ഈഡന് ഗാര്‍ഡനില്‍ നാളെ കൊടിയേറ്റ്- കളികളുടെ കളിയിലെ കളിവിസ്മയങ്ങള് കാണാന്‍ ട്വന്റി 20 ക്രിക്കറ്റ് പ്രേമികള്‍ കൊല്‍ക്കത്ത ഈഡന് ഗാര്‍ഡനിലെ മാമാങ്കത്തറയിലേക്ക് ഒഴുകും. എത്തിച്ചേരാനാകാത്തവര് അകലത്തിരുന്നു കണ്ണും കാതും സമര്‍പ്പിക്കും. കലാശപ്പോരാട്ടം നടക്കുന്ന മെയ് 26 വരെ ഇനി ആഘോഷക്കാലം.
ഗാലറികളില്‍ ആവേശം ഉറഞ്ഞുതുള്ളും… ഗ്രൗണ്ടുകളില്‍ ബാറ്റും ബോളും ഉരസുമ്പോള്‍ പ്രകടനങ്ങള്‍ തീപാറും… തിടമ്പേറ്റിയ താരപ്രഭാവം… അതിശയപ്പിറവികളുടെ മണികിലുക്കം… കാലവും ദേശവും മറികടന്ന് ക്രിക്കറ്റ് പ്രണയത്തിലൂടെ ആരാധകര്‍ ആറാടും. എല്ലാംകൂടി ഒന്നുചേരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.
പുറത്താക്കപ്പെട്ട ഡെക്കാണ് ചാര്‍ജേഴ്സിന് പകരം അരങ്ങേറ്റം കുറിക്കുന്ന ഹൈദരാബാദ് സണ്റൈസേഴ്സുള്പ്പെടെ ഒമ്പത് ടീമുകളാണ് ഇക്കുറി ലീഗിലുള്ളത്. ഹോം ആന്‍ഡ് എവേ രീതിയില്‍ ആദ്യഘട്ടത്തില്‍ 72 മത്സരങ്ങള്‍. മുന്‍സീസണുകളിലേതുപോലെ, ലീഗ് ഘട്ടത്തില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ നോക്കൗട്ടില്‍ കടക്കും. ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാളിഫയര്‍ വണ്‍ കളിക്കും. അതിലെ ജേതാവ് ഫൈനലില്‍. മൂന്നും നാലും സ്ഥാനക്കാര്‍ തമ്മിലുള്ള എലിമിനേറ്റര്‍ പോരാട്ടത്തിലെ ജേതാവുമായി രണ്ടാം സ്ഥാനക്കാര്‍ക്ക് ക്വാളിഫയര്‍ രണ്ടില്‍ വീണ്ടും പോരാടാന്‍ അവസരം. ക്വാളിഫയര്‍ രണ്ടിലെ ജേതാക്കളാണ് ഫൈനലില്‍ കളിക്കുന്ന രണ്ടാം ടീം. മെയ് 26ന് ഈഡനില്ത്തന്നെയാണ് ഫൈനലും.
നാളെ രാത്രി എട്ടിന് നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ദല്‍ഹി ഡെയര്‍ ഡെവിള്‍സുമായി കൊമ്പുകോര്‍ക്കുന്നതോടെയാണ് കുട്ടിക്രിക്കറ്റ് മേളക്ക് തുടക്കമാകുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍നിന്ന് പുറത്തായ രണ്ട് മഹാരഥന്മാരുടെ നേര്‍ക്കുനേര്‍ പോരാട്ടത്തോടെയാണ് ഐപിഎല്‍ ആറാം എഡിഷന് തുടക്കമാവുക. കൊല്‍ക്കത്തയുടെ നായകനായി ഗൗതം ഗംഭീറും ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മുന്നണിപ്പോരാളിയായി വീരേണ്ടര്‍ സെവാഗും കളത്തിലിറങ്ങും.
ലങ്കന്‍ താരങ്ങള്‍ക്ക് ചെന്നൈയില്‍ കളിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയതിന്റെ വിവാദം അടങ്ങുന്നതിന് മുന്നെയാണ് സീസണിന് തുടക്കമാവുന്നത്. ചെന്നൈയില്‍ ലങ്കക്കാര്‍ക്ക് കളിക്കാനാവാത്തത് മിക്ക ടീമുകള്‍ക്കും തിരിച്ചടിയാവും. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച മൂന്നുപേര്‍ ഇത്തവണയും നായകസ്ഥാനത്തുണ്ട്. ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിങ്ങിന്റെ നായകത്വത്തില്‍ മുംബൈ ഇന്ത്യന്‍സും ആദം ഗില്‍ക്രിസ്റ്റിന്റെ നേതൃത്വത്തില്‍ പഞ്ചാബ് കിങ്ങ്സ് ഇലവനുമിറങ്ങുമ്പോള്, വന്മതില് രാഹുല്‍ ദ്രാവിഡാണ് രാജസ്ഥാന് റോയല്‍സിനെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: