പാരീസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന പോരാട്ടങ്ങളില്‍ മുന്‍ ചാമ്പ്യന്മാരായ ബാഴ്സലോണ പാരീസ് സെന്റ് ജര്‍മെയിനെ നേരിടുമ്പോള്‍ മറ്റൊരു മത്സരത്തില്‍ രണ്ട് കൊലകൊമ്പന്മാരാണ് അങ്കത്തിനിറങ്ങുന്നത്. ഈ സീസണില്‍ ജര്‍മ്മന്‍ ലീഗ് കിരീടം ഉറപ്പിച്ച ബയേണ്‍ മ്യൂണിക്കും ഇറ്റാലിയന്‍ ലീഗില്‍ കിരീടത്തിലേക്ക് കുതിക്കുന്ന ജുവന്റസും തമ്മിലാണ് രണ്ടാം പോരാട്ടം.
എസി മിലാനെതിരെ നേടിയ അത്ഭുതവിജയത്തിന്റെ കരുത്തിലാണ് ബാഴ്സലോണ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. വലന്‍സിയയെ കീഴടക്കിയാണ് പിഎസ്ജി അവസാന എട്ടില്‍ ഇടം പിടിച്ചത്.
അതേസമയം സ്പാനിഷ് ലീഗില്‍ അപരാജിത കുതിപ്പ് നടത്തി കിരീടത്തിലേക്ക് കുതിക്കുന്ന ബാഴ്സലോണ പരിക്കിന്റെ പിടിയിലാണ് പാരീസ് സെന്റ് ജര്‍മെയിനെ (പിഎസ്ജി) നേരിടാനിറങ്ങുന്നത്. സാവി, ജോര്‍ഡി അലാബ, കാര്‍ലോസ് പിയോള്‍, അഡ്രിയാനോ, പെഡ്രോ തുടങ്ങിയ പ്രമുഖരാണ് പരിക്കിന്റെ പിടിയിലകപ്പെട്ടിട്ടുള്ളത്. മധ്യനിരയില്‍ ബാഴ്സയുടെ ബുദ്ധികേന്ദ്രമായ സാവിയെ പേശീവലിവാണ് അലട്ടുന്നത്. ഇത് വകവെക്കാതെ കഴിഞ്ഞ ദിവസം ഫ്രാന്‍സിനെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സാവിയെ കളിപ്പിച്ചിരുന്നു. ഇത് പരിക്ക് കൂടുതല്‍ വഷളാകാന്‍ കാരണമായി. കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗില്‍ സെല്‍റ്റക്കെതിരെ സാവി കളിക്കാനിറങ്ങിയിരുന്നില്ല.
പ്രതിരോധക്കാരന് ജോര്‍ഡി ആല്‍ബയുടെ കാര്യവും സംശയത്തിലാണ്. പേശീവലിവാണ് ആല്‍ബയുടെയും പ്രശ്നം.
ഫിന്‍ലന്‍ഡിനെതിരായ സ്പെയിനിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് ആല്‍ബയ്ക്ക് പരിക്കേറ്റത്. പെഡ്രോയ്ക്ക് ഫ്രാന്‍സിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് പരിക്കേറ്റത്. പെഡ്രോയ്ക്ക് ഇന്നത്തെ പോരാട്ടത്തില്‍ ഇറങ്ങാനാകില്ലെന്നകാര്യം ഉറപ്പായിട്ടുണ്ട്. മുട്ടിന് പരിക്കേറ്റ നായകന് കാര്‍ലോസ് പിയോളിന് മൂന്നുമാസമാണ് പുറത്തിരിക്കേണ്ടിവരിക. എന്നാല്‍ ബാഴ്സക്ക് വേണ്ടി ഗോളുകള്‍ അടിച്ചുകൂട്ടുന്ന സൂപ്പര്‍താരം ലയണല്‍ മെസ്സി ഇന്നും തന്റെ പ്രകടനം തുടര്‍ന്നാല്‍ ഇന്നത്തെ എവേ മത്സരത്തില്‍ പിഎസ്ജിയെ മറികടക്കാന്‍ കറ്റാലന്മാര്ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്ന് തോന്നുന്നില്ല.
മറുവശത്ത് സ്ലാറ്റന് ഇബ്രാഹിമോവിച്ചിന്റെയും മുന്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാമിന്റെയും സാന്നിധ്യം നല്കുന്ന ആത്മവിശ്വാസമാണ് പിഎസ്ജിയുടെ കരുത്ത്.
രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കും ഇറ്റാലിയന്‍ കരുത്തരായ ജുവന്റസും തമ്മിലാണ് ഏറ്റുമുട്ടല്‍. മ്യൂണിക്കില അലയന്‍സ് അരീനയില്‍ നടക്കുന്ന മത്സരത്തില്‍ ബയേണിന് തന്നെയാണ് മുന്‍തൂക്കം. പ്രീമിയര്‍ ലീഗ് ടീമായ ആഴ്സണലിനെ കീഴടക്കിയാണ് ബയേണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സെല്‍റ്റിക്കിനെ ഇരുപാദങ്ങളിലുമായി 5-0ന് കീഴടക്കിയാണ് ജുവന്റസ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിട്ടുള്ളത്.
അതേസമയം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ബയേണ്‍ മ്യൂണിക്ക് സ്വന്തം മൈതാനമായ അലയന്‍സ് അരീനയില്‍ ഇന്ന് ഇറങ്ങുന്നത്. സ്റ്റാര്‍ സ്ട്രൈക്കര്‍ ഫ്രാങ്ക് റിബറിയും മുള്ളറും ക്രൂസും മാന്‍സുകിക്കും ഉള്‍പ്പെടുന്ന താരനിരയാണ് ബയേണിന്റെ കരുത്ത്. പ്ലേ മേക്കര്‍ ബാസ്റ്റ്യന്‍ ഷ്വയ്ന്സ്റ്റീഗറിന്റെ സാന്നിധ്യവും അവര്‍ക്ക് മുന്‍തൂക്കം നല്കുന്നു. അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ജുവന്റസിനെ കീഴടക്കിയതിന്റെ ആനുകൂല്യവും ബയേണിനുണ്ട്. എന്നാല്‍ സീരി എയില്‍ അപരാജിത കുതിപ്പുമായി കിരീടത്തിലേക്ക് മുന്നേറുന്ന ജുവന്റസും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മികച്ച മധ്യനിര-മുന്നേറ്റനിരയാണ് അവര്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: