കൊല്ലം: ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവൃത്തികള്‍ കുറ്റമറ്റ രീതിയിലും യുദ്ധകാലാടിസ്ഥാനത്തിലും പൂര്‍ത്തിയാക്കുന്നതിനും ടാങ്കര്‍ ലോറികളിലൂടെയുള്ള കുടിവെള്ള വിതരണം ആക്ഷേപങ്ങള്ക്കിടയില്ലാത്തവിധം നിര്‍വഹിക്കുന്നതടക്കമുള്ള പ്രവൃത്തികളുടെ ഏകോപനത്തിനും മേല്‍നോട്ടത്തിനുമായി താലൂക്കുകളില്‍ ഡെപ്യൂട്ടികള്കടര്മാരെ ചാര്‍ജ് ഓഫീസര്‍മാരായി നിയോഗിച്ച് ജില്ലാകളക്ടര്‍ പി.ജി. തോമസ് ഉത്തരവായി.
വിവിധ വരള്‍ച്ചാ ദുരിതാശ്വാസ പ്രവൃത്തികളുടെ നിര്‍വഹണം വൈകുന്നതായും ടാങ്കര്‍ ലോറികളിലൂടെയുള്ള കുടിവെള്ള വിതരണം കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കുന്നില്ലെന്നും വ്യാപകമായ പരാതികള്‍ പൊതുജനങ്ങളും ജനപ്രതിനിധികളും ഉന്നതയിച്ച സാഹചര്യത്തിലാണ് തീരുമാനം. ചാര്‍ജ് ഓഫീസര്‍മാരായി നിയമിതരായവര്‍ ക്രമത്തില്‍: കൊല്ലം താലൂക്കില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍(9447163461), കൊട്ടാരക്കര- എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍( 8547610030), കരുനാഗപ്പള്ളി -എല്‍എ ഡെപ്യൂട്ടി കളക്ടര്‍ (8547610027), പത്തനാപുരം- ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ (8547610029), കുന്നത്തൂര്‍ -ആര്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍(8547610028).
വരള്‍ച്ചാ ദുരിതാശ്വാസ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലതലത്തില്‍ എംഎല്‍എമാരേയും ജനപ്രതിനിധികളെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ യോഗം ചേരുന്നതിന് തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. യോഗം എല്ലാ താലൂക്കുകളിലും അടിയന്തരമായി വിളിച്ചു കൂട്ടേണ്ടതും വരള്‍ച്ചാ ദുരിതാശ്വാസ പ്രവൃത്തികളുടെ മേല്‍നോട്ടം ഡെപ്യൂട്ടി കളക്ടര്‍മാര്‍ നിര്വഹിക്കേണ്ടതുമാണെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. ടാങ്കര്‍ ലോറികള്‍ മുഖേനെയുള്ള കുടിവെള്ള വിതരണത്തിന് പ്രായോഗിക തടസങ്ങള്‍ നേരിടുന്നപക്ഷം തഹസീല്‍ദാര്‍മാര്‍ ചാര്‍ജ് ഓഫീസര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു പരിഹാരം കാണണം. വരള്‍ച്ചയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നുമുള്ള പരാതികള്‍ ചാര്‍ജ് ഓഫീസര്‍മാര്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ എത്തിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയില്‍ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റി, ഭൂഗര്‍ഭ ജലവകുപ്പ്, ജെഐസിഎ, മൈനര്‍ ഇറിഗേഷന്‍, കെഐപി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ മുഖേനെ വിവിധ വരള്‍ച്ചാ ദുരിതാശ്വാസ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കുടിവെള്ള ദൗര്‍ലഭ്യം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്തി വരുന്നു. ഇതിന് തഹസീല്‍ദാര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റികള്‍ എല്ലാ പഞ്ചായത്തിലും രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: