കൊച്ചി: കസ്റ്റമര്‍ കെയര്‍ സര്‍വീസ് സെന്ററുകള്‍ അടച്ചുപൂട്ടുന്നത് കാരണം ആയിരക്കണക്കിന് പിഎസിഎല്‍ ഏജന്റുമാര്‍ ദുരിതത്തിലും ഉപഭോക്താക്കള്‍ വിഷമത്തിലുമാകുന്നു. 1983 ല്‍ രാജസ്ഥാനില്‍ പ്രവര്‍ത്തനമാരംഭിച്ച പേള്‍സ് ഗ്രൂപ്പിന്റെ പിഎസിഎല്‍ 1996 മുതലാണ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ മാസം മുതലാണ് പിഎസിഎല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ ഓരോന്നായി സംസ്ഥാനസര്‍ക്കാര്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നതെന്നാണ് ഏജന്റുമാര്‍ പറയുന്നത്. ഏറ്റവും കുറഞ്ഞത് അഞ്ചരവര്ഷ കാലാവധിയില്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്ന സ്കീമില്‍ 2001 മുതല്‍ പണം തിരിച്ചുനല്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നടപടി കാരണം പണം കൃത്യമായി തിരിച്ചുനല്‍കാന്‍ കഴിയുന്നില്ലെന്നും ഏജന്റുമാര്‍ ചൂണ്ടിക്കാണിക്കുന്നു. വര്‍ഷങ്ങളായി ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇപ്പോള്‍ പുതിയ ബിസിനസ് ചേര്‍ക്കുവാനോ ഉപഭോക്താക്കള്‍ക്ക് സേവനം നല്കുവാനോ കഴിയാത്ത സാഹചര്യമാണുള്ളത്. തൊഴില്‍ പ്രതിസന്ധി കാരണം നൂറുകണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.
പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ പിഎസിഎല്ലിന് 12 റീജ്യണല്‍ ഓഫീസുകളുടെ കീഴിലായി മുന്നൂറിലേറെ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളാണുള്ളത്. രജിസ്റ്റേര്‍ഡ് ഓഫീസ് ജയ്പൂരിലും കോര്‍പ്പറേറ്റ് ഓഫീസ് ദല്‍ഹിയിലുമാണ്. ഇന്ത്യക്ക് പുറമെ ദുബായ്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലുംഇതിന് പ്രവര്‍ത്തനമുണ്ട്. പിഎസിഎല്‍ ലിമിറ്റഡ്, പേള്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് ലിമിറ്റഡും ഇതിന്റെ ഭാഗമാണ്. റിയല്‍ എസ്റ്റേറ്റിന് പുറമെ പത്ര ദൃശ്യമാധ്യമം, ഇന്‍ഷുറന്‍സ്, ഐടി, ഹോട്ടല്‍ ആന്റ് റിസോര്‍ട്സ്, ഫ്ലാറ്റ്, ആതുരസേവനം, വിദ്യാഭ്യാസം തുടങ്ങിയവയിലാണ് പേള്‍സ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതെന്നും ഏജന്റുമാര്‍ പറയുന്നു.
കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ അസൂയാലുക്കളും ചില നിക്ഷിപ്തതാല്പര്യക്കാരും പോലീസിലെ ചിലരും ചേര്‍ന്നാണ് വ്യാജപ്രചാരണം നടത്തി തങ്ങളെ വഴിയാധാരമാക്കുന്നതെന്നുമാണ് ഇവര്‍ പറയുന്നത്. മണിലന്ഡ് ആക്ട് അനുസരിച്ചുള്ള ലൈസന്‍സ് ആവശ്യപ്പെട്ടാണ് കോഴിക്കോട് സെന്റര്‍ റെയ്ഡ് ചെയ്തതും അടച്ചുപൂട്ടിയതും.
ഡിസംബര്‍ ഒന്നിന് രാത്രിയാണ്പൂട്ടി സീല്‍ വെച്ചതെങ്കിലും അന്നേ ദിവസം ഉച്ചക്ക് മുമ്പെ ചില ദൃശ്യമാധ്യമങ്ങളില്‍ അടച്ചുപൂട്ടിയതായി വാര്‍ത്ത വന്നതിന്റെ പിന്നില്‍ നിക്ഷിപ്തതാല്പര്യക്കാരുടെ പങ്ക് വ്യക്തമാണെന്നും ഏജന്റുമാര്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും പ്ലോട്ട് പര്‍ച്ചേസ് ചെയ്യുന്നതുമായ പിഎസിഎല്ലിന് മണിലന്ഡ് ആക്ടനുസരിച്ചുള്ള ലൈസന്‍സ് ആവശ്യമില്ലെന്നും ഇന്‍ഡസ്ട്രിയല്‍ ആക്റ്റിവിറ്റി കോഡ് 082 പ്രകാരമാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ അടച്ചുപൂട്ടുന്നതുകാരണം ബുദ്ധിമുട്ടിലായ ഇടപാടുകാരെ സഹായിക്കാന്‍ മംഗലാപുരത്തും കോയമ്പത്തൂരും ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടപാടുകാര്‍ക്ക് പണമടയ്ക്കാനും കാലാവധി കഴിഞ്ഞ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുമാണ് ഇവിടെ സൗകര്യമുള്ളത്. 2010 ലെ ഒരു പരാതിയിന്മേല് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ 2012 ഫെബ്രുവരി 28 ന് സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേല് തൃശൂര്‍ സിജെഎം കോടതി വിധി പിഎസിഎല്ലിന് അനുകൂലമാണെന്നും ഏജന്റുമാര്‍ പറയുന്നു. ഇക്കഴിഞ്ഞ 21, 22, 23 തീയതികളില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തില്‍ മഹിളാ ഏജന്റുമാര്‍ സങ്കടഹര്‍ജി സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫുള്‍ബെഞ്ചിന് വിട്ടിരിക്കുകയാണ്.
മാസങ്ങളോളമായി ദുരിതത്തിലായ ആയിരക്കണക്കിന് ഏജന്റുമാരുടെ സ്ഥിതി കണക്കിലെടുത്തും ഇടപാടുകാരുടെ സൗകര്യം മുന്‍നിര്‍ത്തിയും പിഎസിഎല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ തുറന്നുപ്രവര്ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെന്ന് ഏജന്റുമാര്‍ പറയുന്നത്.
എന്‍. ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: