ന്യൂഡല്‍ഹി: ബി.എസ്.പി. നേതാവ് ദീപക് ഭരദ്വാജിനെ (62) വെടിവെച്ച് കൊന്ന കേസില്‍ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹിയിലെ സ്വന്തം ബിസിനസ് സമുച്ചയത്തിലാണ് ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ ദീപക് ഭരദ്വാജ് കൊല്ലപ്പെട്ടത്. അതിസുരക്ഷയുള്ള ബിസിനസ് സമുച്ചയത്തിനുള്ളിലേക്ക് കാറോടിച്ച് കയറിയാണ് കൊലനടത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ ഒമ്പതോടെ ഡല്‍ഹി ഗുഡ്ഗാവ് അതിര്‍ത്തിയില്‍ ദേശീയപാത എട്ടിനു സമീപം ദീപകിന്റെ ഉടമസ്ഥതയിലുള്ള രാജോക്രിയിലെ ഫാംഹൗസിലാണ് വെടിവയ്പുണ്ടായത്. വെടിവെയ്പ്പില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിരുന്നു. നിതീഷ് കുഞ്ചിലെ വിരുന്നുശാല ബുക്ക് ചെയ്യാനെത്തിയവരാണ് ആക്രമണം നടത്തിയത്. ചാരനിറത്തിലുള്ള സ്കോഡ കാറില്‍ വന്ന മൂന്നംഗസംഘം വാക്കേറ്റത്തെത്തുടര്‍ന്ന് ഭരദ്വാജിനു നേരെ മൂന്നുതവണ വെടിയുതിര്‍ത്തതായി പറയുന്നു. ഭരദ്വാജിനെ ഉടന്‍തന്നെ സമീപത്തെ ആര്‍മി റിസര്‍ച്ച് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മദ്യരാജാവ് പോണ്ടി ഛദ്ദയും സഹോദരനും ഡല്‍ഹി ഫാംഹൗസില്‍ വെടിയേറ്റുമരിച്ച് അഞ്ചുമാസം തികയുംമുമ്പാണ് നഗരത്തില്‍ മറ്റൊരു വന്‍ ബിസിനസ്സുകാരന്കൂടി കൊല്ലപ്പെടുന്നത്. പോണ്ടി ഛദ്ദയെപ്പോലെ ബി.എസ്.പി. നേതാവ് മായാവതിയുമായി അടുപ്പമുള്ള വന്കിടബിസിനസ്സുകാരനായിരുന്നു ഭരദ്വാജും.
2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.എസ്.പി. ടിക്കറ്റില്‍ മത്സരിക്കവെ 600 കോടിയിലേറെ സ്വത്തുണ്ടെന്ന് വെളിപ്പെടുത്തിയ ഭരദ്വാജായിരുന്നു രാജ്യത്തെ സ്ഥാനാര്‍ഥികള്‍ക്കിടയിലെ ഏറ്റവും സമ്പന്നന്.കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഡല്‍ഹി പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. ദീപകിനെ വെടിവെച്ച ശേഷം രക്ഷപ്പെടുന്നതാണ് 27 സെക്കന്റുള്ള ദൃശ്യങ്ങളില്‍ തെളിഞ്ഞത്.
ഫാംഹൗസില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയിലെ ദൃശ്യങ്ങളെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിന്റെ ഫലമായിട്ടാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: