റോയല്‍സ്. കേരള ക്യാപ്റ്റന്‍ സച്ചിന് ബേബിയും സഞ്ജു സാംസണുമാണ് ടീമിലെ മറ്റ് മലയാളികള്‍. ഇന്നത്തെ മത്സരത്തില്‍ സച്ചിന് ബേബി കളിക്കുമെന്നാണ് സൂചന. എന്നാല്‍ ഷെയ്ന് വാട്സണ് ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ കളിക്കാനിറങ്ങില്ല.
മറുവശത്ത് ആദ്യ മത്സരത്തില്‍ സെവാഗിന്റെ അഭാവം ദല്‍ഹിക്ക് തലവേദനയാവുകയാണ്. ഇന്നത്തെ മത്സരത്തിലും സെവാഗ് കളിക്കില്ലെന്നാണ് സൂചന. കൊല്‍ക്കത്തക്കെതിരായ ആദ്യമത്സരത്തില്‍ ബാറ്റിംഗ് നിരയുടെ ദയനീയ പ്രകടനമാണ് ദല്‍ഹിയുടെ പരാജയത്തിന്റെ പ്രധാന കാരണം. സെവാഗില്ലാതിരുന്ന ദല്‍ഹിക്ക് വേണ്ടി ക്യാപ്റ്റന്‍ ജയവര്‍ദ്ധനെയും ഡേവിഡ് വാര്‍ണറും മാത്രമാണ് രണ്ടക്കം കടന്നത്. ബാക്കിയുള്ളവരെല്ലാം ദയനീയമായി പരാജയപ്പെട്ടത് വന്‍ തിരിച്ചടിയാണ്. ഇന്നത്തെ മത്സരത്തിലും ഈ പ്രകടനം തുടര്‍ന്നാല്‍ ദല്‍ഹിയുടെ കാര്യം കഷ്ടത്തിലാകുമെന്ന് ഉറപ്പാണ്.
ഇന്നത്തെ രണ്ടാം പോരാട്ടം ആവേശകരമാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സപ്പുകൂടിയായ ധോണിപ്പടി വന്‍ താരനിരയുമായാണ് ഐപിഎല്‍ ആറാം പതിപ്പിന് ഒരുങ്ങിയിരിക്കുന്നത്. ധോണിക്ക് സുരേഷ് റെയ്ന, അഭിനവ് മുകുന്ദ്, മൈക്ക് ഹസി, ബദരീനാഥ്, ശ്രീകാന്ത് അനിരുദ്ധ്, മുരളീവിജയ് തുടങ്ങിയ ബാറ്റ്സ്മാന്മാര് ചെന്നൈക്ക് ശക്തിപകരും. ബോളിഞ്ചര്‍, ഹില്‍ഫന്‍ഹോസ്, ആല്‍ബി മോര്‍ക്കല്‍, കുലശേഖര തുടങ്ങിയ ഫാസ്റ്റ് ബൗളര്‍മാരും അശ്വിന്, സൂരജ് രണ്‍ദീവ് തുടങ്ങിയ സ്പിന്നര്‍മാരും ചെന്നൈക്ക് മുന്‍തൂക്കം നല്‍കും. രവീന്ദ്ര ജഡേജ, ഡ്വയ്ന്ബ്രാവോ എന്നീ ഓള്‍റൗണ്ടര്‍മാരും സൂപ്പര്‍ കിംഗ്സിന്റെ പ്രത്യേകതകളാണ്.
ആദ്യ മത്സരത്തില്‍ രണ്ട് റണ്‍സിന് ബാംഗ്ലൂര്‍ ടീമിനോട് പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സിന് ആത്മവിശ്വാസം വീണ്ടെടുക്കാനും മുന്നോട്ട് കുതിക്കാനും ഇന്നത്തെ പോരാട്ടത്തില്‍ വിജയം അത്യാവശ്യമാണ്. ക്യാപ്റ്റന്‍ റിക്കിപോണ്ടിംഗും, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറും, ദിനേശ് കാര്‍ത്തികും, കീറണ്‍ പൊള്ളാര്‍ഡും അമ്പാട്ടി റായിഡുവും, രോഹിത് ശര്‍മ്മയും മത്സരം ഒറ്റക്ക് ജയിപ്പിക്കാന്‍ കഴിവുള്ളവരാണ്. മിച്ചല്‍ ജോണ്‍സണും, മുനാഫ് പട്ടേലും, ജേക്കബ് ഒറാമും, ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ ജസ്പ്രീത് ബംറയും ഏത് ബാറ്റിംഗ് നിരയെയും വിഷമത്തിലാക്കാന്‍ കെല്‍പ്പുള്ളവരാണ്. അതുകൊണ്ടുതന്നെ രണ്ട് കരുത്തന്മാര് തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ മത്സരത്തിന് വീറും വാശിയും കൂടുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: