കൊട്ടാരക്കര: ആര്‍എസ്എസ് കൊട്ടാരക്കര താലൂക്ക് കാര്യാലയമായ ഭാസ്കരദ്യുതിയുടെ ഗൃഹപ്രവേശ, പാല്കാച്ചല് ചടങ്ങുകള്‍ നാടിന് ഉത്സവമായി മാറി. കുടുംബക്ഷേത്രത്തിലെ ഉത്സവം പോലെ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള അമ്മമാരും സഹോദരിമാരും കുട്ടികളും മുതിര്‍ന്നവരും എല്ലാം ഒഴുകിയെത്തി. പലരും വര്‍ഷങ്ങളായി കാണാതിരുന്നവരെ കണ്ട് സന്തോഷം പങ്കുവെച്ചു. ചിലര്‍ ഇടക്ക് മുറിഞ്ഞ ബന്ധങ്ങള്‍ പുനഃസ്ഥാപിച്ചു. കുടുംബനാഥ ഇല്ലെന്ന കുറവ് നികത്തി നൂറുകണക്കിന് അമ്മമാര്‍ അത് ഏറ്റെടുത്തു.
വ്യാഴാഴ്ച തന്നെ വാസ്തു പൂജകള്‍ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ സമീപക്ഷേത്രങ്ങളിലും തൊട്ടടുത്ത അയ്യപ്പക്ഷേത്രത്തിലും കാവിലും പ്രത്യേക പൂജകള്‍ക്ക് ശേഷം തന്ത്രിമുഖ്യന്‍ സുബ്രഹ്മണ്യന് പോറ്റിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹാഗണപതിഹോമം നടന്നു. രാവിലെ എട്ടോടെ ഗൃഹപ്രവേശത്തിന് പങ്കുചേരാനുള്ള ആളുകള്‍ എത്തിത്തുടങ്ങി. 9.30ന് മൂത്താശാരി വെട്ടിക്കവല രാജീവ് പ്രത്യേക പൂജകള്‍ക്ക് ശേഷം അഞ്ച്തിരിയിട്ട നിലവിളക്ക് സഹസര്‍കാര്യവാഹ് കെ.സി. കണ്ണന് കൈമാറിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് പൂര്‍ണകുംഭം, പലചരക്ക് സാധനങ്ങള്‍ എന്നിവ സംഘഅധികാരികള്‍ ഏറ്റുവാങ്ങി ഗൃഹപ്രവേശത്തിലേക്ക് കടന്നു.
ഹരേരാമ ഹരേകൃഷ്ണ മന്ത്ര ജപത്തോടെ പ്രധാനവാതില്‍ വഴി അകത്ത് കടന്ന് അടുക്കളയിലും പൂജാമുറിയിലും വിളക്ക് തെളിയിച്ചതോടെ പാല്കാച്ചല് ചടങ്ങിന് തുടക്കമായി. അമ്മമാര്‍ വിളക്ക് കയ്യിലെടുത്ത് കലം അടുപ്പില്‍വച്ച് പാല് ഒഴിച്ച് അടുപ്പില്‍ തീ തെളിയിച്ചതോടെ വായ്ക്കുരവകള്‍ മുഴങ്ങി. പ്രധാന വാതിലിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ഭാസ്കരറാവുവിന്റെ ഛായാചിത്രം അഖിലഭാരതീയ കാര്യകാരി അംഗം എസ്. സേതുമാധവനും ഭാസ്കരദ്യുതി എന്ന ശിലാഫലകം അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാറും അനാച്ഛാദനം ചെയ്തു. നടുമുറ്റത്ത് സ്ഥാപിച്ചിരുന്ന തുളസിത്തറയില്‍ പ്രാന്തപ്രചാരക് പി.ആര്. ശശിധരന് തുളസിതൈ നട്ട് ദീപം തെളിയിച്ചതോടെ ഗൃഹപ്രവേശന ചടങ്ങുകള്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കെ.സി. കണ്ണന് ഉദ്ഘാടനം ചെയ്തു. താലൂക്ക് സംഘചാലക് പി.എം. രവികുമാര്‍ അധ്യക്ഷനായി. കെ.ജി. അനില്‍ സ്വാഗതവും സജികുമാര്‍ നന്ദിയും പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, സംഘടനാ ജനറല്‍ സെക്രട്ടറി കെ.ആര്. ഉമാകാന്തന്‍, ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് കെ. വേണു. സഹസേവാപ്രമുഖ് കെ. കൃഷ്ണന്‍കുട്ടി, ഗ്രാമവികാസ് പ്രമുഖ് കെ. ഗോവിന്ദന്‍കുട്ടി, ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ. വിശ്വനാഥന്, ഹിന്ദുഐക്യവേദി സഹസംഘടനാ സെക്രട്ടറി സി. ബാബുക്കുട്ടന്, പൂര്‍വസൈനിക സേവാ പരിഷത്ത് സംഘടനാ സെക്രട്ടറി കെ. സേതുമാധവന്, തപസ്യ സഹസംഘടനാ സെക്രട്ടറി എം. സതീശന്, ക്ഷേത്രസംരക്ഷണ സമിതി സംഘടനാ സെക്രട്ടറി എം.കെ. വിനോദ്, എബിവിപി പ്രാന്തപ്രമുഖ് എം. ജയകുമാര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: