ന്യൂദല്‍ഹി: ബിഎസ്പി നേതാവ് ദീപക് ഭരദ്വാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അക്രമികള്‍ ഉപയോഗിച്ചിരുന്ന സ്കോഡ കാറും ഹരിയാനയിലെ ജിദ്ദില് നിന്നും പോലീസ് കണ്ടെത്തി. ദല്‍ഹിയിലെ സ്വന്തം ബിസിനസ് സമുച്ചയത്തില്‍ ചൊവാഴ്ച്ച രാവിലെ ഒന്‍പത് മണിയോടെയാണ് ദീപക്ക് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ട് പേര് ദീപക്കിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ദീപകിനെ വെടിവച്ച് കൊന്ന അജ്ഞാതരുടെ സിസി ടിവി ദ്യശ്യങ്ങള്‍ ദല്‍ഹി പോലീസ് പുറത്തുവിട്ടിരുന്നു. ഹബ്ബില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദ്യശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. തോക്ക് ചൂണ്ടി സുരക്ഷാ ഗര്ഡിനെ ഭീഷണിപ്പെടുത്തി ഫാംഹൗസിന്റെ ഗേറ്റ് തുറന്ന് സ്ക്കോഡ കാറില്‍ ആക്രമികള്‍ രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങള്‍. അക്രമികള്‍ ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തുന്നതിനായി ഹരിയാന പോലീസിന്റെ സഹായത്തോടെ അന്വേഷണോദ്യോഗസ്ഥര്‍ പ്രത്യേക ലൈസന്‍സും മറ്റും തയ്യാറാക്കിയിരുന്നു. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ദീപക്കിന് ശത്രുക്കള്‍ ഉണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നും സംശയമുണ്ട്.
ദീപക്കിനെ ആക്രമിക്കാന്‍ പറ്റിയസമയം അറിയിക്കാനായി അക്രമികള്‍ ഫാംഹൗസില്തന്നെയുള്ള ഒരാളെ ചുമതലപ്പെടുത്തിയിരുന്നതായും പോലീസിന് സൂചന ലഭിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്.
ഹരിയാനയിലെ കരാര്‍ അടിസ്ഥാനത്തിലുള്ള ആക്രമികള്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി പോലിസ് സംശയിക്കുന്നു. 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വ്യവസായിയായ ദീപക് ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. 614 കോടിയോളം രൂപയുടെ ആസ്തിയുണ്ടെന്ന് അന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അതിസമ്പന്നനായ ദീപക് ഭരദ്വാജിന്റെ മരണം ഏറെ ഊഹാപോഹങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. അതീവ സുരക്ഷാസംവിധാനങ്ങളുള്ള അദ്ദേഹത്തിന്റെ ബിസിനസ് സമുച്ചയത്തിലേക്ക് കടന്നുകയറി വെടിവച്ചത് അക്രമികള്‍ നിസ്സാരക്കാരല്ല എന്ന സൂചനയാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: