മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തരായ റയല്‍ മാഡ്രിഡിനും ബാഴ്സലോണയ്ക്കും മോഹഭംഗം. ഇരുവരും ദുര്‍ബലരായ എതിരാളികളോടു സമനില വഴങ്ങി. നിലവിലെ ചാമ്പ്യന്മാരായ മാഡ്രിഡ് സംഘത്തെ സരഗോസയും (1-1) കിരീടം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്ന ബാഴ്സയെ സെല്‍റ്റ വിഗോയുമാണ് (2-2) പിടിച്ചുകെട്ടിയത്. എങ്കിലും പോയിന്റ് പട്ടികയില്‍ ബാഴ്സ (75) ഒന്നാം സ്ഥാനത്ത് തുടര്‍ന്നു റയല്‍ (62) രണ്ടാമതും.
എതിരാളിയുടെ തട്ടകത്തില്‍ റയല്‍ ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടെന്നു പറയാം. ബാഴ്സ ബി ടീമില്‍ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ സരോഗസയിലെത്തിയ റോഡ്രി ആറാം മിനിറ്റില്‍ത്തന്നെ ഹോസെ മൗറീഞ്ഞോയുടെ ടീമിന്റെ വലകുലുക്കി. എന്നാല്‍ 38-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിന്റെ മാനം കാത്ത ഗോള്‍ കുറിച്ചു.
തുടക്കം മുതല്‍ കാര്യങ്ങള്‍ റയല്‍ വിചാരിച്ചതുപോലെ മുന്നോട്ടുപോയില്ല. ഇതിനിടെ റോഡ്രിയുടെ ഗോള്‍ അവര്‍ക്ക് വെള്ളിടിയായി. ലൂക്കാ മോഡ്രിച്ചിന്റെ കാലില്‍ നിന്നു പന്ത് റാഞ്ചിയ അപ്പോനൊ റോഡ്രിക്കു പാസ് നല്കി. ഡീഗോ ലോപ്പസിനെ വെട്ടിച്ചുകയറിയ റോഡ്രി മനോഹരമായി പന്ത് വലയിലേക്കു പ്ലേസ് ചെയ്യുമ്പോള്‍ റയല്‍ നടുങ്ങി (1-0). തുടര്‍ന്ന് റയല്‍ പൊസഷന്‍ കൈയടക്കി. പക്ഷേ, ഗോള്‍മാത്രം വന്നില്ല. ലോങ്ങ് ബോളുകളിലൂടെ സരഗോസ പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കിയ റയലിന് ഒന്നാം പകുതിയവസാനിക്കാന്‍ മിനിറ്റുകള്‍ അവശേഷിക്കെ ക്രിസ്റ്റ്യാനോ സമനില നല്കി. പെപ്പെയുടെ നെടുനിളന് പാസ് പിടിച്ചെടുത്ത പോര്‍ച്ചുഗീസ് സ്റ്റാര്‍ സരോഗോസ ഡിഫന്സിലൂടെ തുളച്ചുകയറിയശേഷം നിലംപറ്റിയ ഷോട്ടിലൂടെ ഗോള്‍ ഷീറ്റില്ക്കയറി (1-1). ഇതോടെ സീസണില്‍ ക്രിസ്റ്റ്യാനോയുടെ ഗോളുകളുടെ എണ്ണം 28ആയി. പിന്നാലെ മൈക്കിള്‍ എസിയന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ സരോഗസ ഗോളി പറന്നു തടുത്തു. രണ്ടാംപകുതിയില്‍ റയല്‍ വിജയഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
സെല്‍റ്റയോട് ബാഴ്സയും വിയര്‍ത്തു. നട്സോ ഇന്‍സ (38-ാം മിനിറ്റ്) സെല്‍റ്റയെ മുന്നിലെത്തിച്ചു (1-0). ടെല്ലോയിലൂടെ (43) ബാഴ്സയുടെ മറുപടി (1-1). സൂപ്പര്‍ സ്റ്റാര്‍ മെസി (73) തുടര്‍ച്ചയായ പത്തൊമ്പതാം മത്സരത്തിലും ഗോള്‍ കണ്ടെത്തിയപ്പോള്‍ ടിറ്റോ വിലാനോവയുടെ കുട്ടികള്‍ക്ക് ആദ്യമായി ലീഡ് (2-1). സീസണില്‍ എല്ലാ ടീമുകള്‍ക്കെതിരേയും ഗോളെന്ന അപൂര്‍വതയും ആ നിമിഷം മെസിക്കു സ്വന്തമായി. അവസാനം ഫൈനല്‍ വിസിലിന് രണ്ടു മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ഔബിന ബാഴ്സയ്ക്ക് വിജയം നിഷേധിച്ചു (2-2).
പ്രതികരിക്കാൻ ഇവിടെ എഴുതുക: