കൊല്ലം: കോര്പ്പറേഷന് ബജറ്റ് ചര്‍ച്ച ഭരണ പ്രതിപക്ഷാംഗങ്ങളുടെ രാഷ്ട്രീയ വിഷയങ്ങള്‍ക്കും വാതായനം തുറന്നു. ബജറ്റിനെ അഭിനന്ദിച്ചുകൊണ്ട് ഭരണപക്ഷ അംഗങ്ങള്‍ സംസാരിച്ചപ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ കാണാതെ പോയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നഗരസഭാ ഭരണത്തിന് തുടക്കം കുറിച്ച കോണ്‍ഗ്രസ് പ്രമുഖന്മാരെ പേരെടുത്ത് പരാമര്‍ശിച്ചുകൊണ്ടാണ് പ്രതിപക്ഷം ബജറ്റിനെ കുറ്റപ്പെടുത്തി കത്തിക്കയറിയത്.
ഡെപ്യൂട്ടി മേയര്‍ ജി. ലാലു അവതരിപ്പിച്ച ബജറ്റിനെ അഭിനന്ദിച്ചുകൊണ്ട് സിപിഎമ്മിലെ എസ്. ജയനാണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. പന്ത്രണ്ടുവര്‍ഷം കൊണ്ട് നഗരത്തിന്റെ മുഖച്ഛായ മാറ്റുവാന്‍ എല്‍ഡിഎഫ് ഭരണത്തിന് കഴിഞ്ഞതായും അതേസമയം കോര്പ്പറേഷന് അര്‍ഹമായ സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന് ജയന് പറഞ്ഞു. തീരദേശ റോഡുകള്‍ സഞ്ചാരയോഗ്യമാക്കാനും വൈദ്യുതിക്ക് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്താനും മഴവെള്ള സംഭരണം ഫലപ്രദമായി നടപ്പാക്കാനും കൂടുതല്‍ ശ്രദ്ധ ഉണ്ടാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. മാലിന്യ സംസ്കരണം ഉറവിടത്തില്‍ തന്നെ നടപ്പാക്കാന്‍ ബയോഗ്യാസ് പ്ലാന്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് വര്‍ഷങ്ങളായുള്ള കുരീപ്പുഴവാസികളുടെ ആശങ്ക ഇതിലൂടെ അകറ്റണമെന്നും അദ്ദേഹം പറഞ്ഞു. എഡിബി വായ്പയായി കൊല്ലത്തിന് ലഭിച്ച തുകയില്‍ 52ശതമാനം മാത്രമേ ചിലവാക്കിയിട്ടുള്ളുവെന്ന് കോണ്‍ഗ്രസിലെ ശ്രീകുമാര്‍ സഭയുടെ ശ്രദ്ധയില്‍പെടുത്തി. പീരങ്കി മൈതാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചണ്ടിഡിപ്പോ ആ ഭൂമിയുടെ സ്വാതന്ത്ര്യസമര ചരിത്രത്തെ അധിക്ഷേപിക്കുന്നതാണെന്നും എത്രയും വേഗം ഇത് പരിഹരിക്കണമെന്നും ശ്രീകുമാര്‍ ആവശ്യപ്പെട്ടു. ശുദ്ധജല ലഭ്യതയ്ക്കായി സ്വകാര്യവ്യക്തികളുടെ പക്കലുള്ള 40 കുളങ്ങള്‍ നികത്തപ്പെടാതെ സംരക്ഷിക്കാന്‍ കോര്പ്പറേഷന് ഇടപെടണമെന്ന് പറഞ്ഞ അദ്ദേഹം എംജി പാര്‍ക്കില്‍ കരാര്‍ ലംഘിച്ച് കരാറുകാരന് അഞ്ചുകടകള്‍ വാടകയ്ക്ക് നല്കി ലാഭം കൊയ്യുകയാണെന്നും ചൂണ്ടിക്കാട്ടി.
താന്നിയുടെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താനായി പ്രസിഡന്റ്സ് ട്രോഫി വള്ളംകളി അങ്ങോട്ടാക്കണമെന്ന് ആര്‍എസ്പിയിലെ എന്‍. നൗഷാദ് ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്റെ നിയന്ത്രണത്തില്‍ ബ്ലഡ്ബാങ്ക് തുടങ്ങണമെന്നും ലഘുചിത്ര നിര്‍മ്മാണ ധനസഹായ പദ്ധതി അന്തരിച്ച നടി സുകുമാരിയുടെ പേരിലാക്കണമെന്നും നൗഷാദ് കൂട്ടിച്ചേര്‍ത്തു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് രൂപ മെയ്യനങ്ങാതെ തുലയ്ക്കുന്ന സമീപനമാണ് കോര്‍പ്പറേഷന്റേതെന്ന് പ്രതിപക്ഷാംഗം ഉദയാ സുകുമാരന്‍ വിശദീകരിച്ചു. ജനത്തെ നോവിക്കാതെ സ്ഥായിയായ വികസനം കൊണ്ടുവരണമെന്നും ഫയലില്‍ ഉറങ്ങുന്ന നൂറുകണക്കിന് പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ശുചീകരണത്തിന് ബജറ്റില്‍ പുല്ലുവിലയാണെന്നും പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ബജറ്റിനെ അംഗീകരിക്കാനാകില്ലെന്നും ഉദയാ സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് സംസാരിച്ച് കോണ്‍ഗ്രസ് അംഗം ശാന്തിനി ശുഭദേവന് നിരവധി വിദ്യാര്‍ത്ഥികളുടെ സംഗമസ്ഥാനമായ കോളേജ് ജംഗ്ഷന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി ബജറ്റില്‍ യാതൊന്നും പ്രതിപാദിക്കാത്തതില്‍ അമര്‍ഷം രേഖപ്പെടുത്തി. മുണ്ടയ്ക്കല്‍ നിവാസികള്‍ക്കായി പദ്ധതി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പ്രൊഫ.എസ്. സുലഭ, പി.കെ. ലക്ഷ്മിക്കുട്ടി, പ്രേം ഉഷാര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: