ക്രൈസ്റ്റ്ചര്‍ച്ച്: നാലംഗസംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ന്യൂസിലാന്റ് ക്രിക്കറ്റര്‍ ജെസ്സി റൈഡറുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായിരുന്ന റൈഡര്‍ ബോധം വീണ്ടെടുത്തതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ബോധം വീണ്ടെടുത്ത റൈഡര്‍ കുടുംബാംഗങ്ങളുമായും അടുത്ത സുഹൃത്തുക്കളുമായും സംസാരിച്ചതായി അദ്ദേഹത്തിന്റെ മാനേജര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. റൈഡറുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ന്യൂസിലാന്റ് ക്രിക്കറ്റ് പ്ലെയേഴ്സ് അസോസിയേഷന് ചീഫ് എക്സിക്യൂട്ടീവ് ഹീത്ത് മില്‍സും വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ക്രൈസ്റ്റ്ചര്‍ച്ചിന്റെ പ്രാന്തപ്രദേശമായ മെരിവെയ്ലിലെ ഒരു ബാറിന് പുറത്തുവച്ചുണ്ടായ സംഘര്‍ഷത്തിലാണ് റൈഡര്‍ക്ക് തലയോട്ടിക്കും ശ്വാസകോശത്തിനും ഗുരുതരമായ പരിക്കേറ്റത്. അതേസമയം റൈഡറെ ആക്രമിച്ചതില്‍ പങ്കുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. നാലംഗ സംഘമാണ് റൈഡറെ ആക്രമിച്ചത്. ബാറിലെ സിസി ടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചുവെന്നും പോലീസ് പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ഒരുവര്‍ഷമായി റൈഡര്‍ സ്വയം വിട്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തിലാണ് റൈഡര്‍ അവസാനമായി ന്യൂസിലാന്റിന്വേണ്ടി കളിച്ചത്. പരിക്കേറ്റ് ചികില്‍സയിലായിരിക്കെ മദ്യപിച്ചതിന്റെ പേരില്‍ റൈഡര്‍ അച്ചടക്ക നടപടി നേരിട്ടിരുന്നു. പിന്നീട് അമിതമദ്യപാനത്തില്‍ നിന്നും ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും മുക്തി നേടുന്നതിനായി ക്രിക്കറ്റ് ബോര്‍ഡുമായുള്ള വാര്‍ഷിക കരാര്‍ റൈഡര്‍ ഉപേക്ഷിക്കുകയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ കീഴില്‍ ചികില്‍സ തേടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: