ആലപ്പുഴ: സിപിഎം ഔദ്യോഗിക പക്ഷത്തെ കടുത്ത വിഭാഗീയതയെ തുടര്‍ന്ന് കഞ്ഞിക്കുഴി ഏരിയ കമ്മറ്റി യോഗം മുടങ്ങി. ജില്ലാ കമ്മറ്റിയുടെ റിപ്പോര്‍ട്ടിങ് നടന്നില്ല. റിപ്പോര്‍ട്ടിങ്ങിനെത്തിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ പ്രവര്‍ത്തകര്‍ കൂകിവിളിച്ചു. ഗോ ബാക്ക് വിളിയെ തുടര്‍ന്ന് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി. സ്ഥലത്തെത്തിയ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു.
തോമസ് ഐസക് പക്ഷക്കാരനായ ഏരിയ സെക്രട്ടറി സി.കെ.ഭാസ്ക്കരനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനും പകരം ഔദ്യോഗിക പക്ഷക്കാരനായ സി.കെ.സുരേന്ദ്രനെ നിയോഗിക്കാനും കഴിഞ്ഞദിവസം ചേര്‍ന്ന സിപിഎം ജില്ലാ കമ്മറ്റി തീരുമാനിച്ചിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനാണ് അടിയന്തരമായി കഞ്ഞിക്കുഴി ഏരിയ കമ്മറ്റി യോഗം വിളിച്ചുചേര്‍ത്തത്. വൈകിട്ട് മൂന്നിന് യോഗം ചേരാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
എന്നാല്‍ നാല് മണി കഴിഞ്ഞിട്ടും സി.കെ.ഭാസ്ക്കരന്‍ യോഗത്തിനെത്തിയില്ല. സെക്രട്ടറിയേറ്റ് അംഗങ്ങളായ ആര്.നാസറും കെ.പ്രസാദും യോഗം തുടങ്ങാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ബഹുഭൂരിപക്ഷം ഏരിയ കമ്മറ്റി അംഗങ്ങളും ഇതിനെ എതിര്‍ത്തു. ഭാസ്ക്കരന്‍ വന്ന ശേഷം യോഗം തുടങ്ങിയാല്‍ മതിയെന്ന് അവര്‍ ആവശ്യപ്പെട്ടു. നാസറിനെതിരെ രൂക്ഷ വിമര്‍ശനവുമുയര്‍ന്നു. കൂകിവിളിയും തുടങ്ങിയതോടെ യോഗം മാറ്റിവച്ചതായി പറഞ്ഞ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഇറങ്ങിപ്പോകുകയായിരുന്നു.
അതിനിടെ ഉച്ചവരെ ഏരിയ കമ്മറ്റി ഓഫീസിലുണ്ടായിരുന്ന സി.കെ.ഭാസ്ക്കരന്‍ യോഗത്തില്‍ എത്താതിരുന്നത് മുന്‍കൂട്ടി നിശ്ചയിച്ചതിന് പ്രകാരമാണെന്ന് സൂചനയുണ്ട്. തന്നെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയതായി നേതൃത്വം അറിയിച്ചിട്ടില്ലെന്നും സി.കെ.ഭാസ്ക്കരന്‍ പറഞ്ഞിരുന്നു.
ഓഫീസില്‍ നിന്ന് രേഖകളും മറ്റുമായാണ് അദ്ദേഹം മടങ്ങിയത്. പ്രദേശത്ത് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ മുന്‍ നിരയിലുണ്ടായിരുന്ന ഭാസ്ക്കരനെ അപമാനിച്ച് പടിയിറക്കിയതില് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അനുഭാവികള്‍ക്കിടയിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഐസക് പക്ഷത്തിന് വന്‍ ഭൂരിപക്ഷമുണ്ടായിരുന്ന ഏരിയ കമ്മറ്റിയാണ് സുധാകരന് പക്ഷം ആസൂത്രിതമായി പിടിച്ചടക്കിയത്.
ഐസക് പക്ഷക്കാരായ ഏതാനും അംഗങ്ങളെ നീക്കം ചെയ്ത് സുധാകര പക്ഷക്കാരെ ഉള്‍പ്പെടുത്താനും ജില്ലാകമ്മറ്റി തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സുധാകര പക്ഷക്കാരായ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കെതിരെ ഏരിയ കമ്മറ്റി അംഗങ്ങള്‍ പരസ്യമായി രംഗത്തെത്തിയത്.
ഏരിയ കമ്മറ്റി യോഗം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ലോക്കല്‍ കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് മര്‍ദ്ദിച്ചത്. മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടര്‍ കണ്ണന്‍നായര്‍, ഏഷ്യാനെറ്റ് ലേഖകന്‍ സുജിത്ത് ചന്ദ്രന്, മനോരമ ന്യൂസ് ലേഖകന്‍ ശ്യാംകുമാര്‍, റിപ്പോര്‍ട്ടര്‍ ടിവി ക്യാമറാമാന് ഫിറോസ് ഖാന്, ഏഷ്യാനെറ്റ് ക്യാമറാമാന് രാജേഷ് തകഴി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കണ്ണന്‍നായരുടെ വിലപിടിപ്പുള്ള മൊബെയില്‍ ഫോണ്‍ സിപിഎമ്മുകാര്‍ തട്ടിയെടുത്തെങ്കിലും പിന്നീട് പോലീസ് എത്തി മടക്കിക്കൊടുക്കുകയായിരുന്നു.
അരൂര്‍ ഏരിയ കമ്മറ്റിയിലും ഇതേ സംഭവവികാസങ്ങളാണ് അരങ്ങേറിയത്. ഏരിയ സെക്രട്ടറിയും ഐസക് പക്ഷക്കാരനുമായ പ്രഭാകരനെ നീക്കി സുധാകരപക്ഷക്കാരനായ ജില്ലാസെക്രട്ടറിയേറ്റംഗം ജി.വേണുഗോപാലിനെ ഏരിയ സെക്രട്ടറിയാക്കാനാണ് ജില്ലാ കമ്മറ്റി തീരുമാനിച്ചത്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സി.ബി.ചന്ദ്രബാബുവിനെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാനും തടഞ്ഞുവയ്ക്കാനും ശ്രമിച്ചു. സംഘര്‍ഷാത്മകമായ അന്തരീക്ഷത്തിലാണ് അവിടെ ഏരിയ കമ്മറ്റി യോഗം നടന്നത്.
ജില്ലാ സമ്മേളന കാലയളവിലുണ്ടായ ഔദ്യോഗിക പക്ഷത്തെ ഭിന്നത ഇതോടെ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. വിഎസ് പക്ഷത്തെ കൂട്ടുപിടിച്ചാണ് ഐസക് പക്ഷം പലയിടത്തും പ്രവര്‍ത്തിക്കുന്നത്. സമ്മേളന കാലയളവില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷവും നടന്നിരുന്നു. പാലക്കാട് മുണ്ടൂരിലെ ഏരിയ സെക്രട്ടറിയെ മാറ്റുന്നതിനെ ചൊല്ലിയുണ്ടായ സംഭവവികാസങ്ങള്‍ കഞ്ഞിക്കുഴിയിലടക്കം പലയിടത്തും ആവര്‍ത്തിക്കാനാണ് സാധ്യത. സുധാകര പക്ഷക്കാരനായ ആര്.നാസറിനെതിരെ വ്യാപകമായി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: